ജെക്കോബി
പത്തു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ് 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ വരെ നിലവാരമുള്ള ഹോട്ടലുകളിലെ 730 ബാറുകള്‍ അക്കൊല്ലം അടച്ചുപൂട്ടി. സര്‍ക്കാരിന്റെ ബെവറിജസ് കോര്പറേഷന് വക ചില്ലറ വില്പനശാലകള് 10 ശതമാനം വീതം ഓരോ കൊല്ലവും നിര്‍ത്തലാക്കുന്നതിനു പ്രാരംഭമായി 39 ഔട്ട്ലെറ്റുകളും അടച്ചു. മദ്യവില്പന വിലക്കപ്പെട്ട ‘ഡ്രൈ ഡേ’ പട്ടികയില്‍ ഞായറാഴ്ചകളും ഉള്‍പ്പെടുത്തി. ഉമ്മന്‍ ചാണ്ടി 2016-ല്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തില്‍ 29 പഞ്ചനക്ഷത്ര ബാറുകളും 813 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുമാണ് അവശേഷിച്ചിരുന്നത്.
മദ്യവിമുക്തിക്കായുള്ള പത്തുകൊല്ലത്തെ ഉമ്മന്‍ ചാണ്ടിയുടെ ഡെഡ്ലൈന് 2023 ഒക് ടോബര്‍ രണ്ടിലെ ഗാന്ധി ജയന്തി ദിനത്തില്‍ നിഷ്ഫലമായി കടന്നുപോകുമ്പോഴേക്കും പിണറായി സര്‍ക്കാരിന്റെ ‘മദ്യവര്‍ജന നയം’ സംസ്ഥാനത്ത് അബ്കാരി രാഷ് ട്രീയ വീര്യസങ്കലനത്തിന്റെയും ലഹരിവ്യാപനത്തിന്റെയും സാധ്യതകളും തോതും പുതിയ തലങ്ങളിലെത്തിച്ചിരുന്നു.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ബാര്‍ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്മേല് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കും എക്സൈസ് മന്ത്രി കെ. ബാബുവിനുമെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ച ഇടതുമുന്നണി, നിലവിലുള്ളതില്‍ നിന്ന് ഒരു തുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലെന്നും മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. യുഡിഎഫ് കാലത്ത് അടച്ച 462 ബാറുകള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും തുറന്നു; 200 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബാര്‍ ലൈസന്‍സ് ഉറപ്പായി.
പിണറായി ഭരണത്തിന്റെ രണ്ടാമൂഴത്തില്‍ ബാറുകളുടെ എണ്ണം 884 ആയി ഉയര്‍ന്നു.
മദ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ മാരകമായ രാസലഹരിയുടെ കുത്തൊഴുക്കായിരിക്കും എന്ന വ്യാജപ്രചാരണത്തോടെയാണ് ഇടതുമുന്നണി ഭരണനേതൃത്വം മദ്യശാലകള്‍ക്ക് യഥേഷ് ടം ലൈസന്‍സ് നല്കാന് തുടങ്ങിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കാലത്ത്, 1996-ല്‍, ചാരായവില്പന നിരോധിച്ചപ്പോള്‍ തൊഴിലാളികള്‍ നേരിട്ട ദുരിതത്തിന്റെ ദൃഷ്ടാന്തങ്ങളുമായി, ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പൂട്ടിപ്പോയ ബാറുകളിലെ തൊഴിലാളികളുടെ ദൈന്യം ഉയര്‍ത്തിക്കാട്ടിയും ബാറുടമകളുടെ താല്പര്യങ്ങളെ പിണറായി സര്‍ക്കാര്‍ ന്യായീകരിച്ചു.
ഏറ്റവുമൊടുവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പിണറായി സര്‍ക്കാര്‍ വിദേശമദ്യ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും രാവിലെയും രാത്രിയും ഓരോ മണിക്കൂര്‍ വീതം പ്രവര്‍ത്തനസമയം നീട്ടിക്കൊടുത്തു. ഇതുവരെ പകല്‍ 11 മുതല്‍ രാത്രി 11 വരെയാണ് തുറന്നിരുന്നത്; ഇപ്പോള്‍ രാവിലെ പത്തു മുതല്‍ രാത്രി 12 വരെ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര ഹോട്ടല്‍ ബാറുകള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ അധിക ഫീസ് നല്കിയാല് പുലര്‍ച്ചെ മൂന്നു വരെ തുറന്നുപ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് 55 പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്.
ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ നീട്ടാനുള്ള തീരുമാനം ഉന്നതതലത്തില്‍ നിന്നുണ്ടായതിന് എക്സൈസ് മന്ത്രി വിചിത്രമായ ഒരു പ്രതിവാദവുമായി രംഗത്തിറങ്ങി: ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്നു പറയുന്നത് ശരിയല്ല, ഒരേ ലൈസന്‍സ് ഫീ നല്കുന്ന എല്ലാ ബാറുകളുടെയും സമയക്രമം ഏകീകരിക്കുക മാത്രമാണുണ്ടായത്! ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയത്തിലെ നിഗൂഢതന്ത്രങ്ങളുടെ ഒരു ക്ലാസിക് ദൃഷ്ടാന്തമാണിത്. ആദ്യം ടൂറിസം ഡെസ്റ്റിനേഷന്റെ പേരില്‍ കുറെ ബാറുകള്‍ക്ക് പ്രത്യേക ഇളവും ആനുകൂല്യങ്ങളും അനുവദിക്കുക; തുടര്‍ന്ന് തുല്യനീതി, സമത്വം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളുടെയും നിയമവ്യവസ്ഥകളുടെയും പേരില്‍ ഈ ആനുകൂല്യങ്ങള്‍ എല്ലാ ബാര്‍ഹോട്ടല്‍ ഉടമകള്‍ക്കും ബാധകമാക്കുക!
‘ടൂറിസ്റ്റുകള്‍ക്കായി’ 2018-19ലെ അബ്കാരി നയത്തില്‍ ബാര്‍ സമയത്തില്‍ ആദ്യം മാറ്റം വരുത്തി. 14 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാവിലെ 10 മുതല്‍ പാതിരാത്രിവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. 2025 ജനുവരിയില്‍ കേരള സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്തെ നൂറോളം പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും സമീപത്തായുള്ള 74 സ്ഥലങ്ങളെ ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. 2002-ലെ കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ റൂള്‍സ് മൂന്നാമത്തെ ചട്ടം സബ് റൂള്‍ അഞ്ച് പ്രകാരം ഈ മേഖലകളിലെ ടൂ-സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചു. ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലെ ബാറുകള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 12 വരെ മദ്യം വിളമ്പാനുള്ള പ്രത്യേക അനുമതിയും നല്കി. സംസ്ഥാനത്തെ ബാറുകളില്‍ ഏതാണ്ട് മൂന്നിലൊന്നിനും ടൂറിസം ഡെസ്റ്റിനേഷന്‍ ലേബലില്‍ നല്‍കിവന്ന ആനുകൂല്യങ്ങള്‍ അടുത്ത പ്രദേശത്തെ ബാറുകള്‍ക്കു കൂടി ലഭ്യമാക്കണമെന്ന ആവശ്യം സ്വാഭാവികമായും ഉയരും. അവരും എഫ്എല്‍-3 ലൈസന്‍സിന് 35 ലക്ഷം രൂപ വാര്‍ഷിക ഫീ നല്‍കുന്നുണ്ട്. അവര്‍ക്ക് ദിവസവും രണ്ടു മണിക്കൂര്‍ വില്പനനഷ്ടം ഉണ്ടാകുന്നത് എങ്ങനെ സഹിക്കും?
