ജെക്കോബി
ഇറാനിലെ ജനങ്ങള്‍ക്ക് ‘സ്വാതന്ത്ര്യം’ വാഗ്ദാനം ചെയ്ത്, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും പ്രതിരോധമന്ത്രിയും ഇസ് ലാമിക റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറും സേനാ മേധാവിയുമടക്കം ഉന്നതരുടെ വലിയൊരു ശ്രേണിയെയും ഒറ്റയടിക്ക് ടെഹ്റാനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊന്നൊടുക്കി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടങ്ങിവച്ച യുദ്ധത്തിന്റെ വ്യാപകമായ ദുരന്താഘാതത്തില്‍ ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യയും മാത്രമല്ല, ഓരോ പ്രവാസിജീവിതവും ഉലയുകയാണ്.
ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവും ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയില്‍ നേരിട്ട് പങ്കുവഹിച്ചിട്ടില്ലാത്ത ഗള്‍ഫ് മേഖലയിലെ ആറു രാജ്യങ്ങളില്‍ ഇറാന് കനത്ത വ്യോമാക്രമണം തുടങ്ങിയത് പശ്ചിമേഷ്യയിലെ അമേരിക്കയുടെ 27 സൈനികത്താവളങ്ങളില്‍ പ്രത്യാക്രമണം നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ്. ബഹ്റൈനില്‍ മനാമയിലെ യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്ളീറ്റ് ബേസ്, ഖത്തറിലെ അല്‍ ഉദൈദ് വ്യോമസേനാത്താവളം, കുവൈത്തിലെ അല്‍ സാല്‍മിയ, യുഎഇയിലെ അല്‍ സഫ്രാ, ജോര്‍ദാനിലെ കിങ് ഹുസൈന് എയര്‍ബേസ് എന്നിവിടങ്ങളില്‍ അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമാക്കി ആക്രമണം പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ ഇറാന് തിരിച്ചടിച്ച കൂട്ടത്തില്‍ യുഎഇയിലെ ഫ്രഞ്ച് നാവികസേനാതാവളത്തിലേക്കും കുവൈറ്റിലെ ഇറ്റാലിയന്‍ വ്യോമസേനാ കേന്ദ്രത്തിലേക്കും സൈപ്രസിലെ ബ്രിട്ടീഷ് ബേസിലേക്കും മിസൈലുകള്‍ വിട്ടു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇറാന് ഏറ്റവും കൂടുതല്‍ ആക്രമിച്ച രാജ്യം ഇസ്രയേലല്ല, യുഎഇയാണ്. യുഎഇയിലെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കും ബുര്‍ജ് അല്‍ അറബിലേക്കും ജബല്‍ അലി തുറമുഖത്തേക്കും പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലേക്കും അബുദാബി ഇത്തിഹാദ് ടവറിലേക്കും ദുബായ് ഷെയ്ഖ് സായിദ് റോഡിലേക്കും ഫുജൈറ എണ്ണവ്യവസായ മേഖലയിലേക്കും ദുബായിലെ യുഎസ് കോണ്‍സുലേറ്റിലേക്കും ഷാര്‍ജ അല്നാദയിലേക്കും മറ്റും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വന്നെത്തി. ഇറാനില്‍ നിന്ന് വിക്ഷേപിച്ച 186 മിസൈലുകളില്‍ 172 എണ്ണം പ്രതിരോധിക്കാനായെന്ന് എമിറാത്തി പ്രതിരോധ മന്ത്രാലയം പറയുന്നു. 13 മിസൈലുകള്‍ കടലില്‍ പതിച്ചു, ഒരെണ്ണം എമിറേറ്റ് പ്രദേശത്ത് വീണു. യുഎഇ ലക്ഷ്യമാക്കി വിട്ട 812 ഡ്രോണുകളില്‍ 755 എണ്ണം തകര്‍ത്തു; 57 എണ്ണം രാജ്യത്ത് നാശനഷ്ടം വരുത്തി.
