ബിജോ സില്‍വേരി
ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്‍പ്പുകളാണ് മറ്റു മതവിഭാഗക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര് രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള്‍ അപ്പോഴും തുടര്‍ന്നു. ഇസ്ലാം മതവിശ്വാസികളില്‍ നിന്നും യഹൂദരില്‍ നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്‍ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലെ രാജാക്കന്മാരും കത്തോലിക്കസഭയുമായി തുറന്ന ഏറ്റുമുട്ടലുകള്‍ തന്നെ ഉണ്ടായി. റോമില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി.
പാപ്പ തങ്ങളുടെ നാട്ടുകാരനല്ലാത്തതിനാല് പാപ്പായുടെ അവകാശങ്ങള്‍ പല രാജ്യങ്ങളും ചോദ്യം ചെയ്തു. പാപ്പ മറ്റൊരു രാഷ്ട്രത്തെ സഹായിക്കുകയാണെന്ന സംശയം മൂലം സഭയ്ക്കുള്ള പിരിവുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനമുണ്ടായി. പാപ്പാ നിയമിക്കുന്ന മെത്രാന്മാരെ അംഗീകരിക്കാതിരിക്കുന്ന പ്രവണതയും വളര്‍ന്നു.
1309 മുതല്‍ 1376 വരെ പാപ്പാമാരുടെ ആസ്ഥാനം ഫ്രാന്‍സില്‍ റോണ്‍ നദീതീരത്തുള്ള അവിഞ്ഞോണായിരുന്നു. പാപ്പമാര്‍ റോമിന് പകരം ഫ്രാന്‍സിലെ അവിഞ്ഞോണില്‍ കേന്ദ്രീകരിച്ച് സഭയെ ഭരിച്ച 67 വര്‍ഷത്തെ കാലഘട്ടമാണ് അവിഞ്ഞോണ് പ്രവാസം (Avignon Papacy) എന്നറിയപ്പെടുന്നത്. ബാബിലോണ്‍ പ്രവാസത്തോട് ഉപമിക്കപ്പെടുന്ന ഈ കാലയളവില്‍, പാപ്പമാര്‍ ഫ്രഞ്ച് രാജാക്കന്മാരുടെ വലിയ സ്വാധീനത്തിലായിരുന്നു.
ഇറ്റലിയിലേയും റോമിലേയും അരക്ഷിതാവസ്ഥയാണ് പാപ്പാമാരുടെ അവിഞ്ഞോണ് പ്രവാസത്തിന്റെ പ്രധാനകാരണം. 1305-ല്‍ ബോര്‍ഡോയിലെ ആര്ച്ചുബിഷപ്പായിരിക്കുമ്പോഴാണ് ക്ളെമന്റ് അഞ്ചാമന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
അനാരോഗ്യവും ഫ്രാന്‍സിലെ ഫിലിപ്പ് നാലാമനുമായുള്ള ഇടപാടുകളുംമൂലം അദ്ദേഹത്തിന് ഉടനെ റോമിലേയ്ക്കു പോകുവാന്‍ സാധിച്ചില്ല. 1309-ല്‍ അവിഞ്ഞോണ് സന്ദര്‍ശിച്ച അദ്ദേഹം ഡൊമിനിക്കന്‍ സന്ന്യാസികളുടെ അതിഥിയായി മരണംവരെ അവിടെ കഴിഞ്ഞു. തുടര്‍ന്നുവന്ന ജോണ്‍ 22-ാമന്‍ അവിഞ്ഞോണിലെ മെത്രാനായിരുന്നു. രാജാവുമായുള്ള ഉരസലുകള്‍ ഏറ്റം സുരക്ഷിതമായ സ്ഥലത്തു വസിക്കാന്‍ അദ്ദേഹത്തെയും പ്രേരിപ്പിച്ചു. ഇതിനിടെ ഇറ്റാലിയില്‍ ആഭ്യന്തര യുദ്ധങ്ങള്‍ രൂക്ഷമായി. റോമിലേയ്ക്കു സുരക്ഷിതമായി വരികയും താമസിക്കുകയും അത്ര എളുപ്പമായിരുന്നില്ല. 1348-ല്‍ അവിഞ്ഞോണ് വിലയ്ക്കുവാങ്ങി അവിടെ പാപ്പമാര്‍ക്ക് ഒരു അരമന പണിതു.
പ്രവാസകാലത്ത് ഏഴു പാപ്പമാരാണ് ഉണ്ടായിരുന്നത്. റോമിലേയ്ക്കു പാപ്പയ്ക്ക് തിരിച്ചുവരാന്വേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഭ കരുതലോടെ കാത്തിരുന്നു. 1334-വരെ ഇറ്റലിയില്‍ യുദ്ധം തുടര്‍ന്നു. 1350-നു ശേഷം, തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുതിയ ശ്രമങ്ങളുണ്ടായി. 1367-ല്‍ ഊര്‍ബന്‍ അഞ്ചാമന് (1362 1370) റോമിലേക്ക് തിരിച്ചുപോയെങ്കിലും താമസിയാതെ മടങ്ങിപ്പോരേണ്ടി വന്നു.