ടൂറിസം മേഖലയില്‍, കോര്‍പറേറ്റ് ലോകത്തുനിന്നുള്ള വമ്പന്മാര് പങ്കെടുക്കുന്ന ‘മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ്’ (എംഐസിഇ) ഇവന്റുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇത്തരം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകള്‍ക്ക് നമ്മുടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ വേദിയാകുമ്പോള്‍, ഇടയ്ക്ക് ‘ഡ്രൈ ഡേ’ വന്നുപെടുന്നത് എല്ലാ ഷെഡ്യൂളും അവതാളത്തിലാക്കുന്നുവെന്നാണ് പരാതി. എല്ലാ മാസവും ഒന്നാം തീയതിക്കു പുറമെ ചില ദേശീയ, സംസ്ഥാന അവധി ദിനങ്ങളും തിരഞ്ഞെടുപ്പ് പോളിങ് ദിനങ്ങളും ഉള്‍പ്പെടെ ചിലപ്പോള്‍ വര്‍ഷത്തില്‍ 21 ദിവസം മദ്യം കിട്ടാത്ത ഡ്രൈ ഡേ പരിധിയില്‍ വരും. ‘ഡെസ്റ്റിനേഷന്‍ വെഡിങ്’ ആഘോഷങ്ങള്‍ക്കായി കേരളം തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ കൊല്ലം കൊച്ചിയിലും കുമരകത്തും കോവളത്തുമായി ഇത്തരം ആയിരത്തോളം വിവാഹചടങ്ങുകള്‍ നടന്നുവത്രെ. പഞ്ചനക്ഷത്ര, ഹെരിറ്റേജ്, ബുട്ടീക് ഹോട്ടലുകളില്‍ പുലരുംവരെ മദ്യം വിളമ്പുന്നതിനുള്ള ന്യായീകരണങ്ങളിലൊന്ന് ഇതാണ്.
ഡ്രൈ ഡേയില്‍ നിന്ന് ഇളവു ലഭിക്കാനും ചില പ്രത്യേക അവസരങ്ങളില്‍ ടൂ സ്റ്റാര്‍ തൊട്ട് ഉയര്‍ന്ന ശ്രേണിയിലുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വിദേശമദ്യം വിളമ്പാനും 50,000 രൂപ നിരക്കില്‍ പ്രത്യേക ലൈസന്‍സ് അനുവദിക്കണമെന്ന നിര്‍ദേശം ചിലര്‍ മുന്നോട്ടുവച്ചിരുന്നു. കേരള മാരിറ്റൈം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിനോദസഞ്ചാര യാനങ്ങള്‍ക്ക് ഇതുപോലെ മദ്യ ലൈസന്‍സ് അനുവദിക്കാനും നിര്‍ദേശമുണ്ട്.
ബാര്‍ പ്രവര്‍ത്തന സമയം നീട്ടി വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തതിനെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു തന്നെ കേരള ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, പൊതുക്ഷേമം എന്നിവയെയും ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴില്‍ അന്തരീക്ഷത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ബാധിക്കുന്നതാണ് പുതിയ തീരുമാനമെന്ന് സിഐടിയു കുറ്റപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന്, ഡിസംബര്‍ 31ന് സംസ്ഥാനത്തെ എല്ലാ ബാറുകള്‍ക്കും രാത്രി 12 വരെ തുറന്നിരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ബെവ്കോയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില്പന നടന്ന ഒരു ദിവസമായിരുന്നു അത്. വിദേശമദ്യവും ബിയറും വൈനുമായി 125.64 കോടി രൂപയുടെ 2.07 ലക്ഷം കെയ്സ് മദ്യമാണ് അന്നു വിറ്റത്. 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ ഡിസംബര്‍ അവസാനം വരെ ബെവ്കോ 15,717.88 കോടി രൂപയുടെ മദ്യവില്പന നടത്തി.
ബെവ്കോയുടെ പൂട്ടിപ്പോയ പഴയ മദ്യവില്പനശാലകള് ‘വാക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ്’ സൗകര്യമുള്ള പ്രീമിയം ഔട്ട്ലെറ്റുകളായി പുനരവതരിക്കുകയാണ്. കൊച്ചിയിലെ മെട്രോ സ്റ്റേഷനില്‍ വരെ ബെവ്കോയുടെ ‘ഹൈ സ്പിരിറ്റ്സ് ബുട്ടീക്’ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുണ്ട്. കേരളത്തില്‍ മദ്യവില്പനയ്ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന കൂട്ടത്തില്‍, മദ്യവിമുക്തമായിരുന്ന ലക്ഷദ്വീപില്‍ വരെ പ്രീമിയം ബ്രാന്‍ഡുകള്‍ എത്തിക്കാനുള്ള കേന്ദ്ര ബിജെപി ഭരണകൂടത്തിന്റെ നിയോഗവും ബെവ്കോ ഏറ്റെടുക്കുന്നുണ്ട്.
