പുനലൂർ: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ ഓഫ് പുനലൂരിന്റെ 38മത് വാർഷികം 22-02-2026 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ പുനലൂർ PSSS ഹാളിൽ വച്ച് നടന്നു. പുനലൂർ രൂപത ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പുനലൂർ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ ലോറൻസ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ ഈ യോഗത്തിന് കൊട്ടാരക്കര ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ എസ്. ചാക്കോ പ്രാരംഭ പ്രാർത്ഥന നടത്തി, ചെറിയനാട് ഏരിയ കൗൺസിൽ പ്രസിഡന്റ് ബ്രദർ. കെ. എസ്. ജേക്കബ് സ്വാഗത പ്രസംഗവും നടത്തി.
സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ എഡ്യൂക്കേഷൻ സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് ചെക്ക് വിതരണവും നടത്തി, അതോടൊപ്പം മുൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ സ്റ്റാൻലി സാം, കൊട്ടാരക്കര അടൂർ ചെറിയനാട് എന്നീ ഏരിയ കൗൺസിലുകളുടെ പ്രസിഡന്റ് ആയി കാലാവധി പൂർത്തിയാക്കിയ ബ്രദർ എസ്. ചാക്കോ,സിസ്റ്റർ കവിത ഹെർബർട്ട്, ബ്രദർ കെ. എസ്. ജേക്കബ് എന്നിവരെ ആദരിക്കുകയും ചെയ്തു.
പുനലൂർ സെൻട്രൽ കൗൺസിലിന്റെ ആത്മീയോപദേഷ്ടാവും, കൂടൽ സെന്റ് ജൂഡ് ഇടവക വികാരിയുമായ ഫാ. മൈക്കിൾ ബനഡിക്ട് SCJ, പുനലൂർ കത്തീഡ്രൽ വികാരി ഫാ. ജോൺസൺ ജോസഫ്, സഹ വികാരി ഫാ. ബിനോയി, PSSS ഡയറക്ടർ ഫാ. വിനീത് എന്നിവർ യോഗത്തിന് ആശംസകൾ അറിയിക്കുകയും, സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയിൽ 25 വർഷവും അതിൽ അധികവുമായി പ്രവർത്തിച്ചുവരുന്ന മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
2026 ലെ യുവജന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. തുടർന്ന് സിസ്റ്റർ. കവിത ഹെർബർട്ട് യോഗത്തിന് നന്ദിയും, പുനലൂർ സെന്റ് മേരീസ് യൂത്ത് കോൺഫറൻസ് സെക്രട്ടറി സിസ്റ്റർ. ദയ മേരി ഫ്രാങ്ക്ളിൻ സമാപന പ്രാർത്ഥനയും നടത്തി. ശേഷം വൈദികരുടെ ആശീർവാദത്തോടെ യോഗം പര്യവസാനിച്ചു





