അപരന്റെ ആത്മരക്ഷയ്ക്ക് വേണ്ടി ആത്മത്യാഗം ചെയ്ത ക്രിസ്തുനാഥന്റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സാഘോഷം കൊണ്ടാടി. വർഷങ്ങളായി മനോഹരമായ പന്തൽ ദേവാലയ മുറ്റത്ത് നിർമ്മിച്ച് ആ പന്തലിലൂടെ ദിവ്യകാരുണ്യ നാഥന്റെ പരസ്നേഹം മാനവ മനസ്സിൻ്റെ ആഴങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം ബോൾഗാട്ടി ഇടവകയുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അറിവിൻ്റെ അഗ്നി പകർന്നു നൽകുവാൻ ഉതകുന്ന രീതിയിൽ മിഷൻ വീക്ഷണം ആസ്പദമാക്കിയുള്ള പന്തലാണ് ഈ വർഷം നിർമ്മിച്ചത്. ഇതിനായി വിവിധ വർണങ്ങളിലുള്ള 5000 പേനകൾ കൊണ്ട് പന്തലിന്റെ മേൽക്കൂര വർണ്ണാഭമാക്കി. അലങ്കരിക്കാൻ ഉപയോഗിച്ച പേനകളും ദിവ്യകാരുണ്യ നാഥനോടുള്ള സ്നേഹവായ്പായി ലഭിച്ച പഠനോപകരണങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മിഷൻ മേഖലകളിലേക്ക് നൽകും. പന്തലിന്റെ ഇരുവശവും കരിക്കിൻ കുലകളും വാഴക്കുലകളും വിവിധയിനം പച്ചക്കറികളും ഫലവർഗ്ഗങ്ങളും കൊണ്ട് ആകർഷകമാക്കി. പന്തലിന്റെ മുകൾഭാഗത്ത് വശങ്ങളിൽ വിവിധ വർണ്ണങ്ങൾ ഉള്ള തുണികൾ കൊണ്ട് നിറച്ചാർത്തേകി. 200 അടി നീളത്തിൽ പത്ത് പഗോഡകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ മനോഹര പന്തലിലൂടെ പന്തലിലൂടെ ബോൾഗാട്ടി ഇടവകയുടെ വികാരി ഫാ. ജോൺ ക്രിസ്റ്റഫർ വടശ്ശേരി ദിവ്യകാരുണ്യ നാഥനെ ആനയിച്ചപ്പോൾ അപ്പത്തിന്റെ രൂപത്തിൽ അരികിലേക്ക് എത്തുന്ന ആത്മനാഥനെ അനുഭവിക്കാൻ വിശ്വാസികളെല്ലാം പന്തലിന്റെ ഇരുവശത്തും അണിനിരന്നു.
രാവിലെ ഏഴിന് നടന്ന ദിവ്യബലിക്ക് ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ് മുഖ്യകാർമികനായി, ഫാ. ആൻ്റസ് പുത്തൻവീട്ടിൽ വചന സന്ദേശം നൽകി, ഫാദർ സണ്ണി ജെയിംസ് സഹകാർമികനായിരുന്നു.ജോസഫ് സിമേന്തിയുടെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയും ബിസിസി കേന്ദ്ര നിർവാഹക സമിതിയും വിശ്വാസികളും ചേർന്നാണ് തിരുനാളിന് നേതൃത്വം നൽകിയത്.

