Browsing: kerala goverment

പത്തു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ് 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ വരെ നിലവാരമുള്ള ഹോട്ടലുകളിലെ 730 ബാറുകള്‍ അക്കൊല്ലം അടച്ചുപൂട്ടി. സര്‍ക്കാരിന്റെ ബെവറിജസ് കോര്‍പറേഷന്‍ വക ചില്ലറ വില്പനശാലകള്‍ 10 ശതമാനം വീതം ഓരോ കൊല്ലവും നിര്‍ത്തലാക്കുന്നതിനു പ്രാരംഭമായി 39 ഔട്ട്ലെറ്റുകളും അടച്ചു. മദ്യവില്പന വിലക്കപ്പെട്ട ‘ഡ്രൈ ഡേ’ പട്ടികയില്‍ ഞായറാഴ്ചകളും ഉള്‍പ്പെടുത്തി.

മദ്യമില്ലെങ്കില്‍ ലഹരിമരുന്ന് വ്യാപിക്കുമെന്ന ന്യായീകരണത്തോടെയാണ് ഒന്‍പതു വര്‍ഷം മുന്‍പ് 29 വിദേശമദ്യബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ഇടതുമുന്നണി സര്‍ക്കാര്‍ 1,040 ആയി വര്‍ധിപ്പിച്ചത്. ബാറുകളുടെയും മദ്യവില്പനശാലകളുടെയും എണ്ണം ഇത്രകണ്ടു പെരുകിയിട്ടും നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമുള്ള ലഹരിമരുന്നു കേസുകള്‍ 2024-ല്‍ കേരളത്തില്‍ പഞ്ചാബിലേതിനെക്കാള്‍ മൂന്നിരട്ടിയായി.