സീയന്നായിലെ വിശുദ്ധ കാതറീന് അടക്കമുള്ള പ്രമുഖര്‍ അന്നത്തെ പാപ്പയായിരുന്ന ഗ്രിഗറി പതിനൊന്നാമനോട് റോമിലേക്ക് തിരിച്ചുപോകാന്‍ അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. ജനീവായിലെ കര്‍ദ്ദിനാള്‍ റോബര്‍ട്ടിനെ ഒരു സൈന്യത്തോടുകൂടി കരവഴി അയച്ചശേഷം ഗ്രിഗറി പാപ്പ ജനോവയില്നിന്നു ജലമാര്‍ഗ്ഗം പുറപ്പെട്ട് 1377 ജനുവരിയോടുകൂടി വത്തിക്കാനിലെത്തി. ആക്രമണങ്ങളെയെല്ലാം പേപ്പല്സൈന്യം പരാജയപ്പെടുത്തി. പക്ഷേ, പൂര്‍ണ്ണസമാധാനം സ്ഥാപിക്കുന്നതിനു മുമ്പ് ഗ്രിഗറി പാപ്പ മരണമടഞ്ഞു.
ഭരണാധികാരികളും പാപ്പമാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍:
ചരിത്രത്തില്‍ നിന്ന്
മധ്യകാലഘട്ടത്തിലെ അധികാര വടംവലികള്‍ (11 – 14 നൂറ്റാണ്ടുകള്‍)
ഹെന്റി നാലാമനും ഗ്രിഗറി ഏഴാമന് പാപ്പയും (1075 – 1122): ബിഷപ്പുമാരെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്ന് ഹെന്റി നാലാമന് വാദിച്ചപ്പോള്‍, അത് സഭയുടെ മാത്രം അധികാരമാണെന്ന് ഗ്രിഗറി ഏഴാമന് പാപ്പ വ്യക്തമാക്കി. ഇത് വലിയ തര്‍ക്കത്തിന് വഴിതെളിച്ചു.
ഫ്രാന്‍സിലെ ഫിലിപ്പ് നാലാമനും ബോണിഫസ് എട്ടാമന് പാപ്പയും (1296 – 1303): യുദ്ധം നയിക്കാന്‍ സഭയുടെ മേല്‍ നികുതി ചുമത്താന്‍ രാജാവ് ശ്രമിച്ചത് പാപ്പയുമായി വലിയ പോരാട്ടത്തിന് കാരണമായി.
നവീകരണ കാലഘട്ടം (16ാം നൂറ്റാണ്ട്)
ഹെന്റി എട്ടാമനും ക്ലെമന്റ് ഏഴാമന് പാപ്പയും (1527 – 1534): തന്റെ വിവാഹബന്ധം വേര്‍പെടുത്താന്‍ പാപ്പ അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് ഹെന്റി എട്ടാമന് റോമുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ഇംഗ്ലണ്ട് സഭ (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്) സ്ഥാപിക്കുകയും ചെയ്തു.
മാര്ട്ടിന് ലൂതറും ലെയോ പത്താമന്‍ പാപ്പയും (1517 – 1521): സഭയിലെ ആചാരങ്ങളെ ലൂതര്‍ വിമര്‍ശിച്ചത് പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് കാരണമാവുകയും പാശ്ചാത്യ ക്രിസ്തുമതം വിഭജിക്കപ്പെടുകയും ചെയ്തു.
ആധുനിക കാലഘട്ടം (19 – 20 നൂറ്റാണ്ടുകള്‍)
നെപ്പോളിയന് ബോണപ്പാര്‍ട്ടും പയസ് ഏഴാമന് പാപ്പയും (1801 – 1814): സഭയെ തന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ച നെപ്പോളിയന്, പയസ് ഏഴാമന് പാപ്പയെ തടവിലാക്കി.
ഹിറ്റ്ലറും പയസ് പതിനൊന്നാമന്‍ പാപ്പയും (1933 – 1939): നാസി പ്രത്യയശാസ്ത്രത്തെ സഭ അപലപിച്ചപ്പോള്‍, നാസി ഭരണകൂടം കത്തോലിക്കാ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുകയും വൈദികരെ പീഡിപ്പിക്കുകയും ചെയ്തു.
സമകാലിക തര്‍ക്കങ്ങള്‍ (21ാം നൂറ്റാണ്ട്)
ഡൊണാള്‍ഡ് ട്രംപും ഫ്രാന്‍സിസ് പാപ്പയും: കുടിയേറ്റ നയങ്ങളെയും അതിര്‍ത്തി മതിലുകളെയും ചൊല്ലിയുള്ള തര്‍ക്കങ്ങള്‍.

