വത്തിക്കാൻ : വടക്കൻ നൈജീരിയയിൽ, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുന സംസ്ഥാനത്തെ നാല് വ്യത്യസ്ത ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 51 പേരെ തട്ടിക്കൊണ്ടുപോകുകയും, ആറു പേരെ വധിക്കുകയും ചെയ്തു. നൈജീരിയൻ സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രധാനമായും ക്രിസ്ത്യാനികൾ കൂടുതലുള്ള സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്താണ് ആക്രമണങ്ങൾ നടക്കുന്നത്.
കജുരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് ഒരു വൈദികൻ ഉൾപ്പെടെ 11 പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കൂടാതെ മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തു. കജുരു പ്രദേശത്തെ, കാർക്കുവിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ഇടവക വികാരി ഫാദർ നഥാനിയേൽ അസുവായേ ഉൾപ്പെടെയുള്ള ആളുകളെയാണ് തട്ടിക്കൊണ്ടുപോയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്വാറയിലെ വോറോ ഗ്രാമത്തിൽ 175 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം, സായുധ കടന്നുകയറ്റം, തട്ടിക്കൊണ്ടുപോകൽ, കന്നുകാലി കൊള്ള എന്നിവയാൽ ജനങ്ങളുടെ സ്വൈര്യജീവിതം തകർന്നിരിക്കുകയാണ്. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം ജിഹാദികളാണെന്ന് ആരോപിച്ചു.
