കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലബോറട്ടറി ഗുണനിലവാര മാനദണ്ഡങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ISO 15189:2022 ഇന്റർനാഷണൽ ലീഡ് ഓഡിറ്റർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ലൂർദ്സ് ആശുപത്രിയും AEYID അക്കാദമിയും ഫൗണ്ടേഷൻ ഫോർ ക്വാളിറ്റിയും സഹകരിച്ച് നാല് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര നിർവഹിച്ചു. ലബോറട്ടറി സൂപ്പർവൈസർ സിസ്റ്റർ.ജ്യോത്സന സ്വാഗതം ആശംസിച്ചു.
AEYID അക്കാദമി സി.ഇ.ഒ ശ്രീ. ലിജു വർഗീസ് ആശംസകൾ അർപ്പിച്ചു. പരിശീലന പരിപാടിയുടെ ഫാക്കൽറ്റിയായ ഡോ. സി.വി. ആനന്ദ് ISO 15189:2022 സ്റ്റാൻഡേർഡുകളുടെ പ്രായോഗിക പ്രസക്തിയും, ലീഡ് ഓഡിറ്ററായി പ്രവർത്തിക്കാൻ ആവശ്യമായ കഴിവുകളും സംബന്ധിച്ച് സംസാരിച്ചു.
വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകളും പ്രായോഗിക സെഷനുകളും മുഖേന ആഗോളതലത്തിൽ അംഗീകൃത ISO 15189:2022 ലീഡ് ഓഡിറ്ററായി മാറാനുള്ള അവസരമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്. ഗുണമേന്മയും പ്രൊഫഷണൽ മികവും ഉറപ്പാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യ മേഖലയിലെ നിലവാരം ഉയർത്തുന്നതിൽ ലൂർദ് ആശുപത്രി പ്രതിബദ്ധമാണെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്ഥാപനത്തെ നയിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകുമെന്നും അറിയിച്ചു.

