പക്ഷം / ഡോ. മാര്ട്ടിന് എന്‍ ആന്റണി ഒ. ഡി എം
പ്രതീക്ഷയെ മറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ ജീവിക്കുന്നത്. സാമൂഹികവും മതാത്മകവുമായ സംഘര്‍ഷങ്ങള്‍ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത് തുടരുന്നു. അവരുടെ ഭാവിയെയും അതിജീവനത്തെയും വേരോടെ പിഴുതെറിയാന്‍ ചിലര്‍ കോപ്പുകൂട്ടുന്നു. ഭാരതസംസ്കാരത്തിന്റെ തനിമയായ ആതിഥ്യമര്യാദയുടെ വാതിലുകള്‍ ആരൊക്കെയോ മണിച്ചിത്രത്താഴു കൊണ്ടു പൂട്ടാന്‍ ശ്രമിക്കുന്നു.
പ്രത്യാശ എന്നത് ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയെ സൂചിപ്പിക്കുന്ന പദമാണ്. ‘ഒരു ലക്ഷ്യത്തിലേക്ക് പരിശ്രമിക്കുക’ എന്നര്‍ത്ഥമുള്ള ‘ആശ’ എന്ന സംസ്കൃത പദവുമായാണ് അതു ബന്ധപ്പെട്ടിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തില്‍, പ്രത്യാശ എന്നത് ശുഭാപ്തിവിശ്വാസമുള്ള ഒരു വികാരം മാത്രമല്ല, മറിച്ച് ഒരാളാണ്. ദൈവത്തെ സ്തുതിച്ചുകൊണ്ട് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഉദ്ഘോഷിക്കുന്നതുപോലെ: ‘നീ ഞങ്ങളുടെ പ്രത്യാശയാണ്’. ഇരുണ്ടതും അനിശ്ചിതവുമായ നിമിഷങ്ങളില്‍ സ്വയം രാജിയാകാതെ ഒരു പടയാളിയെപോലെ പോരാടാനായി ഉള്ളില്‍ ഉണരുന്ന ആര്‍ജ്ജവത്തിന്റെയും പ്രേരണയുടെയും കൂടി പര്യായമാണത്. വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയുള്ള പ്രതീക്ഷയാണത്.
‘കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി’ (ജറെ 29: 11).
കത്തോലിക്കാ വിശ്വാസമനുസരിച്ച്, പ്രത്യാശ എന്നത് ചരിത്രം ദൈവത്തിന്റെ കൈകളിലാണെന്നും അത് ദൈവത്തിലേക്ക് മടങ്ങുമെന്നും ഉള്ള ആത്മവിശ്വാസമാണ്. അതൊരു ഉത്തരവാദിത്തമാണ്. പത്രോസിന്റെ ആദ്യത്തെ ലേഖനത്തില്‍ പറയുന്നു: ‘ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍’ (1 പത്രോ 3:15). ദൈനംദിന ജീവിതത്തില്‍ സാക്ഷ്യത്തിലൂടെ രൂപപ്പെടുന്ന ഒരു ഉത്തരവാദിത്തമാണത്. പത്രോസപ്പോസ്തലന് നമ്മോട് പറയുന്നതുപോലെ, നമ്മുടെ ഉള്ളിലുള്ള പ്രത്യാശ വെല്ലുവിളിക്കപ്പെട്ടാല്‍ അതിനെക്കുറിച്ച് വിശദീകരണം നല്കാന് നമുക്ക് അവകാശമുണ്ട്. അതിനാല്‍, പ്രത്യാശ എന്നത് ക്ഷേമത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു സ്വപ്നം മാത്രമല്ല, ഒരു പ്രവൃത്തി കൂടിയാണ്. അത് സംഭാഷണം, പരിചരണം, ശ്രവണം, ആശ്വാസം, ആതിഥ്യം എന്നിവയിലൂടെ സംഭവിക്കുന്ന ഒരു നിര്‍മ്മാണമാണ്.
ആ പ്രത്യാശയെ ഇല്ലാതാക്കാനാണ് ഭരണകൂടത്തിന്റെ സഹായത്തോടുകൂടെ ചില വലതുപക്ഷ തീവ്രസംഘടനകള്‍ ക്രൈസ്തവരെയും കത്തോലിക്കാ സമര്‍പ്പിതരെയും ആക്രമിച്ചുകൊണ്ട് ഭാരതമണ്ണിന് അവിശ്രാന്തം പരിശ്രമിക്കുന്നത്. അവര്‍ വെല്ലുവിളിക്കുന്നത് പ്രത്യാശയില്‍ അടങ്ങിയിരിക്കുന്ന ക്ഷമ, സ്ഥിരോത്സാഹം, പരിചരണം, ആശ്രയത്വം, ഐക്യദാര്‍ഢ്യം, അനുഭാവം, പ്രത്യേകിച്ച് സഹിക്കുന്നവരോടുള്ള അനുഭാവം തുടങ്ങിയവയെയാണ്.
എപ്പോഴാണ്, വാസ്തവത്തില്‍, പ്രത്യാശ ജനിക്കുന്നത്?
