പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.
കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയിൽ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തലിൽ സിനിമാ, ടെലിവിഷൻ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ്.
ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎൽഎമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തിൽ യുഡിഎഫ് ജയം ആവർത്തിക്കാൻ നേതൃത്വം കരുത്തനായ ഒരു സ്ഥാനാർഥിയെ തേടിയിരുന്നത്.
തൃപ്പൂണിത്തുറയിൽ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തിൽ വിജയത്തുടർച്ചയ്ക്കായി രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ പാലക്കാട് മത്സരിക്കാമെന്ന് പിഷാരടി സന്നദ്ധത അറിയിച്ചതോടെ അത്തരം ചർച്ചകളും അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

