കോട്ടയം : പ്രശസ്ത ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77) അന്തരിച്ചു.’തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന പ്രസിദ്ധമായ ഗാനം ഉള്‍പ്പെടെ തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
വിൻസെൻഷ്യൻ സന്യാസ സമൂഹത്തിലെ സെൻ്റ് ജോസഫ് പ്രോവിൻസ് അംഗമാണ്.‘നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളെ’ എന്ന ഗാനവുമായിട്ടാണ് വിന്‍സെഷ്യന്‍ സഭാംഗമായ ഫാ. പനച്ചിക്കല്‍ ഭക്തിഗാന രംഗത്തേക്കു പ്രവേശിച്ചത്. 1974ല്‍ പൗരോഹിത്യം സ്വീകരിച്ചതിനുശേഷം പോപ്പുലര്‍ മിഷന് ധ്യാനങ്ങള്‍ക്കുവേണ്ടിയാണ് അച്ചന് നിയോഗിക്കപ്പെട്ടത്. ധ്യാനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്കുവേണ്ടിയാണ് 1974-ല്‍ ഈ ഗാനമെഴുതിയത്.അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.