സോഫ്റ്റ് വെയര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി ഐടി പാര്‍ക്കുകളില്‍ പ്രൈവറ്റ് മെംബര്‍ ക്ലബ് മാതൃകയില്‍ വിദേശമദ്യം പെര്‍മിറ്റ് റൂമില്‍ വിളമ്പാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഐടി ഹബ്ബുകളിലും കൊച്ചി സ്മാര്‍ട്ട് സിറ്റിയിലും സ്വകാര്യ ഐടി പാര്‍ക്കുകളിലും 10 ലക്ഷം രൂപ വാര്‍ഷിക ഫീ നല്കിയാല് ലോഞ്ച് ലൈസന്‍സ് ലഭിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ നിശ്ചിത ഇടങ്ങളില്‍ മദ്യപിക്കുന്നതിന് സൗകര്യമുണ്ടാകും. വ്യവസായ പാര്‍ക്കുകളിലേക്കും ഈ മാതൃക പകര്‍ത്താനായിരുന്നു നിര്‍ദേശം.
സംസ്ഥാനത്ത് വിദേശമദ്യ ഉത്പാദനം വര്‍ധിപ്പിക്കുക എന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്.
ജവാന് റമ്മിനു പിന്നാലെ മലബാര്‍ ഡിസ്റ്റിലറിയുടെ മിന്നല്‍ മാജിക് ബ്രാന്‍ഡിയും അവതരിപ്പിക്കുന്നത് വന്‍ വ്യാവസായിക വിപ്ലവ ലൈനിലാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ മഹാപ്രളയക്കെടുതിക്കാലത്ത് കണ്ണൂരിലും പാലക്കാടും എറണാകുളത്തുമായി മൂന്നു ബ്രൂവറികള്‍ക്കും തൃശൂരില്‍ ഒരു ഡിസ്റ്റിലറിക്കും സഖ്യകക്ഷികള്‍ അറിയാതെയും മന്ത്രിസഭാ അനുമതിയില്ലാതെയും രഹസ്യമായി ലൈസന്‍സ് നല്‍കിയതിനെക്കുറിച്ച് 2018 ഒക് ടോബറില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുകയുണ്ടായി. കടലാസ് കമ്പനികള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിനു പിന്‍വലിക്കേണ്ടിവന്നു. പാലക്കാട് എലപ്പുള്ളിയില്‍ കടുത്ത ജലക്ഷാമമുള്ള പ്രദേശത്ത് എതനോള്‍ പ്ലാന്റും ബ്രൂവറി മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റും മള്‍ട്ടിഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റും വിദേശമദ്യ ബോട്ടിലിങ് പ്ലാന്റും വൈനറിയുമടക്കം വമ്പന്‍ പദ്ധതിയുമായെത്തിയ മധ്യപ്രദേശിലെ ഒയാസിസ് കമേഴ്സ്യല്‍ കമ്പനിക്കും പിണറായി സര്‍ക്കാര്‍ വഴിവിട്ട മാര്‍ഗത്തിലൂടെ അനുമതി നല്‍കിയത് കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ഡല്‍ഹി മദ്യ അഴിമതിക്കേസുമായി ബന്ധമുള്ളവരായിരുന്നു പാലക്കാട്ടെ 600 കോടിയുടെ ബ്രൂവറി പദ്ധതിക്കു പിന്നില്‍.
