റവ. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍, ഡയറക്ടര്‍, തെക്കന്‍ കുരിശുമല
വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണല്ലോ 69-ാമത് തെക്കന്‍ കുരിശുമലതീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയും ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍3 ദുഃഖവെള്ളി ദിവസങ്ങളില്‍ നടക്കുന്ന നോമ്പുകാല മഹാതീര്‍ത്ഥാടനം, സര്‍വ്വജനതയ്ക്കും ആശ്വാസവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതനിരയില്‍ കുനിച്ചികൊണ്ടകെട്ടി മലമുകളില്‍ കേരള തമിഴ്നാട് അതിര്‍ത്തില്‍ വെള്ളറട പത്തുകാണി ദേശത്താണ് തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

പ്രകൃതിരമണീയവുംമൂടല്മഞ്ഞും കുളിര്‍കാറ്റും മലനിരകളും ഉദയസൂര്യനും അസ്തമയവും ഏവരെയും ആകര്‍ഷിക്കുന്നതാണ്.ആകാശവും ഭൂമിയും തൊട്ടുരുമ്മി നില്ക്കുന്ന വിശുദ്ധ കുരിശ് ആത്മീയ അനുഭൂതിയും ദൈവഅനുഭവവും ആനന്ദവും ഉളവാക്കുന്നു. നാനാ ജാതിമതസ്ഥര്‍ സ്ത്രീപുരുഷഭേദമന്യേ കിഴക്കാന്‍ തൂക്കായ മല കയറിയിറങ്ങി ആനന്ദവും സൗഖ്യവും പ്രാപിക്കുന്ന പുണ്യമലയാണിത്.
രക്ഷയുടെ അടയാളമായി മലമുകളിലെ(നെറുക) വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടമായി നിലകൊള്ളുന്നു. സ്വര്‍ഗീയ പറുദീസയില്‍ ദൈവം നട്ടുവളര്‍ത്തിയ ജീവന്റെ വൃക്ഷമാണ് ഇന്ന് ലോകത്ത് പടര്‍ന്നു പന്തലിച്ച് സര്‍വ്വര്‍ക്കും തണലേകി നില്ക്കുന്ന വിശുദ്ധകുരിശ്. വിശുദ്ധകുരിശ് ത്യാഗമായി അനുസരണയായി ജ്യോതിസായി കാരുണ്യമായി നീതിയായി സമാധാനമായി കൈകള്‍ വിരിച്ച് മൂന്ന് ആണിമേല്‍ തൂങ്ങിമരിച്ച് ഉത്ഥിതനായി നില്ക്കുന്ന യേശുക്രിസ്തുവാണ്; ഫലദായകമായ നിത്യജീവന്റെ വൃക്ഷം.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്ന വിശുദ്ധകുരിശുകള് നിത്യജീവന്റെ ഉറവിടമായി നിലകൊള്ളുന്നു.
ജീവന് ജീവിതമാകുമ്പോഴാണ് ജീവന് അര്‍ത്ഥമുണ്ടാകുക. ദൈവികജീവന്‍ ജീവിതമായി പകര്‍ന്ന ഏക വ്യക്തിയാണ് നിത്യജീവനായ യേശുക്രിസ്തു. പ്രപഞ്ചത്തിലെ ജീവന്റെ ആവിര്‍ഭാവവും അവസാനവും യേശുക്രിസ്തുവാണ്ജീവന്റെ നന്മയ്ക്കായുള്ള ത്യാഗമാണ് നിത്യജീവനിലൂടെ ഉടലെടുക്കുക. കര്‍ത്താവ് നിത്യജീവന്റെ ത്യാഗമാണ്. ജീവന്റെ ദാതാവാണ്. ജീവന് സമൃദ്ധമാക്കുന്നവനാണ്. യോഹന്നാന്റെ സുവിശേഷം 10-ാം അധ്യായം 10-ാം വാക്യം ഇപ്രകാരം വ്യക്തമാക്കുന്നു. ഞാന്‍ വന്നിരിക്കുന്നത് ജീവന് ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്. ദൈവപുത്രനായ യേശുക്രിസ്തു ജീവന് സമൃദ്ധമാക്കുന്നവനാണ്- ജീവന് രക്ഷിക്കുന്നവനും സംരക്ഷിക്കുന്നവനും ആണ്.സഹനപാതയിലൂടെ ജീവന് സമൃദ്ധമാക്കി നില്ക്കുന്ന യേശുക്രിസ്തുവിന്റെ ജീവിതഅനുഭവമാണ് തെക്കന്‍ കുരിശുമലയില്‍ ഓരോ തീര്‍ത്ഥാടകരും അനുഭവിക്കുന്നത്.
പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്തുന്ന സ്വര്ഗ്ഗീയഇടമാണിത്. യാതനകളിലും വേദനകളിലും രോഗങ്ങളിലും പീഡനങ്ങളിലും ആശ്വാസവും ആശ്രയവുമാണ് ഈ തീര്‍ത്ഥാടനഭൂമി.നാല്പതുദിവസത്തെ നോമ്പ് അനുഷ്ഠിച്ച് ഒരുക്കത്തോടും വിശുദ്ധിയോടും പ്രത്യാശയോടും പുണ്യമലകയറുന്നവര്ക്ക് കര്‍ത്താവിന്റെ കൃപയും അനുഗ്രഹവും ലഭിക്കാതിരിക്കുകയില്ല.
ഉപവസിക്കുക, പ്രാര്‍ത്ഥിക്കുക, രമ്യതയില്‍ ജീവിക്കുക, കര്‍ത്താവില്‍ ആശ്രയിക്കുക, പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്യുക എന്നിവയാണ് നോമ്പ് അനുഷ്ഠാനത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍.കര്‍ത്താവിന്റെ ജനന മഹാജൂബിലികഴിഞ്ഞ് 2026- ലെ ഒരുമിച്ചുള്ള സഞ്ചാരം സാധ്യമാക്കി നാനാജാതിമതസ്ഥര് പങ്കെടുക്കുന്ന 69-ാമത് മഹാതീര്‍ത്ഥാടനമാണ് തെക്കന്‍ കുരിശുമലയില്‍ നടക്കുന്നത്.
നമ്മുടെ ഓരോരുത്തരുടെയും സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കി നിത്യജീവന്റെ മഹത്വം പ്രാപിക്കാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.—————–