സൗദി അറേബ്യയിലെ അരാംകോയുടെ റാസ് തനുര റിഫൈനറിയില്‍ രണ്ടുവട്ടം ഡ്രോണ്‍ ആക്രമണമുണ്ടായി. റിയാദിലുള്ള യുഎസ് എംബസിക്കു നേരെയും ആക്രമണമുണ്ടായി. ദോഹ, മനാമ, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലും സിവിലിയന്‍ മേഖലയിലും ആക്രമണമുണ്ടായി. ഇറാനും യുഎസും തമ്മില്‍ ജനീവയില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ മധ്യസ്ഥത വഹിച്ച ഒമാനെയും ഒഴിവാക്കിയില്ല – ഖസബ്, ദുഖം, സലാല തുറമുഖങ്ങളിലും ഡ്രോണ്‍ ആക്രമണമുണ്ടായി. ഖത്തറില്‍ ഹമദ് വിമാനത്താവളത്തിനു നേരെ ആക്രമണമുണ്ടായി. ആക്രമണഭീഷണിയെ തുടര്‍ന്ന് ഖത്തര്‍ പ്രകൃതിവാതകം (എല്‍എന്‍ജി), യൂറിയ, പോളിമര്‍, മെഥനോള്‍, അലുമിനം ഉത്പാദനം നിര്‍ത്തിവച്ചു. ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഇര്‍ബിലിലെ യുഎസ് താവളത്തിനു നേരെയും ബാഗ്ദാദിലും സിറിയയിലും ഡ്രോണ്‍ ആക്രമണമുണ്ടായി.
ഇറാനില്‍ നിന്നുള്ള പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന 90 ലക്ഷം പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിസഭാ സമിതി അടിയന്തര അവലോകനം നടത്തുകയും പ്രധാനമന്ത്രി മോദി ഗള്‍ഫ് രാജ്യങ്ങളിലെ രാഷ് ട്രനേതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്നുവെന്നും മോദി ആവര്‍ത്തിച്ചു. പ്രധാനമന്ത്രി മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് ഇറാനെതിരെ ഇസ്രയേലും യുഎസും ആക്രമണം തുടങ്ങിയത്. ഇന്ത്യയുമായി സാംസ്കാരികമായും ചരിത്രപരമായും നൂറ്റാണ്ടുകളുടെ ബന്ധമുള്ള ഇറാനു നേരെ യുഎന്‍ ചാര്‍ട്ടറിനും രാജ്യാന്തര നിയമങ്ങള്‍ക്കും വിരുദ്ധമായി ഇസ്രയേല്‍-യുഎസ് കൂട്ടുകെട്ട് നടത്തുന്ന കടന്നാക്രമണത്തെയും ഖമനയിയെ വധിച്ചതിനെയും അപലപിക്കാതെ മോദി ഇന്ത്യയുടെ നയതന്ത്ര പാരമ്പര്യത്തിനു കളങ്കം വരുത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മറുപടിയൊന്നും നല്‍കിയിട്ടില്ല. ഇറാനെതിരായ ഏകപക്ഷീയ ആക്രമണങ്ങളും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണവും ഒരുപോലെ അപലപിക്കപ്പെടണം.
ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് 11 രാജ്യങ്ങളിലെ വ്യോമപാത അടച്ചതിനാല്‍ ഇന്ത്യന്‍ യാത്രാവിമാനങ്ങളുടെ 350 ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍ നിര്‍ത്തലാക്കിയത് ഉള്‍പ്പെടെയുള്ള ലോജിസ്റ്റിക്കല്‍ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ 13,000 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതോടെ 37 ഇന്ത്യന്‍ കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും കുടുങ്ങി. സമുദ്രവ്യാപാരത്തിന്റെ മുഖ്യകണ്ണികളായ ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും ആക്രമണഭീഷണി നിലനില്‍ക്കുന്നത് ആഗോളതലത്തില്‍ എണ്ണവിലയും അവശ്യവസ്തുക്കളുടെ കടത്തുകൂലിയും മറ്റും വര്‍ധിക്കാന്‍ ഇടയാക്കും. ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉത്പാദകരായ ഖത്തര്‍ ഉത്പാദനം നിര്‍ത്തിവച്ചത് ഇന്ത്യയിലെ വ്യവസായ മേഖയില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കും.