കള്ള് വ്യവസായ വികസന ബോര്‍ഡിനു കീഴില്‍ നാടന്‍ കള്ള് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്ന നവീന ടോഡി പാര്‍ലറുകള്‍ തുറന്ന് വീര്യം കുറഞ്ഞ മദ്യവും തനത് ഭക്ഷണവും ടൂറിസ്റ്റുകള്‍ക്കു വിളമ്പാനുള്ള പദ്ധതിക്കൊപ്പം ത്രീ സ്റ്റാറോ അതിനു മുകളിലോ വരുന്ന ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ചെത്തുതെങ്ങ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചുവെങ്കിലും സംഗതി പാളിപ്പോയി.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടും നടപടിയും സ്വീകരിക്കാന്‍ ആര്‍ജവമുള്ള സര്‍ക്കാരാണ് ഉണ്ടാകേണ്ടതെന്ന് മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ കത്തോലിക്കാ ദേവാലയങ്ങളില്‍ വായിച്ച മദ്യ-ലഹരിവിരുദ്ധ ഞായര്‍ സര്‍ക്കുലറില്‍, കെസിബിസി ടെമ്പറന്‍സ് കമ്മിഷന് ചെയര്മാന് ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍, വൈസ് ചെയര്മാന് ബിഷപ് മാര്‍ അലക്സ് താരമംഗലം എന്നിവര്‍ ഓര്‍മപ്പെടുത്തി. ആയിരത്തിലധികം ബാറുകളും ബെവ്കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും നാലായിരത്തിലധികം കള്ളുഷാപ്പുകളും ഉള്‍പ്പെടെ മദ്യശാലകളുടെ പെരുംപ്രളയത്തിലാണ് സംസ്ഥാനം. സമൂഹത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മദ്യ-രാസലഹരി വിപത്ത് നിയന്ത്രിക്കാനോ തടയാനോ ശക്തമായ നടപടിയുണ്ടാകുന്നില്ല എന്നത് ആപല്‍ക്കരമാണ്. സംസ്ഥാനത്തെ 1,400 സ്കൂളുകള്‍ മയക്കുമരുന്നിന്റെ ഹോട്ട്സ്പോട്ടാണെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. അനധികൃത മദ്യനിര്‍മാണവും ലഹരികടത്തും തടയേണ്ട എക്സൈസ്, പൊലീസ്, ഫോറസ്റ്റ്, റവന്യൂ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ശരിയായ ഫലം പുറപ്പെടുവിക്കുന്നില്ലെന്ന ആശങ്കയും സര്‍ക്കുലറില്‍ പങ്കുവയ്ക്കുന്നുണ്ട്.
വിദ്യാലയങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും 200 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്പന പാടില്ലെന്ന നിബന്ധന 50 മീറ്ററായി ഇളവു ചെയ്ത് മദ്യലോബിയെ സഹായിച്ച പിണറായി സര്‍ക്കാര്‍, ദേശീയപാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സ്റ്റേറ്റ് ഹൈവേ ഗതിതന്നെ മാറ്റിവരയ്ക്കാനൊരുങ്ങി.
ഗ്രാമപഞ്ചായത്തിലായാലും നഗരപ്രദേശത്തായാലും പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമായ മദ്യ ബിസിനസിന് ലൈസന്‍സ് നല്കാതിരിക്കാനുള്ള അധികാരം കേരള പഞ്ചായത്ത് രാജ് നിയമം 232 (2) വകുപ്പ് പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്കും, 1994ലെ കേരള മുനിസിപ്പാലിറ്റി നിയമം 447-ാം വകുപ്പ് പ്രകാരം മുനിസിപ്പാലിറ്റിക്കും മുനിസിപ്പല്‍ കോര്പറേഷനുമുണ്ടായിരുന്നു. ഗാന്ധിജിയുടെ ‘ഗ്രാമ സ്വരാജ്’ ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഗ്രാമസഭയുടെയും വാര്‍ഡ് കമ്മിറ്റിയുടെയും അധികാരം നിര്‍ണയിക്കപ്പെട്ടത്. പിണറായി സര്‍ക്കാര്‍ ഈ അവകാശം പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നും കവര്‍ന്നെടുത്തു. സര്‍ക്കാരിന്റെ മദ്യനയത്തിലെ അടിസ്ഥാന വൈകല്യങ്ങള്‍ക്കെതിരെ പോരാടാനുള്ള ജനകീയ അവകാശം ഇനിയെങ്കിലും തിരിച്ചുപിടിക്കേണ്ടതുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ മദ്യവര്‍ജനത്തിന്റെ മിന്നലടിക്കാരുടെ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാകണം.

