ബോബന് വരാപ്പുഴ
മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.
രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചെടുക്കുന്നതിനായി ലോകത്തുണ്ടായ സായുധ വിപ്ലവങ്ങളെല്ലാം വന്‍ ദുരന്തങ്ങളായി മാറിയ ചരിത്രങ്ങളാണ് പറയാനുള്ളത്. വിപ്ലവാനന്തരം മുതലാളിത്ത ഫ്യൂഡലിസത്തെ മാറ്റിയപ്പോള്‍ തന്നെ, സ്ഥാപിതമായ
വിപ്ലവകാരികളുടെ ഭരണകൂടങ്ങള്‍, മുന്‍ ഭരണകൂടങ്ങളെക്കാളും ഇരട്ടിയായി അനുവര്‍ത്തിച്ച രാഷ്ട്രീയ ഫ്യുഡലിസവും ഏകാധിപത്യവും, കൊന്നും കൊലവിളിച്ചും കൊള്ളയടിച്ചും അതാതിടത്തെ ജനങ്ങളെ പരമാവധി ദ്രോഹിച്ചു. ഇതില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ പില്ക്കാലത്ത് അവറ്റകളെ തച്ചുടച്ചും പെരുവഴിയിലിട്ട് തല്ലിക്കൊന്നും വെടിവച്ചുകൊന്നും, ഒരിക്കല്‍ കവര്‍ന്നെടുക്കപ്പെട്ട തങ്ങളുടെ സ്വാതന്ത്ര്യം തിരികെ പിടിച്ചു……
ഇന്നത്തെ ലോക കമ്യൂണിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലം ഇതായിരിക്കെ, ഒരു കാലത്ത് കേരളത്തെ മുള്‍മുനയില്‍ നിറുത്തിയ നക്സലേറ്റു നേതാക്കളില്‍ പലരും ഈ സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയെന്ന പോലേ ,, കടുത്ത പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരായി പഴയ തീവ്ര രാഷ്ട്രീയലൈനുകള് ഉപേക്ഷിച്ച് പുതിയ മേച്ചില്‍പ്പുറങ്ങളില്‍ ചേക്കേറി. അതില്‍ ഒട്ടും അപ്രധാനിയല്ലാത്ത നക്സലേറ്റ് നേതാവായിരുന്ന ശ്രീ. വെളളത്തൂവല്‍ സ്റ്റീഫന്‍ തന്റെ ആത്മകഥ പറയുകയാണ്-
വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ എന്ന പുസ്തകത്തില്‍.
ഇന്ത്യയിലെ സി.പി.ഐ.എം.എല്‍ ഗ്രൂപ്പുകള്‍ക്ക് എക്കാലത്തും ചൈനയോടും മാവോയോടുമായിരുന്നു അടുപ്പം.
അതുകൊണ്ടായിരിക്കണം അവര്‍ക്കെല്ലാം മാവോയിസ്റ്റ് എന്ന പൊതുവിശേഷണം വന്നത്.
ദാരിദ്ര്യം മൂലം കോട്ടയത്തുനിന്ന് പറിച്ചു നടപ്പെട്ടതാണ് സ്റ്റീഫന്റെ കുടുംബം. കടുത്ത സിപിഎം പ്രവര്‍ത്തകനും പ്രാദേശിക നേതാവും പത്രം ഏജന്റുമായിരുന്നു പിതാവായ സക്കറിയ. അമ്മ, അന്നമ്മ കര്‍ഷക തൊഴിലാളിയും. ഒരു മകന് പിറന്നാല്‍ അവനെ മണര്‍കാട് പള്ളിയില്‍ അടിമ വെച്ചേക്കാമെന്ന് നേര്‍ന്നതിന്റെ ഫലമായി ആ അമ്മക്ക് ഉണ്ടായ മകനാണ് സ്റ്റീഫന്‍.
ജ്ഞാനസ്നാന പേര് എസ്തഫാനോസ് എന്നായിരുന്നു. ബന്ധുവായ പാമ്പാടി തിരുമേനിയാണ് ആ പേരിട്ടത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ശ്രീ. ഉമ്മന്‍ ചാണ്ടിയും തന്റെ ബന്ധുവാണെന്ന് ഈ പുസ്തകത്തിലൂടെ സ്റ്റീഫന്‍ പറയുന്നു.
ഏഴാം തരത്തില്‍ വിദ്യാഭ്യാസം നിലച്ച സ്റ്റീഫന്‍ വായനയിലൂടെയാണ് പിന്നീട് രാഷ്ട്രീയ വിദ്യഭ്യാസം നടത്തിയത്. സിപിഐക്കാരനായിരുന്നു. തനിക്ക് ഏഴു വയസ്സുള്ളപ്പോഴാണ് ഒമ്പതംഗ കുടുംബം ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറിയത്. അവിടെയെത്തിയ ആദ്യ കാലങ്ങളില്‍ തന്റെ കുടുംബം അനുഭവിച്ച വിഷമതകള്‍, പട്ടിണി … എല്ലാം സ്റ്റീഫന്‍ എഴുതുന്നുണ്ട്. ഇതിനിടയിലും കമ്മമൂണിസ്റ്റ് സാഹിത്യം വായിച്ചു പഠിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നു.
ഒരിക്കല്‍ നാട്ടില്‍ ഒരു പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് സമ്മാനമായി സഖാവ് ഗോപിയെന്നയാള് ഗ്രാമത്തലയ്ക്കല്‍ എന്ന പുസ്തകം നല്കി. അന്നുമുതല്‍ ആ ശ്രേണിയില്‍പ്പെട്ട പുസ്തകങ്ങള്‍ സ്റ്റീഫനെ തേടിയെത്തി.
രാത്രിയില്‍ മണ്ണെണ്ണ വെട്ടത്തിലിരുന്ന് സ്റ്റീഫന്‍ വായനയുടെ ലോകത്തിലെത്തി.
സിപിഎം കാരനായ കെ.പി.ജോസഫ് എന്ന തയ്യന്ക്കാരന്റെ കീഴില്‍ തുന്നല്‍ പണി പഠിക്കാന്‍ ചേര്‍ന്ന സ്റ്റീഫന്‍ അന്നത്തെ ആ സാഹചര്യത്തെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളത്. നക്സലൈറ്റുകളെ സംബ്ബദ്ധിച്ചിടത്തോളം സിപിഎം കാരാണ് ഏറ്റവും വലിയ ഒറ്റുകാരെന്നാണ് സ്റ്റീഫന്റെ ശക്തമായ അഭിപ്രായം. തങ്ങളുടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ആവേശഭരിതരായ നിരവധി സിപിഎം പ്രവര്‍ത്തകര്‍ അക്കാലത്ത് ആ പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം കൂടി …. ആ കൊഴിഞ്ഞു പോക്കിലുളള അസഹിഷ്ണുതയാണെത്രെ ഈ ഒറ്റി തോല്‍പ്പിക്കുന്നതിനുള്ള കാരണം.
നാടും വീടും വിട്ട് ചാലക്കുടിയിലെത്തിയ സ്റ്റീഫന്‍ കൊരട്ടിയില്‍ സിപിഐ. അനുഭാവിയായ ഒരു മേനോന്റെ ഉടമസ്ഥതയിലുളള കല്‍ക്കട്ട ടൈലേഴ്സില്‍ തയ്യല്‍ പഠിക്കാന്‍ ചേരുകയും ആ തൊഴിലില്‍ പ്രാവിണ്യം നേടുകയും അതിനെ ജീവിത മാര്‍ഗ്ഗവുമായി സ്വീകരിച്ചു വരികേയാണ് അമ്മയെ കാണണം എന്ന കലശലായ മോഹത്തെ തുടര്‍ന്ന് വെള്ളത്തൂവലിലേക്ക് മടങ്ങിയത്. തുടര്‍ന്ന് അടിമാലിയില്‍ സ്വന്തം തുന്നല്‍ കട തുറന്നു. അവിടെ തുന്നല്‍പ്പണിയും രാഷ്ട്രീയ പ്രവര്‍ത്തനവുമായി കുറേക്കാലം ജീവിച്ചു.
1964-ല്‍ സിപിഐ പിളര്‍ന്നു. സ്റ്റീഫന്‍ സിപിഐല്‍ തന്നെ നിന്നു. കോണ്‍ഗ്രസിന്റെയും വലതുപക്ഷ രാഷ്ട്രിയ ലൈനുകള്‍ പോലേ കര്‍ഷക രക്ഷകര്‍ക്ക് ഗുണകരമല്ല തന്റെ പാര്‍ട്ടിയുടെയും നയങ്ങളെന്ന് തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്റ്റീഫന്‍ വിപ്ലവപ്രസ്ഥാനങ്ങളുമായി അടുത്തു.
അക്കാലത്ത് ഹൈറേഞ്ചിലുണ്ടായ ഒരു കുടിയേറ്റ സമരത്തിനെതിരെ സിപിഎമ്മും സിപിഐയും പൊലീസിനെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിക്കാന്‍ കുടിയേറ്റക്കാര്‍ സ്റ്റീഫന്റെ സഹായം തേടി. അവര്‍ക്കായുള്ള ഇടപെടലുകളും സംസാരവുമെല്ലാം വെള്ളതൂവലിലെ ബീഡി തെറുക്കുന്ന ഒരു സംഘത്തിന്റെ പ്രവര്‍ത്തകരിലേക്ക് സ്റ്റീഫനെകൊണ്ടു ചെന്നെത്തിക്കുകയും ചെയ്തു. കുന്നിക്കല്‍ നാരായണന് വിവര്‍ത്തനം ചെയ്യുന്ന മാവോ സാഹിത്യം വിതരണം നടത്തുന്ന വി.എം. ദാസുമായി അവിടെ വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും അതിനൊടുവില്‍ നക്സലിസത്തിലേക്ക് ആകൃഷ്ടനാകുകയും ചെയ്തു.
പാര്‍ട്ടി, സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം വയനാട്ടിലെ അടിയാന്മാരുടെയും അധ്വാനിക്കുന്ന തൊഴിലാളികളുടെയും അഭിമാനവും വിശ്വാസവുമായിരുന്ന സഖാവ് വര്‍ഗീസിനൊപ്പം വയനാടന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു.
വര്‍ഗ്ഗീസ് പൊലീസ് കസ്റ്റഡിയില്‍ മൃഗീയമായി വധിക്കപ്പെട്ടതിനു ശേഷവും സ്റ്റീഫന്‍ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു.
കേരളത്തിലങ്ങോളമിങ്ങോളം നക്സല്‍ പ്രവര്‍ത്തനവും സംഘാടനങ്ങളുമായി ഓടി നടന്നു. ചിലയിടങ്ങളില്‍ കൊലപാതകങ്ങളില്‍ വരെ എത്തിയ അറ്റാക്കുകളും നടന്നു.
കുട്ടനാട്ടില്‍ വച്ച് ബോംബു നിര്മാണ്ണത്തിനിടെ പൊട്ടിത്തെറിച്ച രാസവസ്തുക്കളുടെ ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് അതിദാരുണമായി പരിക്കേറ്റതിനാല്‍, ഗുരുതരമായ ആ അവസ്ഥയില്‍ തന്നെ ദീര്‍ഘകാലം പരിമിതികളുടെ ഇടയില്‍ ഒളിവില്‍ കഴിയേണ്ടി വന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്കു പുതിയതായി വന്നവര്‍ അവരുടെ ദേശങ്ങളില്‍ വിപ്ലവത്തിന്റെ തീപ്പൊരി വീഴ്ത്താന്‍ ആഗ്രഹിച്ചു കൊണ്ട് തങ്ങള്‍ നക്സ് ലൈറ്റുകളാണെന്ന് മേനി നടിക്കാനുമായി അതാതു നാട്ടിലെ ജന്മികളായവരെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതില്‍ ചിലതിനെ പ്രായോഗികമാക്കാന്‍ ഒപ്പം നില്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളും ഉണ്ടായി. നഗരൂരും കുമ്മിളിലും സംഭവിച്ചത് അതാണ്.
നഗരൂരിലെ കുറിയേടത്ത് പോറ്റിയെ വധിക്കാനെത്തിയ നക്സലേറ്റുകള്‍ അദ്ദേഹത്തെ കാണാത്ത സാഹചര്യത്തില്‍ ചെറുപ്പക്കാരനായ മകനെ കൊന്നു. ശേഷം, പരാക്രമം അവിടം കൊണ്ടും അവസാനിപ്പിക്കാതെ അടുത്തു തന്നെ താമസിക്കുന്ന മറ്റൊരു മകന്റെ വീട്ടിലെത്തി, അദ്ദേഹത്തേയും, അക്രമം തടയാന്‍ ശ്രമിച്ച വേലക്കാരനേയും വധിച്ചു. സ്റ്റീഫനും കൂട്ടരും ഒളിവില്‍ പോയി. ജീവനോടെയോ അല്ലാതേയോ സ്റ്റീഫനെ ഏതു വിധേയനേയും പിടികൂടണമെന്ന നിര്‍ദേശം പൊലീസിന് നല്കപ്പെട്ടു.
അപ്പോഴും ഒളിവില്‍ തന്നെ പ്രവര്‍ത്തനം തുടര്‍ന്നു. ആലുവയിലും കളമശ്ശേരിയിലും പ്രവര്‍ത്തിച്ചു. എറണാകുളത്തെ ചിലവന്നൂരിലെ ഒരു കുടിലില്‍ ഒളിവില്‍ താമസിച്ചു വരവേ ഒരു സിപിഎം കാരന്റെ ഒറ്റ് മൂലം സ്റ്റീഫന്‍ പൊലീസ് പിടിയിലായി. ക്രൂരമായ ജയില്‍ മര്‍ദ്ദനത്തിനൊടുവില്‍ ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.

