തൃശൂർ: ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ (പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 23നും 24നും ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് തീരുമാനം.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ജില്ലയിലെ താപനില 40° സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്.

