റവ. ഡോ. ഗ്രിഗറി ആർബി
ദണ്ഡവിമോചനമെന്നത് കൂടുതലായി പാപം ചെയ്യാനുള്ള ലൈസൻസോ, ചെയ്തുപോയ പാപങ്ങൾക്കു മാപ്പു ലഭ്യമാക്കുന്നതോ അല്ല. കൃപ ലഭ്യമാക്കുന്ന മാർഗ്ഗമായതിനാൽ കൃപയുടെ ഒരു യന്ത്രമായും ദണ്ഡവിമോചനത്തെ കരുതാൻ പാടില്ല. ഹൃദയപരിവർത്തനത്തിലേക്കു നയിക്കുന്നതിനാവശ്യമായ കൃപ പ്രദാനം ചെയ്യുന്നതിനാൽ ദണ്ഡവിമോചന പ്രക്രിയ മാനസാന്തരത്തിലേക്കും പുതിയ ജീവിത ദിശയിലേക്കും ആനയിക്കാം. കരുണയുടെ ദാനം വിനയത്തോടും വിശ്വാസത്തോടും കൂടെ സ്വീകരിക്കുവാൻ സഹായിക്കുന്ന സജീവമായ ദൈവസ്നേഹത്തിലേക്കു നയിക്കുന്ന മാർഗ്ഗമാണിത്.
ആമുഖം
രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം ഇന്നും ഏവർക്കും ആവേശം നല്കുന്ന മാതൃകയായും വെല്ലുവിളിയായും തെളിഞ്ഞു നില്ക്കുന്നത്. ഈ വർഷാചരണം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിത വിശുദ്ധിയെക്കുറിച്ചു ചിന്തിക്കുവാനും, ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കു തങ്ങളുടെ ശിഷ്യത്വത്തിലുള്ള പ്രതിജ്ഞ നവീകരിക്കുവാനും അവസരമൊരുക്കുന്നു.
- ജൂബിലിക്കുശേഷമുള്ള പുണ്യവർഷം
2025 ജൂബിലി വർഷം കഴിഞ്ഞുള്ള വർഷമാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി സഭ പ്രഖ്യാപിച്ചിരിക്കുന്നത്. സഭയിലെ 2025 ജൂബിലി ആഘോഷം സമ്മാനിച്ച തീവ്രവും മനോഹരവുമായ ആത്മീയ അനുഭവങ്ങൾക്കുശേഷം വീണ്ടും ഒരു വർഷാചരണത്തിന്റെ പ്രസക്തിയെക്കുറിച്ചു ആശങ്കാകുലരാകുന്നവരുണ്ട്. 2025 ജൂബിലി സഭയിലെ വിവിധ തലങ്ങളിൽ വിവിധങ്ങളായ കർമ്മപരിപാടികളോടും ആഘോഷാചരണങ്ങളോടും കൂടിയാണ് നടത്തിയത്. എന്നാൽ ഈ വർഷാചരണം വിശ്വാസജീവിതത്തിലുള്ള ആഴപ്പെടലിന്റെ അവസരമായി മാറ്റാനാണ് സഭ ആവശ്യപ്പെടുന്നത്. സമ്പത്തും വസ്തുവകകളും വലിച്ചെറിഞ്ഞ വിശുദ്ധ ഫ്രാൻസിസ് പൂർണ്ണമായ സ്വാതന്ത്ര്യം നേടിയത് അവയെല്ലാം ഉപേക്ഷിച്ചപ്പോഴാണ് ഈ മാതൃക ഈ വർഷാചരണത്തിന് പ്രചോദനമാകട്ടെ.
ഈ വർഷാചരണം ആഡംബരപൂർണ്ണമായ ആഘോഷങ്ങൾകൊണ്ടു നിറയ്ക്കാതെ അനുദിനജീവിതത്തിൽ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതരീതി അവലംബിച്ചുകൊണ്ട് ആത്മീയപക്വത പ്രാപിക്കാനുള്ള അവസരമായി തീരണമെന്ന് സഭ ആവശ്യപ്പെടുന്നു. ഈ വർഷാചരണം എല്ലാ ക്രൈസ്തവരെയും വിശുദ്ധിയുടെ മാതൃകകളും സമാധാനത്തിന്റെ സാക്ഷികളുമാക്കുന്ന രീതികളിലാണ് ക്രമപ്പെടുത്തേണ്ടത്.
