ന്യൂഡൽഹി: ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കം പരിഹരിക്കപ്പെട്ടതോടെ ഇന്ത്യയ്ക്ക് എക്കാലത്തേക്കും സമാധാനപരമായ ഒരു ഭാവി ഉണ്ടാകുമെന്ന് സുപ്രീം കോടതിയും രാജ്യത്തെ ജനങ്ങളും പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരിവാർ നേതൃത്വത്തിന്റെ തുറന്ന പിന്തുണയോടെ ഹിന്ദുത്വ ഘടകങ്ങൾ രാജ്യത്തുടനീളം ഒരു പള്ളിക്ക് മുകളിൽ നിന്ന് മറ്റൊന്നിലേക്ക് അവകാശവാദം ഉന്നയിക്കാൻ തുടങ്ങിയിരിക്കുകയാണ് . കാശിയിലെയും മഥുരയിലെയും മുസ്ലിം പള്ളികൾ കൂടി ‘തർക്കമന്ദിര’മാക്കപ്പെടുകയാണ് .
രാമക്ഷേത്രം എന്ന സ്വപ്നം പൂർത്തീകരിച്ചുവെന്നും ഇനി മഥുര-വൃന്ദാവനത്തിന്റെ ഊഴമാണെന്നും ബിജെപി ഞായറാഴ്ച അവരുടെ എക്സ് ഹാൻഡിൽ പറഞ്ഞു . വിവാദ ആൾദൈവം ബാബ ബാഗേശ്വറിന്റെ അഭിമുഖ വീഡിയോ പോസ്റ്റുചെയ്തുകൊണ്ടാണ് ബി.ജെ.പിയുടെ ഔദ്യോഗിക ‘എക്സ് ’ പേജ് വഴിയുള്ള പുതിയ പ്രഖ്യാപനമെത്തുന്നത്. ശ്രീരാമൻ സിംഹാസനസ്ഥനായി, ഇനി കൃഷ്ണനും തൽസ്ഥാനത്ത് ഇരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ബാബ ബാഗേശ്വറിന്റെ വാക്കുകൾ. രാജ്യത്ത് വിശ്വാസവും പാരമ്പര്യവും ഇപ്പോൾ കൂടുതൽ ബഹുമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഥുരയിലെയും കാശിയിലെയും ക്ഷേത്രങ്ങൾക്കായുള്ള നീക്കങ്ങളിൽ പങ്കെടുക്കില്ലെന്ന് ആർഎസ്എസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു,അയോധ്യ രാമക്ഷേത്ര പോലെ സമാനമായ ഒരു ക്ഷേത്ര പ്രസ്ഥാനങ്ങളിൽ ആർ.എസ്.എസ് ഭാഗമാവില്ലെന്ന സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കു പിന്നാലെയാണ് രാമക്ഷേത്രത്തിനു ശേഷമുള്ള ലക്ഷ്യം കുറിക്കുന്ന പോസ്റ്റുമായി ബി.ജെ.പി രംഗത്തെത്തിയത്.
രണ്ട് ക്ഷേത്രങ്ങളെക്കുറിച്ചുമുള്ള ആർഎസ്എസിന്റെ കാഴ്ചപ്പാട് മുസ്ലീങ്ങൾ അവ ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ്. ഇന്ത്യയെ ഒരു യഥാർത്ഥ ഹിന്ദു രാഷ്ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയ്ക്ക് ബാബറി മസ്ജിദ്-ജന്മഭൂമി ഭൂമിയും അതിനെ തുടർന്നുള്ള മറ്റ് പ്രശ്നങ്ങളും പൂർണ്ണമായും രാഷ്ട്രീയ പ്രശ്നങ്ങളാണ്.
അവയ്ക്കുള്ള ജുഡീഷ്യൽ പരിഹാരം പരിഹാരമല്ല. അത് പരിഹരിക്കാൻ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. എന്നാൽ ആരാണ് പൂച്ചയ്ക്ക് മണി കെട്ടുക ?