അവശിഷ്ടങ്ങള്‍ക്കിടയിലും ചില തിന്മകളുടെ സാമീപ്യം നമ്മില്‍ ഉണര്‍ത്തുന്ന ധൈര്യത്തില്‍ നിന്നുമാണ്. പ്രതീക്ഷയെ മറയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ ജീവിക്കുന്നത്. സാമൂഹികവും മതാത്മകവുമായ സംഘര്‍ഷങ്ങള്‍ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത് തുടരുന്നു. അവരുടെ ഭാവിയെയും അതിജീവനത്തെയും വേരോടെ പിഴുതെറിയാന്‍ ചിലര്‍ കോപ്പുകൂട്ടുന്നു. ഭാരതസംസ്കാരത്തിന്റെ തനിമയായ ആതിഥ്യമര്യാദയുടെ വാതിലുകള്‍ ആരൊക്കെയോ മണിച്ചിത്രത്താഴു കൊണ്ടു പൂട്ടുവാന്‍ ശ്രമിക്കുന്നു. ദാരിദ്ര്യത്തിന്റെയും അനീതിയുടെയും ചൂഷണത്തിന്റെയും കഥകള്‍ നാം ദിവസവും കേള്‍ക്കുന്നു. ജാതികോമരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അടിമത്തം നമ്മുടെ പട്ടണങ്ങളിലേക്കു പോലും എത്തുന്നു. വാര്‍ത്തകളില്‍ ഒന്നും നിറയാത്ത കുടിയേറ്റക്കാര്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ നടുവില്‍ ഒറ്റപ്പെടുന്നു. അഭയാര്‍ത്ഥികളായി അന്യസംസ്ഥാനങ്ങളിലേക്ക് കടന്നുവന്ന തൊഴിലാളികള്‍ അന്തസ്സില്ലാത്ത ഒരു വിപണിയുക്തിക്ക് വിധേയരാകുന്നു. അങ്ങനെ മനുഷ്യത്വം ഇല്ലാത്ത ദേശീയതയിലേക്കും പൗരബോധത്തിലേക്കുമാണ് നമ്മെ ചിലര്‍ നയിക്കാന്‍ ശ്രമിക്കുന്നത്.
ഭാഷയാണ് ഉണ്മയുടെ ഭവനം. അതായത് നമ്മുടെ ഭവനം നമ്മുടെ വാക്കുകളാണ്. വാക്കുകള്‍ ഭീഷണിയാകുന്ന ഇടം ഭവനമല്ല, നരകമാണ്. അവിടെ വാക്കുകളുടെ മധ്യസ്ഥ ശക്തി നഷ്ടപ്പെടും. അപ്പോള്‍ പരിഹാരമാര്‍ഗമായി സംഘര്‍ഷങ്ങളും ആയുധങ്ങളും ഉപരോധങ്ങളും കടന്നുവരും. വാക്കുകളാണ് നമ്മെ മനുഷ്യരാക്കുന്നത്. ‘നമ്മള്’ എന്നു പറയാന്‍ നമ്മെ അനുവദിക്കുന്നതും സമൂഹത്തെ സൃഷ്ടിക്കുന്നതും നമ്മുടെ വാക്കുകളാണ്. നമ്മള് ഭയപ്പെടേണ്ടത് വാക്കുകള്‍ കൃത്രിമമായി ഉപയോഗിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയ അധികാരികളെയാണ്. അവരുടെ കരങ്ങളിലാണ് ഭാരതം.
അവരുടെ ഭാഷണങ്ങളില്‍ നിന്നും ധാര്‍മ്മിക മാനം അന്യമായി കൊണ്ടിരിക്കുന്നതുകൊണ്ടാണ് അവരുടെ അനുയായികള്‍ അനീതിയുടെ വക്താക്കളായി മാറുന്നത്. നോക്കുക, അവര്‍ ആശ്രയിച്ചിരിക്കുന്ന വര്‍ഗീയത എന്ന വലിയ നുണ പലരെയും ആകര്‍ഷിക്കുന്നത് അവസാനിക്കുന്നില്ല. വേദനയുടെ അറ്റ്ലസ് അസ്വീകാര്യമായ ദുരന്തങ്ങളെ വിവരിക്കുന്നത് തുടരുന്നു. അതില്‍ ഇരകളാകുന്നവര്‍ ന്യൂനപക്ഷങ്ങള്‍ മാത്രമാണ്. നിയമവും ശിക്ഷയും ചിലര്‍ക്കുവേണ്ടി മാത്രമായി നിലനില്‍ക്കുന്നതായി തോന്നുന്നു. അങ്ങനെ അവര്‍ ഭരണഘടനയെ ശ്വാസംമുട്ടിക്കുകയും കൊല്ലുകയും ചെയ്യുന്നു. നാനാത്വത്തില്‍ ഏകത്വം ഇനി ഒരു മൂല്യമല്ല. അധികാരത്തിലെ അഭിനേതാക്കള്‍ മാറുന്നു, പക്ഷേ ഇരകള്‍ എല്ലായ്പ്പോഴും ഒരുപോലെയാണ്: കുടുംബങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, വികലാംഗര്‍. ഇരകള്‍ ന്യൂനപക്ഷവും ദളിതരും ആദിവാസികളും അവരുടെ ജീവിക്കാനുള്ള അവകാശവുമാണ്. അവര്‍ ഇന്നു ഭാരതമണ്ണില്‍ അവഗണിക്കപ്പെടുന്നു, തകര്‍ക്കപ്പെടുന്നു, അസാധുവാക്കപ്പെടുന്നു.
ഒരാളെ അറിഞ്ഞുകഴിഞ്ഞാല്‍, ആ നിമിഷം മുതല്‍ നമുക്ക് അയാളുടെ ആവശ്യങ്ങളോട് നിസ്സംഗത പുലര്‍ത്താന്‍ കഴിയില്ല. നമ്മുടെ സഹജീവികളെ നിