കൊടുങ്ങല്ലൂർ: ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ വിശുദ്ധ വാര ദിവസങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിശ്വാസാചരണ സ്വാതന്ത്ര്യത്തെയും മതപരമായ അവകാശങ്ങളെയും അവഗണിക്കുന്ന ഈ നടപടി അതീവ പ്രതിഷേധാർഹമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ഞായർ എന്നിവ ഉൾപ്പെടുന്ന വിശുദ്ധ വാരം ക്രൈസ്തവരുടെ വിശ്വാസജീവിതത്തിൽ അതീവ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും, ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് ദേവാലയ ശുശ്രൂഷകളിലും ആരാധനാനുഷ്ഠാനങ്ങളിലും പങ്കെടുക്കുന്നത് അടിസ്ഥാന മതാവകാശത്തിന്റെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇത്തരമൊരു സമയത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത് മതസ്വാതന്ത്ര്യത്തിന് മേലുള്ള ഇടപെടലായും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായും സമിതി ആരോപിച്ചു.ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ക്രൈസ്തവർക്കായി യുക്തമായ ഇളവ് അനുവദിക്കണമെന്നും, വിശുദ്ധ വാര ദിനങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്ന തരത്തിൽ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നും കെ.എൽ.സി.എ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനാധിപത്യ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളുപാടത്ത്, സംസ്ഥാന സാമൂഹിക സമിതി കൺവീനർ ഇ.ഡി. ഫ്രാൻസിസ്, ജോൺസൺ മങ്കുഴി, കൊച്ചുത്രേസ്യാ ഫ്രാൻസീസ്, ജോസഫ് കോട്ടപ്പറമ്പിൽ, സാബു കാച്ചപ്പള്ളി, പോൾസൺ ചക്കാലക്കൽ, ജിനി ജെയ്സൺ, ടോമി തൗണ്ടശേരി, ഡഗ്ലസ് ആന്റെണി എന്നിവർ പ്രസംഗിച്ചു.