അസ്സീസിയിലെ ദരിദ്രമായ ജീവിത മാതൃക ദൈവകാരുണ്യത്തിന്റെ കൃപ പുണ്യജീവിതം നയിക്കുന്ന മനുഷ്യർക്ക് ഇന്നും പ്രചോദനമാകുന്നുവെന്ന സന്ദേശം സഭ ബോധ്യപ്പെടുത്തുന്നു. ദൈവിക പ്രവർത്തനങ്ങൾക്കായി പൂർണ്ണമായും ഹൃദയംതുറന്നു കൊടുക്കുന്നതിലൂടെയാണ് ഈ കൃപ ലഭ്യമാകുന്നത്. ഏറ്റവും കാഠിന്യമുള്ള പാപത്തെയും ദൗർബല്യങ്ങളെയും പരിവർത്തനം ചെയ്യാൻ പോന്നതാണ് ഈ വർഷാചരണത്തിലെ ദണ്ഡവിമോചനത്തിലൂടെ ലഭ്യമാകുന്ന ദൈവിക കൃപ.
വിശ്വാസികൾക്കു വിശ്വാസം നവീകരിക്കുവാനും ദൈവത്തോടും സഭാസമൂഹത്തോടുമുള്ള ബന്ധം ശക്തിപ്പെടുത്തുവാനുമുള്ള അവസരമായി ഈ വിശുദ്ധ വർഷാചരണം ചൈതന്യമേകട്ടെ എന്നാണ് സഭ ആഗ്രഹിക്കുന്നത്. ദാരിദ്ര്യത്തിലൂടെ ഫ്രാൻസിസ് അസ്സീസി സ്വന്തമാക്കിയ ആത്മീയ സ്വാതന്ത്ര്യത്തിന്റെ ആത്മീയ അനുഭൂതിയാണ്. ഉപഭോഗസംസ്കാരത്തിൽ അഭിരമിക്കുന്ന ആധുനികകാലത്തിൽ മിതത്വം പാലിക്കാനും വസ്തുവകകളെക്കാളുപരി ദൈവത്തിനും സഹോദരങ്ങൾക്കും പ്രാധാന്യം നല്കുവാനുമുള്ള ആഹ്വാനമാണ് വിശുദ്ധ ഫ്രാൻസിസിന്റെ മാതൃക തെളിഞ്ഞു നില്ക്കുന്നു. ഈ ആഹ്വാനമാണ് ഈ വർഷാചരണത്തിന്റെ വഴികാട്ടിയായി മാറേണ്ടത്.
- ആത്മീയ നവീകരണവർഷം
സമാധാനത്തിന്റെ പുതിയ രീതിയാണ് സംഘർഷം നിറഞ്ഞുതുളുമ്പുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഫ്രാൻസിസ് നല്കുന്നത്. സുവിശേഷത്തിന്റെ വെളിച്ചത്തിൽ ദാരിദ്ര്യാരൂപിയിൽ സ്വന്തമാക്കാനുള്ള ഒന്നാണ് സമാധാനം. തിന്മയോടുള്ള വിരക്തി വർദ്ധിക്കുന്നതിനു ദാരിദ്ര്യം അത്യന്താപേക്ഷിതമാണ്. സമ്പത്തിന്റെ ആർഭാടത്തിൽനിന്നുമുള്ള മോചനം നീതിക്കും സത്യത്തിനും എങ്ങനെ വഴിയൊരുക്കും എന്ന ചിന്തയാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്. ലാളിത്യവും സത്യസന്ധതയുമാണ് വിശുദ്ധ ഫ്രാൻസിസ് നല്കുന്ന പാഠങ്ങൾ. സുവിശേഷം വ്യക്തിജീവിതത്തെ നവീകരിക്കുന്ന മാർഗ്ഗമാക്കി സന്തോഷത്താൽ നിറഞ്ഞ ബന്ധങ്ങൾ സഭയിലാകമാനം രൂപപ്പെടേണ്ടതുണ്ട്. അനുദിന ജീവിതത്തിലെ ബന്ധങ്ങളിൽ വിശ്വാസജീവിതം ക്രമപ്പെടുത്താനുമായുള്ള ഒരു അവസരമായി ഈ വിശുദ്ധ വർഷാചരണം മാറുമ്പോൾക്രൈസ്തവ ജീവിതം നവീകരിക്കപ്പെടും. പ്രാർഥനയിൽ ക്ഷീണമുണ്ടാകാതെ ആഴപ്പെടാനും സുവിശേഷത്തെക്കുറിച്ചു സംസാരിക്കുന്നതിനേക്കാളുപരി ജീവിക്കുന്നതിനുമുള്ള ക്ഷണമാണ് എന്നു തിരിച്ചറിയുവാനുള്ള അവസരമായാണ് ഈ വിശുദ്ധവർഷാചരണത്തെ നോക്കി കാണേണ്ടത്.

