കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ച പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്. കാഞ്ഞിരപ്പള്ളി മെത്രാനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന്റെ നടപടി അത്യന്തം പ്രതിഷേധാർഹവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു.
രാഷ്ട്രീയ പ്രവർത്തനം ആർക്കുമെതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല. സഭയുടെ ഉടമസ്ഥാവകാശം പി.സി. ജോർജിന് ആരും ഏൽപ്പിച്ചു കൊടുത്തിട്ടില്ല. സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കുമായി അവസരവാദപരമായി സഭയെ താറടിച്ചു കാണിക്കുന്ന ശൈലി പി.സി. ജോർജ് അവസാനിപ്പിക്കണം. പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് തന്നെ കളങ്കവും അപമാനവുമാണ്.വാസ്തവവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ പിൻവലിച്ച് മാപ്പു പറയാൻ പി.സി. ജോർജ് തയാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി മുന്നറിയിപ്പ് നൽകി.
മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും പി.സി. ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ പി.സി. ജോർജ് ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വ്യാജമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കത്തോലിക്കാ കോൺഗ്രസ്.