ഇസ് ലാമിക വിപ്ലവത്തിനുശേഷം ഇറാനില്‍ രണ്ടുവട്ടം പ്രസിഡന്റ് പദവി വഹിക്കുകയും – ഇറാനും ഇറാഖും തമ്മില്‍ യുദ്ധം നടന്ന കാലമായിരുന്നു അത് – പിന്നീട് 36 വര്‍ഷം പരമോന്നത നേതാവായി രാജ്യം അടക്കിവാഴുകയും ചെയ്ത, മധ്യപൂര്‍വദേശത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാഷ് ട്രത്തലന്, എണ്‍പത്താറുകാരനായ ഖമനയിയുടെ ദാരുണാന്ത്യത്തില്‍ ഒരു കാരണവശാലും വിലപിക്കാനിടയില്ലാത്തവരും, മാനവാന്തസ്സിനെയും മനുഷ്യജീവന്റെ അനര്ഘമഹിമയെയും മാനിക്കുന്നുവെങ്കില്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ് ട്രത്തിനു നേരെ കടന്നാക്രമണം നടത്തി രാഷ് ട്രത്തലവനെയും ഭരണനേതൃത്വത്തെയും ഉന്മൂലനം ചെയ്യാന്‍ ട്രംപിനും നെതന്യാഹുവിനും എവിടെനിന്നാണ് അധികാരം കിട്ടിയത് എന്നു ചോദിച്ചുപോകും. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളെ യുദ്ധനിയമങ്ങളുടെ ഒരു സിദ്ധാന്തത്തിനു കീഴിലും നിയമപരമായി ന്യായീകരിക്കാന്‍ കഴിയില്ല. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോ യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരമോ നേറ്റോ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് പോലുള്ള വിശാല സഖ്യത്തിന്റെ പിന്തുണയോ ഒന്നുമില്ലാതെയാണ് ട്രംപ് ഈ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്.
ഇറാന് ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈല്‍ ശേഖരവും വികസിപ്പിക്കാനുള്ള സാധ്യത തടയുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി സംബന്ധിച്ച നയതന്ത്ര ചര്‍ച്ചകള്‍ക്ക് ജനീവയില്‍ മുഖ്യമധ്യസ്ഥനായിരുന്ന ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ഇസ്രയേലും അമേരിക്കയും ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് അമേരിക്കന്‍ ടെലിവിഷന്‍ ചാനലിനോടു പറഞ്ഞത്, ഇറാന് അണുബോംബ് സൃഷിക്കാനുള്ള വസ്തുക്കള്‍ ഒരിക്കലും സംഭരിക്കില്ല എന്നു സമ്മതിച്ചിരിക്കുന്നു എന്നാണ്.
ആണവ പദ്ധതിയും സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നതിനു പകരമായി സിവിലിയന്‍ ആണവ പദ്ധതിക്കായി ഇറാന് സൗജന്യമായി ആണവ ഇന്ധനം യുഎസ് വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ ഇറാന് അത് അംഗീകരിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത യുഎസ് പ്രതിനിധികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 12 ദിവസത്തെ ‘ഓപ്പറേഷന് മിഡ്നൈറ്റ് ഹാമര്‍’ ആക്രമണത്തില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് പൂര്‍ണമായി നശിപ്പിച്ചതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ട ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് ആണവ നിലയങ്ങളിലെ ആണവ സാമഗ്രികള്‍ ഇറാന് ഇതിനകം മറ്റു കേന്ദ്രങ്ങളില്‍ പുനര്‍നിര്‍മിച്ചുവെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ വാദം. മെഡിക്കല്‍ ഗവേഷണത്തിന്റെ മറവില്‍ ഇറാന് ടെഹ്റാന് റിസര്‍ച്ച് റിയാക്ടറില്‍ സമ്പുഷ്ട വസ്തുക്കള്‍ രഹസ്യമായി ശേഖരിച്ചുവച്ചിരുന്നുവെന്നും ഒരു മരുന്നു പോലും നിര്‍മിക്കാന്‍ അവര്‍ അതില്‍ ഒരു കണികയും ഉപയോഗിച്ചിട്ടില്ലെന്നും യുഎസ് കണ്ടെത്തിയത്രെ. പ്രതിമാസം 100 ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാനുള്ള സംവിധാനവും ഇറാനുണ്ടെന്നും പറയുന്നുണ്ട്. അമേരിക്ക വന്‍കര വരെ ചെന്നെത്തുന്ന ബാലിസ്റ്റിക് മിസൈല്‍ ഏതാനും നാള്‍ക്കകം ഇറാന് വികസിപ്പിക്കുമെന്ന ഭീഷണി മുന്നില്‍ കണ്ടാണ് സ്വയരക്ഷയ്ക്കായി ആക്രമണം നടത്തുന്നതെന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി.
കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ വലഞ്ഞ ഇറാനിലെ ജനങ്ങള്‍ ഇസ് ലാമിക ഭരണകൂടത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തെ പതിവു രീതിയില്‍ അതിക്രൂരമായി ഇസ് ലാമിക റവല്യൂഷനറി ഗാര്‍ഡ് കോറും മതപൊലീസും ചേര്‍ന്ന് അടിച്ചമര്‍ത്തുകയായിരുന്നു. ഇന്റര്‍നെറ്റ് വിഛേദിച്ചും പ്രതിഷേധക്കാരെ കഴുവേറ്റിയും വെടിവച്ചുകൊന്നും ജനകീയ മുന്നേറ്റങ്ങളെ നേരിടുന്ന ഖമനയി ശൈലി തുടര്‍ന്നാല്‍ അമേരിക്കന്‍ സൈന്യം ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് താക്കീതു നല്കി. ഭരണമാറ്റത്തിനായി ‘സഹായം വന്നുകൊണ്ടിരിക്കുന്നു’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ ഇറാനിലെ പ്രക്ഷോഭകരെ അറിയിച്ചത്. ജനുവരി മധ്യത്തോടെ ട്രംപ് ആക്രമണങ്ങള്‍ക്ക് ഉത്തരവിടാനൊരുങ്ങിയെങ്കിലും എന്തുകൊണ്ടോ പിന്‍വാങ്ങി. തുടര്‍ന്ന് രണ്ടു വിമാനവാഹിനിക്കപ്പലുകളുമായി ഇറാനെ ലക്ഷ്യമാക്കി വന്‍തോതില്‍ സൈനിക വിന്യാസത്തിന് ഉത്തരവിട്ടു. ഇസ്രയേലുമായി സംയുക്ത ഓപ്പറേഷന് രഹസ്യമായി ആസൂത്രണം ചെയ്യാന്‍ തുടങ്ങി. ഖമനയിയെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനിടെ തെക്കന്‍ ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളില്‍ 153 പെണ്‍കുട്ടികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന് ട്രംപ് നെതന്യാഹുവിനെ പഴിക്കുമോ? തീര്‍ച്ചയായും അത് ഒരു യുദ്ധക്കുറ്റമാണ്.
വ്യോമാക്രമണത്തിലൂടെ ഒരിടത്തും ഭരണമാറ്റമുണ്ടാക്കാനാകില്ലെന്നു പറഞ്ഞ യുകെ പ്രധാനമന്ത്രി കിയെര്‍ സ്റ്റാമറെയും, ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ന്യായീകരിക്കാനാവാത്തതും അപകടകരവുമാണ് എന്നു വിശേഷിപ്പിച്ച സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസിനെയും പ്രസിഡന്റ് ട്രംപ് വിരട്ടിനോക്കി. ”മനുഷ്യരാശിയുടെ വലിയ ദുരന്തങ്ങള്‍ ഇങ്ങനെയാണ് ആരംഭിക്കുന്നത്. സംഘര്‍ഷങ്ങളും ബോംബുകളും ഉപയോഗിച്ച് ലോകത്തിന് അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല” എന്നു പറഞ്ഞ് ട്രംപിന്റെ യുദ്ധവെറിക്കെതിരെ സാഞ്ചസ് ഉറച്ചുനിന്നു.
യൂറോപ്പിലെ സഖ്യകക്ഷികളോട് ആലോചിക്കാതെ തിടുക്കത്തില്‍ ട്രംപ് നടത്തിയ യുദ്ധനീക്കങ്ങളുടെ പ്രത്യാഘാതം ഇറാനിലെ ജനങ്ങളും പശ്ചിമേഷ്യയും അനുഭവിക്കുകയാണ്. ഇറാന്റെ ഹ്രസ്വദൂര മിസൈലുകളില്‍ ഭൂരിഭാഗവും ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്വീര്യമാക്കുന്നുണ്ടെങ്കിലും, ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഉണ്ടാകുന്ന ആക്രമണങ്ങളുടെ അദൃശ്യവും മാനസികവുമായ ആഘാതം, സമാധാനമായി കഴിയാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും സുരക്ഷിതമായ സ്ഥലങ്ങള്‍ എന്ന ജിസിസി രാജ്യങ്ങളുടെ പ്രതിച്ഛായയെ വളരെയധികം ബാധിക്കാനിടയുണ്ട്. യുദ്ധം എത്രകാലം തുടരുമെന്ന് ഒരു നിശ്ചയവുമില്ല. 2003 മാര്‍ച്ചില്‍ അമേരിക്ക ഇറാഖില്‍ നടത്തിക സൈനിക ഇടപെടലും അധിനിവേശവും എത്ര വിനാശകരമായാണ് പര്യവസാനിച്ചതെന്ന് അമേരിക്കന്‍ ജനതയ്ക്ക് ഓര്‍മയുണ്ടാകും. ഇറാനില്‍ നിന്ന് സുരക്ഷിതമായി പിന്മാറാന് സഖ്യകക്ഷികളുടെ സഹായം ചോദിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കഴിഞ്ഞ 15 മാസത്തെ ട്രംപിന്റെ ഭ്രാന്തന് നടപടികളിലൂടെ രാജ്യാന്തര സമൂഹത്തില്‍ സംജാതമായിട്ടുള്ളത്.
ഇറാനിലെ സ്ഥിതി ഒരു വലിയ ദുരന്തത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്ന് ലെയോ പാപ്പാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ”അന്യോന്യം ഭീഷണിപ്പെടുത്തിക്കൊണ്ടോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങള്‍ കൊണ്ടോ അല്ല സുസ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നത്, മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമേ അതു സാധ്യമാകൂ,” പരിശുദ്ധ പിതാവ് വത്തിക്കാനിലെ ആഞ്ജലുസ് സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി. ”അക്രമത്തിന്റെ ആഴമേറിയ, പൊറുക്കാത്ത മുറിവായി മാറുന്നതിന് മുമ്പ് അതു തടയുന്നതിനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എല്ലാ കക്ഷികളെയും ആഹ്വാനം ചെയ്യുന്നു. നയതന്ത്രം അതിന്റെ ശരിയായ പങ്ക് വീണ്ടെടുക്കട്ടെ, നീതിയില്‍ അധിഷ്ഠിതമായ സമാധാനപരമായ നിലനില്‍പ്പിനായി ആഗ്രഹിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയര്‍ത്തിപ്പിടിക്കട്ടെ, നമുക്ക് സമാധാനത്തിനായി പ്രാര്‍ഥിക്കുന്നത് തുടരാം.”
വിശ്വാസത്തില്‍ ഉറച്ചുനില്ക്കാനും, ശാന്തത പാലിക്കാനും, പ്രാര്‍ഥനയില്‍ ഐക്യപ്പെടാനും, സിവില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാനും വടക്കന്‍ അറേബ്യയിലെയും തെക്കന്‍ അറേബ്യയിലെയും അപ്പസ്തോലിക് വികാരിയേറ്റുകള് വിശ്വാസികളോട് ആഹ്വാനം ചെയ്തു. അറേബ്യന്‍ ഉപദ്വീപില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്ന അസാധാരണ സാഹചര്യത്തെക്കുറിച്ച് കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ അപ്പസ്തോലിക നുണ്‍ഷ്യോ ബിഷപ് യൂജീന്‍ ന്യൂജെന്റ് സംസാരിക്കുന്നതും പ്രത്യാശയില്‍ ഊന്നിക്കൊണ്ടാണ്.

