കൊച്ചി : കൊച്ചി രൂപതയുടെ 2026-2027 വിശ്വാസപരിശീലന പ്രവർത്തനവർഷത്തിന് തുടക്കമായി. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രത്യേക വർഷത്തോടനുബന്ധിച്ച് വിവിധ ആത്മീയ-പരിസ്ഥിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് രൂപതയിലെ മുഴുവൻ സൺഡേ സ്കൂൾ ഡയറക്ടർമാരും വിശ്വാസപരിശീലകരും ഒത്തുചേർന്നാണ് പ്രവർത്തനവർഷത്തെ ഉദ്ഘാടനം സംഘടിപ്പിച്ചത്. രൂപത വികാരി മോൺ. ജോസി കണ്ടനാട്ടുതറ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു. ദീപം തെളിയിച്ചും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചും പരിപാടികൾക്ക് തുടക്കമായി.

രൂപത-സംസ്ഥാന സ്കോളർഷിപ്പ് പരീക്ഷ വിജയികൾക്കും കയ്യെഴുത്ത് മാഗസിൻ വിജയികൾക്കും ക്യാഷ് അവാർഡുകളും മൊമന്റോയും വിതരണം ചെയ്തു.വിശ്വാസ പരിശീലന കമ്മീഷൻ കൊച്ചി രൂപതാ ഡയറക്ടർ ഫാ. മാത്യു പുതിയാത്ത്, അസി. ഡയറക്ടർ ഫാ. ജോസ് പോൾ ചക്കാലക്കൽ, കൊച്ചി രൂപത പ്രൊക്യുറേറ്റർ ഫാ. പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, അഡ്വ. വി. ജെ. ജോസഫ്, സിസ്റ്റർ ഷാലി, മോളി മൈക്കിൾ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. കൊച്ചി രൂപതാ മീഡിയ ഡയറക്ടർ ഫാ. പ്രിൻസ് മാളിയേക്കൽ, ഫാ. ജോഷി മയ്യാറ്റിൽ, ഫാ. സാബു തോമസ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു.കൊച്ചി രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ലോബോ വചനപ്രഘോഷണം നിർവഹിച്ചു.ഈ അധ്യയന വർഷത്തിൽ സൺഡേ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രൂപതയിലെ വൈദികർക്കായി പ്രത്യേകമായി പ്രാർത്ഥിച്ചുകൊണ്ട് ആത്മീയ യാത്ര നടത്തും. വിശുദ്ധ മത്തായിയുടെ സുവിശേഷം കൈയെഴുത്തായി തയ്യാറാക്കി ഡിസംബർ മാസത്തിൽ പൂർത്തിയാക്കി പുൽക്കൂട്ടിൽ സമർപ്പിക്കുകയും, യോഹന്നാന്റെ സുവിശേഷം പാടി പ്രഘോഷിക്കുകയും ചെയ്യും.

കൂടാതെ വീടുകളിലും ഇടവകകളിലും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ സൺഡേ സ്കൂളുകളിൽ നടപ്പാക്കുമെന്നും കെ.ആർ.എൽ.സി.ബി.സി. ക്യാറ്റക്കെറ്റിക്കൽ കമ്മീഷൻ സെക്രട്ടറിയും രൂപതാ ഡയറക്ടറുമായ ഫാ. മാത്യു പുതിയാത്തും അസി. ഡയറക്ടർ ഫാ. ജോസ് പോൾ ചക്കാലക്കലും സെക്രട്ടറി മേഴ്സി ജോർജും അറിയിച്ചു.

