കാൾസ്റൂയെ: ജർമ്മനിയിലെ പ്രമുഖ കത്തോലിക്കാ അതിരൂപതയായ ഫ്രൈബുർഗിൽ അൽമായ തിയോളജിയൻ പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി. ജർമ്മൻ കത്തോലിക്കാ സഭയിൽ അൽമയർക്കുള്ള ഈ ഉന്നത അജപാലന-ഭരണ ചുമതലയിലെത്തുന്ന ആദ്യ മലയാളിയാണ് കൊല്ലം രൂപതയിലെ പടപ്പക്കര ഇടവകാംഗമായ പയസ്.

2012-ൽ കുടുംബത്തോടൊപ്പം ഇറ്റലിയിൽ നിന്ന് ജർമ്മനിയിലേക്ക് കുടിയേറിയ പയസ്, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫ്രൈബുർഗ് അതിരൂപതയിലെ വിവിധ ഇടവകകളിൽ മികച്ച രീതിയിൽ അജപാലന സേവനം ചെയ്തുവരികയായിരുന്നു. ഈ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സഭാ നേതൃത്വം ഇപ്പോൾ ഇദ്ദേഹത്തെ പുതിയ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഭാര്യ സബി ക്രിസ്റ്റൽ നഴ്സും, മക്കളായ തെരേസ്, ഫ്രാൻസിസ്കോ, ബാർബര എന്നിവരിൽ തെരെസ് ഇടവകിലെ അൾത്താര ബാലകരുടെ ലീഡർ ആണ്. ഇടവകയുടെ എല്ലാ ആവശ്യങ്ങളിലും ഇവരെല്ലാവരും കുടുംബസമേതമാണ് പങ്കെടുക്കുക.
2026 ജൂലൈ 11, ശനിയാഴ്ച കൽസ്റൂഹെയിലെ സെന്റ് ജോഡോകസ് ദേവാലയത്തിൽ വച്ച് നടക്കുന്ന നിയമന തിരുക്കർമ്മത്തിൽ ഫ്രൈബർഗ് അതിരൂപതയുടെ സഹായ മെത്രാൻ ഡോ. പീറ്റർ ബിർഖോഫറിന്റെ മുഖ്യകാർമികത്വം വഹിച്ചു. “സ്നേഹത്തിൽ സ്വീകരിക്കപ്പെട്ടവർ – ധൈര്യത്തോടെ മുന്നോട്ട്” എന്ന മുദ്രാവാക്യവും, “എന്റെ കൃപ നിനക്കു മതിയാകുന്നു; എന്റെ ശക്തി ബലഹീനതയിലാണ് പൂർണത പ്രാപിക്കുന്നത്.” (2 കൊരിന്ത്യർ 12:9) എന്ന വചനവുമാണ് പയസ് തന്റെ ശുശ്രൂഷക്ക് സ്വീകരിച്ചിരിക്കുന്നത്.
ഫ്രൈബുർഗ് അതിരൂപതയിൽ ഈ വർഷം എട്ട് അർത്ഥികൾ ഔദ്യോഗികമായി ഈ ശുശ്രൂഷ പദവി സ്വീകരിക്കുമ്പോൾ പയസ് ഒഴികെ മറ്റെല്ലാവരും ജർമ്മൻ സ്വദേശികളാണ്.
വൈദികർക്ക് പുറമെ, ദൈവശാസ്ത്രത്തിൽ ഉന്നതവിദ്യാഭ്യാസവും സഭയുടെ പ്രത്യേക പരിശീലനവും നേടിയ അൽമായരെയാണ് രൂപതകൾ ഈ പദവിയിലേക്ക് നിയോഗിക്കുന്നത്. ഇടവകകളുടെയും ആത്മീയ കൂട്ടായ്മകളുടെയും ഏകോപനം, വിശ്വാസ പരിശീലനം, വചനപ്രഘോഷണം, രോഗീസന്ദർശനം, ശവസംസ്കാര ശുശ്രൂഷകൾ, കൗൺസിലിംഗ് എന്നിവ ഉൾപ്പെടെ സഭയുടെ സുപ്രധാനമായ ആത്മീയ-ഭരണപരമായ ചുമതലകളാണ് ഇവർ നിർവ്വഹിക്കുന്നത്. പൗരോഹ്യത്യത്തിലേക്കുള്ള ദൈവവിളി തീരെ കുറഞ്ഞ ഈ കാലഘട്ടത്തിൽ ജർമ്മൻ കത്തോലിക്ക സഭയിൽ അൽമായ തിയോളജിയൻസ് ആണ് ഇടവകകളുടെ ചാലക ശക്തിയായി പ്രവർത്തിക്കുന്നത്.
കൊല്ലം-പടപ്പക്കര സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പയസ്, കേരള സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും റോമിലെ പ്രശസ്ത ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ജർമ്മനിയിലെ വ്യൂർസ്ബുർഗ് സർവകലാശാലയിൽ നിന്ന് മതപഠനത്തിൽ ഡിപ്ലോമയും നേടി.
ഇംഗ്ലീഷ്ന് പുറമെ ഇറ്റാലിയൻ-ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള പയസിന്റെ സേവനം കുടിയേറ്റകരുടെ നാടായി മാറിയ ജർമ്മനിയിൽ വിലപ്പെട്ടതായാണ് സഭാവൃത്തങ്ങൾ കാണുന്നത്. വിദേശമണ്ണിൽ സഭയുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന പയസ് തെരുവത്തിന്റെ പുതിയ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് ജർമ്മനിയിലെ മലയാളി സമൂഹവും വീക്ഷിക്കുന്നത്.

കൊല്ലം-പടപ്പക്കര സ്വദേശികളായ പരേതരായ തെരുവത്ത് കുഞ്ഞച്ചൻ ജോസഫ് – ബാർബര ദമ്പതികളുടെ പത്തു മക്കളിൽ ഏറ്റവും ഇളയവനാണ് പയസ്. മഞ്ഞുമ്മൽ കർമ്മലിത്ത സഭാംഗമായ ഫാ. പ്രസാദ് തെരുവത്ത് OCD പയസിന്റെ സഹോദരനും, സി.വിജയ MSST (അധ്യാപിക-കൊല്ലം), സി. വിജി MSST (നഴ്സ്-ജർമ്മനി), സി.വിൻസി MSST (ജനറൽ കൗൺസിലർ-കൊല്ലം) എന്നിവർ സഹോദരിമാരുമാണ്. അങ്ങനെ ഒരു കുടുംബത്തിൽ നിന്ന് സഭാ ശുശ്രൂഷക്ക് സമർപ്പിക്കപ്പെടുന്ന അഞ്ചാമത്തെ ആളാണ് പയസ്.