സമാധാനത്തിനുവേണ്ടി നിരന്തരം പ്രാർഥിച്ചുകൊണ്ട് സമാധാനം സംസ്ഥാപിക്കുവാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുവാൻ സമാധാനപൂർണ്ണമായ ജീവിതം നയിക്കുവാനുള്ള ആഹ്വാനമാണ് വിശുദ്ധ ഫ്രാൻസിസ് വർഷാചരണത്തിലൂടെ നമുക്ക് ലഭിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് നല്കുന്ന സമാധാന സന്ദേശം ഇന്നും പ്രസക്തമാകുമാറ് വിശുദ്ധ ഫ്രാൻസിസിനെപ്പോലെ സ്വന്തം ജീവിതത്തിലൂടെ ക്രിസ്തു സന്ദേശം പകർന്നു നല്കുന്ന ജീവിതശൈലി അനിവാര്യമാണ്. ദാരിദ്ര്യത്തിന്റെയും എളിമയുടെയും മൂല്യം എല്ലാക്കാലത്തും പ്രസക്തമാണ് എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അവ കാലഹരണപ്പെടാതെ ഇന്നും ജീവിതത്തിന്റെ നാനാമേഖലകളെ ശക്തിപ്പെടുത്തുന്നു. ദാരിദ്ര്യത്തിന്റെയും ഒരുമയുടെയും മാർഗ്ഗമാണ് സമാധാന സംസ്ഥാപനത്തിന്റെ ഉത്തമ മാർഗ്ഗമായി ഫ്രാൻസിസ് മുന്നോട്ടു വയ്ക്കുന്നത്.
- പൂർണ്ണ ദണ്ഡവിമോചനകാലം
ദണ്ഡവിമോചനം പാപം മൂലമുള്ള താത്ക്കാലിക ശിക്ഷയിൽ നിന്നുള്ള മോചനമാണ്. ഒരു വ്യക്തി പാപം ചെയ്തു കഴിഞ്ഞാൽ സഭയിൽ നിലവിലുള്ള കുമ്പസാരമെന്ന കൂദാശവഴി പാപമോചനം ലഭിക്കുന്നു. എന്നിരുന്നാലും ആ വ്യക്തിയുടെ ആത്മാവിലുണ്ടായ പാപക്കറ നീങ്ങിപോകുന്നില്ല. ഇപ്രകാരം നിലനില്ക്കുന്ന പാപക്കറ താത്ക്കാലിക ശിക്ഷക്കു മരണശേഷം കാരണമാകാം. എന്നാൽ ദണ്ഡവിമോചനത്താൽ പാപക്കറ മുഴുവൻ കഴുകി കളയുന്നതിനാൽ താല്ക്കാലിക ശിഷ്യയിൽനിന്നും ഇളവു ലഭിക്കുന്നു.
ദണ്ഡവിമോചനമെന്നത് കൂടുതലായി പാപം ചെയ്യാനുള്ള ലൈസൻസോ, ചെയ്തുപോയ പാപങ്ങൾക്കു മാപ്പു ലഭ്യമാക്കുന്നതോ അല്ല. കൃപ ലഭ്യമാക്കുന്ന മാർഗ്ഗമായതിനാൽ കൃപയുടെ ഒരു യന്ത്രമായും ദണ്ഡവിമോചനത്തെ കരുതാൻ പാടില്ല. ഹൃദയപരിവർത്തനത്തിലേക്കു നയിക്കുന്നതിനാവശ്യമായ കൃപ പ്രദാനം ചെയ്യുന്നതിനാൽ ദണ്ഡവിമോചന പ്രക്രിയ മാനസാന്തരത്തിലേക്കും പുതിയ ജീവിത ദിശയിലേക്കും ആനയിക്കാം. കരുണയുടെ ദാനം വിനയത്തോടും വിശ്വാസത്തോടും കൂടെ സ്വീകരിക്കുവാൻ സഹായിക്കുന്ന സജീവമായ ദൈവസ്നേഹത്തിലേക്കു നയിക്കുന്ന മാർഗ്ഗമാണിത്.
രണ്ടുതരം ദണ്ഡവിമോചനങ്ങളുണ്ട്. പൂർണ്ണ ദണ്ഡവിമോചനവും ഭാഗികമായ ദണ്ഡവിമോചനവുമാണവ. പൂർണ്ണ ദണ്ഡവിമോചനം മരണശേഷം കിട്ടാൻ സാധ്യതയുള്ള എല്ലാ ശിക്ഷകളിൽനിന്നും മോചിപ്പിക്കുന്നു. എന്നാൽ ഭാഗികമായ ദണ്ഡവിമോചനം എല്ലാ ശിക്ഷകൾക്കും പരിഹാരം നല്കുന്നില്ല. പൊറുക്കപ്പെട്ട പാപങ്ങളിൽ അവശേഷിക്കുന്ന പാപക്കറയാൽ ലഭ്യമാകുന്ന താല്ക്കാലിക ശിക്ഷ നീക്കം ചെയ്യുന്ന പൂർണ്ണ ദണ്ഡവിമോചനം ലഭ്യമാകുന്നത് താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കപ്പെടുമ്പോഴാണ്.
- നിബന്ധനകൾ : 1.1 കൃത്യമായ നല്ല കുമ്പസാരം, 1.2 പരിശുദ്ധ കുർബാനയുടെ നിരന്തര സ്വീകരണം, 1.3 പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കുവേണ്ടിയുള്ള പ്രാർഥന ഈ മാർഗ്ഗങ്ങൾ കൃപയുടെ അവസ്ഥയിൽ നിലനിർത്തുകയും കൃപയാൽ പാപമോചനം സാധ്യമാക്കുകയും ചെയ്യുന്നു.
- ആവശ്യമായ പ്രവൃത്തി : ഏതെങ്കിലും ഫ്രാൻസിസ്കൻ കൺവെൻച്വൽ ദേവാലയം സന്ദർശിക്കുകയോ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ നാമധേയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഏതങ്കിലും ദേവാലയം സന്ദർശിക്കുകയോ ചെയ്യേണ്ടത് പൂർണ്ണദണ്ഡവിമോചന പ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ്.
- ലഭ്യത: രോഗികൾക്കും, കിടപ്പുരോഗികൾക്കും വീടുകളിൽനിന്നും പുറത്തിറങ്ങുവാൻ കഴിയാത്തവർക്കും ആത്മീയമായി പങ്കെടുക്കുവാൻ ആഗ്രഹമുള്ള എല്ലാ വിശ്വാസികൾക്കും ഈ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.
പ്രയോഗം: ഈ ദണ്ഡവിമോചനം സ്വയം ലഭിക്കുന്നതിനോ ശുദ്ധീകരണത്തിലെ ആത്മാക്കൾക്കായ് സമർപ്പിക്കുവാനോ സാധിക്കുന്നു.
സമ്പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച അപ്പസ്തോലിക് പെനിറ്റൻഷ്യറിയയുടെ റീജന്റായ ബിഷപ്പു ക്രിസ്റ്റോഫ് നിക്കിയേൽ പറഞ്ഞത് മനുഷ്യനീതിയുടെ അതിരുകൾ ലംഘിക്കുന്ന ദൈവകാരുണ്യം പ്രാപിക്കാനുള്ളയവസരമായി ദണ്ഡവിമോചനത്തെ കാണണമെന്നാണ്. സർവ്വദാ കൃപയൊഴുക്കുന്ന ഒരു ദൈവകൃപയുടെ യന്ത്രമായി ദണ്ഡവിമോചന പ്രക്രിയ മാറരുത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
പാപം ചെയ്തശേഷം കുമ്പസാരിച്ചാലും പാപത്തിൽനിന്നും പൂർണ്ണമായും വിമുക്തമല്ലെങ്കിൽ തെറ്റാണ് എന്നറിഞ്ഞിട്ടും ആ തെറ്റുകൾ ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കും. പാപത്തിൽനിന്നുള്ള വിരക്തി എന്നത് വികാരപരമായ ശുദ്ധി പ്രാപിക്കലല്ല മറിച്ച്, പാപരഹിതമായ അവസ്ഥ സ്വന്തമാക്കുന്ന ഉറച്ച തീരുമാനമാണ്. ദുർബലനാണെങ്കിലും പാപത്തെ പൂർണ്ണമായി ദൈവകൃപയാൽ വെറുക്കുന്നു എന്നും തിരസ്ക്കരിക്കുന്നുവെന്നുമുള്ള ഒരു ഉറച്ച നിലപാടാണ് ദണ്ഡവിമോചനം നേടുന്നതിലൂടെ സ്വന്തമാക്കപ്പെടേണ്ടത് എന്നു സഭ ആഹ്വാനം ചെയ്യുന്നു. ദൈവകൃപ ലഭ്യമാകുന്ന ദണ്ഡവിമോചനത്തെ കുറിച്ചുള്ള ചിന്ത ഈ പുണ്യവർഷം കൂടുതൽ ദൈവകാരുണ്യത്തിലേക്കു നമ്മെ ആനയിക്കുന്നു.
4. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ വർഷാചരണ
സന്ദേശങ്ങളെ താഴെ പറയുന്ന രീതിയിൽ സംഗ്രഹിക്കാം
- ക്രിസ്തുവിൽനിന്നും വീണ്ടും
ശക്തി സംഭരിക്കുന്ന കാലം
ഇത് നിരന്തരമുള്ള ക്രിസ്തുവിലേക്കുള്ള മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നു. സഭയുടെ ഘടനാപരമായ മാറ്റത്തോടൊപ്പം ആത്മീയവും വ്യക്തിപരവുമായി മാറ്റത്തിനാണ് ഊന്നൽ നല്കിയിരിക്കുന്നത്. എളിമ നിറഞ്ഞ മനോഭാവത്തിലൂടെ സുവിശേഷത്തിലേക്കു മടങ്ങാൻ മാനസാന്തരം അത്യന്താപേക്ഷിതമാണ് എന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിക്കുന്നു. ഇത് ജ്ഞാനസ്നാന പ്രവർത്തനങ്ങളെ നവീകരിച്ചുകൊണ്ട് ശാരീരിക സുഖസൗകര്യങ്ങൾക്കതീതമായി ക്രിസ്തുവിനെ തിരഞ്ഞെടുക്കുവാനും പ്രതിഷ്ഠിക്കുവാനും സഹായകമാകുന്നു.
- ദാരിദ്ര്യത്തിലൂടെ സ്വാതന്ത്ര്യം
സ്വന്തമാക്കുന്ന കാലം
സുവിശേഷാധിഷ്ഠിതമായ ദാരിദ്ര്യം സ്വാതന്ത്ര്യത്തിലേക്കുള്ള വിളിയാണ് വിശുദ്ധ ഫ്രാൻസിസ് തെരഞ്ഞെടുത്തത്. ഈ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് സമ്പത്തിനോടും പദവികളോടും അധികാരത്തോടും അനാസക്തി ഉള്ളവരായിരിക്കണമെന്ന് പാപ്പ ഉദ്ബോധിപ്പിക്കുന്നു. സമ്പത്തും വസ്തുവകകളും ഉപേക്ഷിക്കുമ്പോൾ ദൈവപരിപാലനയിൽ ആശ്രയിക്കുവാൻ സാധിക്കുന്നു. ദരിദ്രരോടും പാവപ്പെട്ടവരോടും പക്ഷം ചേരാൻ സാധിക്കുന്നു. ഉപഭോഗ തൃഷ്ണ നിറഞ്ഞ കാലഘട്ടത്തിൽ ലാളിത്യവും വിനയവും സാക്ഷ്യമായാൽ വിശ്വാസ്യതയുള്ളതായി സുവിശേഷം സ്വാതന്ത്ര്യം നല്കും.
- ദരിദ്രരോടുപക്ഷം ചേരുന്ന കാലം
ദരിദ്രരോടുപക്ഷം ചേരുന്ന ഒരു സഭയ്ക്കുവേണ്ടിയാണ് വിശുദ്ധ ഫ്രാൻസിസ് ആസ്സീസി ആഹ്വാനം ചെയ്യുന്നത്. ദരിദ്രരോടു പ്രത്യേക പരിഗണന കാണിക്കുവാൻ തക്കവിധം കുടിയേറ്റക്കാരോടും അഭയാർഥികളോടും വേദനിക്കുന്നവരോടും കരുണ കാണിക്കാൻ നാമും തയ്യാറാകണം. വിശുദ്ധ ഫ്രാൻസിസ് വർഷാചരണത്തിൽ സഭ അവഗണിക്കപ്പെട്ടവർക്കുള്ള വീടായി മാറണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു.
- സാഹോദര്യബന്ധം
നിറയുന്ന സമാധാനകാലം
വിഭജിത ലോകത്തിൽ സമാധാനവും സാഹോദര്യവും സൃഷ്ടിക്കുന്നവരാകാൻ ലിയോ പാപ്പ ആഹ്വാനം ചെയ്യുന്നു. സർവ്വമനുഷ്യരുടെയും ഐക്യവും സ്നേഹവും സംസ്ഥാപിച്ചുകൊണ്ട് ഉളവാകുന്ന സമാധാനം വിശ്വസാഹോദര്യത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടേണ്ടതാണ്. ഇവിടെ അക്രമവും, യുദ്ധവും, ശത്രുതയും തച്ചുടച്ചുകൊണ്ട് സാഹോദര്യത്തിന്റെ സംസ്കാരം പണിതുയർത്തുന്നതിലുമാകണം ശ്രദ്ധവയ്ക്കേണ്ടത്. അതിനായി ക്ഷമയുടെയും പരസ്പരം മാപ്പ് ചോദിക്കുന്നതിന്റെയും പ്രവർത്തനരീതികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. മതങ്ങൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലും സംവാദം വർദ്ധമാനമാക്കുന്ന രീതികളിൽ അവലംബിക്കണം. സമാധാനത്തിന്റെ ഉറവിടം ഹൃദയമാണ്. ഓരോ മനുഷ്യരുടെയും ഹൃദയത്തിൽനിന്നാണ് സമാധാന ശ്രമങ്ങൾ ആരംഭിക്കേണ്ടത്.
- സൃഷ്ടിപരിപാലനകാലം
സൃഷ്ടി പരിപാലനം എന്നത് ഒരു ആത്മീയ ദൗത്യം: സൃഷ്ടിയുടെ വിവരണം സഭയെ പരിസ്ഥിതി സംരക്ഷണ ദൗത്യവുമായി ബന്ധിപ്പിക്കുന്നു. സൃഷ്ടി ദൈവത്തിന്റെ ദാനമാണ്. പൂർണ്ണമായും ആദരിക്കുവാൻ കഴിയുക എന്നത് ഏറെ അത്യന്താപേക്ഷിതമാണ്. ഉത്തരവാദിത്വ പൂർണ്ണവും സുസ്ഥിരവുമായ ജീവിതം നയിക്കുവാൻ പ്രകൃതി സംരക്ഷണം സഹായിക്കും. പരിസ്ഥിതി സംരക്ഷണം ക്രൈസ്തവ വിശുദ്ധിയുടെ ഭാഗമാണെന്ന തിരിച്ചറിവ് ഓരോ ക്രൈസ്തവനും ഉണ്ടാകേണ്ടതാണ്. എല്ലാവർക്കും പൊതുവായ വിശുദ്ധമായ ഭവനമാണ് പ്രകൃതിയും സൃഷ്ടിയും.
- സാക്ഷ്യമാകുന്ന ദൗത്യനിർവഹണ കാലം
ആധിപത്യത്തെക്കാൾ സാക്ഷ്യമാണ് പ്രധാന ദൗത്യമായി മാറേണ്ടത്. വിശുദ്ധ ഫ്രാൻസിസ് തന്റെ ജീവിതസാക്ഷ്യത്തിലൂടെയാണ് സുവിശേഷം പ്രസംഗിച്ചത്. വിനയമനോഭാവത്തിൽ സേവനതല്പരതയിൽ കർമ്മനിഷ്ടനായി ജീവിച്ചു. സ്നേഹവും കരുണയും വിശ്വസ്തതയും നേടിത്തരുന്ന സാന്നിധ്യത്തിലൂടെയും സാക്ഷ്യത്തിലൂടെയും കരുണയുടെ സുവിശേഷ സാക്ഷിയാകാം. അതാണ് യഥാർത്ഥ മിഷൻ പ്രവർത്തനമായി ഫ്രാൻസിസ് കണ്ടെത്തിയത്. സുവിശേഷത്തിന് സാക്ഷികളാകാം.
- വിശുദ്ധ കുർബാന കേന്ദ്രീകൃതകാലം
വിശുദ്ധ കുർബാനയോടും സഭയോടുമുള്ള ആഴമായ സ്നേഹം വിശുദ്ധ ഫ്രാൻസിസിന്റെ മുഖമുദ്രയായിരുന്നു. പൗരോഹിത്യത്തോടും കർമ്മാനുഷ്ഠാനങ്ങളോടുമുള്ള അടക്കാനാവാത്ത ആദരവും ബഹുമാനവും വിശുദ്ധ ഫ്രാൻസിസിന്റെ മുഖമുദ്രയായിരിക്കുന്നു. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ സ്നേഹിച്ചുകൊണ്ട് വിശുദ്ധ കുർബ്ബാനയിലൂടെയും സഭാസമ്മേളനങ്ങളിലൂടെയും സഭാ നവീകരണത്തിനായി പരിശുദ്ധ പിതാവ് ഈ വർഷാചരണത്തിൽ ആഹ്വാനം ചെയ്യുന്നു.
- ആത്മീയ ആനന്ദപൂർണ്ണമായകാലം
സുവിശേഷത്തിൽ പൂർണ്ണമായ ആനന്ദം കണ്ടെത്തിയ വിശുദ്ധ ഫ്രാൻസിസ് ദൈവിക സന്തോഷം അനുഭവിച്ചു ജീവിച്ചവനായിരുന്നു. വേദനകളെ ആത്മീയ സന്തോഷത്താൽ അതിജീവിച്ചു. നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രത്യാശയിൽ ക്രിസ്തു കേന്ദ്രീകൃത സന്തോഷമായിരുന്നു വിശുദ്ധ ഫ്രാൻസിസിന്റേത്. യഥാർത്ഥ വിശ്വാസത്തിന്റെ അടയാളമായ ക്രൈസ്തവ സന്തോഷം കണ്ടെത്തുവാനുള്ള ഒരു വർഷമാണ് ഈ വർഷാചരണം.
- സിനഡാത്മകകാലം
വിശുദ്ധ ഫ്രാൻസിസ് വർഷാചരണം സിനഡാത്മക സഭയിലേക്കുള്ള ആഹ്വാനമായി പാപ്പാ കാണുന്നു. ഒരുമിച്ചു നടക്കുവാനും പരസ്പരം കേൾക്കുവാനും പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിൽ നന്മതിന്മകൾ വിവേചിച്ചറിയുവാനും പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നു. സഭ വിനയമുള്ളവളും, ദരിദ്രാരൂപിനിറഞ്ഞവളും ദൗത്യനിർവഹണതല്പരയും സാഹോദര്യബന്ധത്തിൽ അടിയുറച്ചവളുമാകുവാനുള്ള ആഹ്വാനമാണ് സിനഡാത്മക സഭ എന്നതിലൂടെ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നത്. അതിനുള്ള അവസരമാണ് വിശുദ്ധവർഷാചരണത്തിലൂടെ കൈവരേണ്ടത്.
ക്രോഡീകരണം
വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ മരണവാർഷികാചരണം ദാരിദ്ര്യാരൂപിയിലായിരിക്കണമെന്നു സഭ നിഷ്ക്കർഷിക്കുന്നു. എളിമയിലും പശ്ചാത്താപമനോഭാവത്തിലും ക്രിസ്തുവിശ്വാസത്തിൽ നിരന്തരം ശക്തിപ്രാപിക്കുവാൻ വിശുദ്ധ ഫ്രാൻസിസ് അസീസ്സി ഇന്നും വിശ്വാസികളെ പ്രചോദിപ്പിക്കുന്നു. പ്രത്യേകമായി സമർപ്പിതമായിരിക്കുന്ന ഈ പുണ്യകാലം വിശുദ്ധ ഫ്രാൻസിസ് നമുക്കു കാണിച്ചുതന്ന ദാരിദ്ര്യാ അരൂപി നിറഞ്ഞ പൈതൃകത്തെ ധ്യാനിക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും വാഗ്ദാനം ചെയ്തു ജ്ഞാനസ്നാന പ്രതിജ്ഞ നവീകരിച്ചു വിശ്വാസത്തിലാഴപ്പെടാനുമുള്ളയവസരമാണ് ഈ വർഷാചരണത്തിലൂടെ സഭ ലക്ഷ്യമാക്കുന്നത് ആധിപത്യത്തെക്കാൾ സാക്ഷ്യമാണ് പ്രധാന ദൗത്യമായി മാറേണ്ടത്. വിശുദ്ധ ഫ്രാൻസിസ് തന്റെ ജീവിതസാക്ഷ്യത്തിലൂടെയാണ് സുവിശേഷം പ്രസംഗിച്ചത്. വിനയമനോഭാവത്തിൽ സേവനതല്പരതയിൽ കർമ്മനിഷ്ടനായി ജീവിച്ചു. സ്നേഹവും കരുണയും വിശ്വസ്തതയും നേടിത്തരുന്ന സാന്നിധ്യത്തിലൂടെയും സാക്ഷ്യത്തിലൂടെയും കരുണയുടെ സുവിശേഷ സാക്ഷിയാകാം. അതാണ് യഥാർത്ഥ മിഷൻ പ്രവർത്തനമായി ഫ്രാൻസിസ് കണ്ടെത്തിയത്. സുവിശേഷത്തിന് സാക്ഷികളാകാം.
- വിശുദ്ധ കുർബാന കേന്ദ്രീകൃതകാലംവിശുദ്ധ കുർബാനയോടും സഭയോടുമുള്ള ആഴമായ സ്നേഹം വിശുദ്ധ ഫ്രാൻസിസിന്റെ മുഖമുദ്രയായിരുന്നു. പൗരോഹിത്യത്തോടും കർമ്മാനുഷ്ഠാനങ്ങളോടുമുള്ള അടക്കാനാവാത്ത ആദരവും ബഹുമാനവും വിശുദ്ധ ഫ്രാൻസിസിന്റെ മുഖമുദ്രയായിരിക്കുന്നു. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ സ്നേഹിച്ചുകൊണ്ട് വിശുദ്ധ കുർബ്ബാനയിലൂടെയും സഭാസമ്മേളനങ്ങളിലൂടെയും സഭാ നവീകരണത്തിനായി പരിശുദ്ധ പിതാവ് ഈ വർഷാചരണത്തിൽ ആഹ്വാനം ചെയ്യുന്നു.
- ആത്മീയ ആനന്ദപൂർണ്ണമായകാലം
സുവിശേഷത്തിൽ പൂർണ്ണമായ ആനന്ദം കണ്ടെത്തിയ വിശുദ്ധ ഫ്രാൻസിസ് ദൈവിക സന്തോഷം അനുഭവിച്ചു ജീവിച്ചവനായിരുന്നു. വേദനകളെ ആത്മീയ സന്തോഷത്താൽ അതിജീവിച്ചു. നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രത്യാശയിൽ ക്രിസ്തു കേന്ദ്രീകൃത സന്തോഷമായിരുന്നു വിശുദ്ധ ഫ്രാൻസിസിന്റേത്. യഥാർത്ഥ വിശ്വാസത്തിന്റെ അടയാളമായ ക്രൈസ്തവ സന്തോഷം കണ്ടെത്തുവാനുള്ള ഒരു വർഷമാണ് ഈ വർഷാചരണം.
- സിനഡാത്മകകാലം
വിശുദ്ധ ഫ്രാൻസിസ് വർഷാചരണം സിനഡാത്മക സഭയിലേക്കുള്ള ആഹ്വാനമായി പാപ്പാ കാണുന്നു. ഒരുമിച്ചു നടക്കുവാനും പരസ്പരം കേൾക്കുവാനും പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിൽ നന്മതിന്മകൾ വിവേചിച്ചറിയുവാനും പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നു. സഭ വിനയമുള്ളവളും, ദരിദ്രാരൂപിനിറഞ്ഞവളും ദൗത്യനിർവഹണതല്പരയും സാഹോദര്യബന്ധത്തിൽ അടിയുറച്ചവളുമാകുവാനുള്ള ആഹ്വാനമാണ് സിനഡാത്മക സഭ എന്നതിലൂടെ പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നത്. അതിനുള്ള അവസരമാണ് വിശുദ്ധവർഷാചരണത്തിലൂടെ കൈവരേണ്ടത്.
ക്രോഡീകരണം
വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ മരണവാർഷികാചരണം ദാരിദ്ര്യാരൂപിയിലായിരിക്കണമെന്നു സഭ നിഷ്ക്കർഷിക്കുന്നു. എളിമയിലും പശ്ചാത്താപമനോഭാവത്തിലും ക്രിസ്തുവിശ്വാസത്തിൽ നിരന്തരം ശക്തിപ്രാപിക്കുവാൻ വിശുദ്ധ ഫ്രാൻസിസ് അസീസ്സി ഇന്നും വിശ്വാസികളെ പ്രചോദിപ്പിക്കുന്നു. പ്രത്യേകമായി സമർപ്പിതമായിരിക്കുന്ന ഈ പുണ്യകാലം വിശുദ്ധ ഫ്രാൻസിസ് നമുക്കു കാണിച്ചുതന്ന ദാരിദ്ര്യാ അരൂപി നിറഞ്ഞ പൈതൃകത്തെ ധ്യാനിക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും വാഗ്ദാനം ചെയ്തു ജ്ഞാനസ്നാന പ്രതിജ്ഞ നവീകരിച്ചു വിശ്വാസത്തിലാഴപ്പെടാനുമുള്ളയവസരമാണ് ഈ വർഷാചരണത്തിലൂടെ സഭ ലക്ഷ്യമാക്കുന്നത്.

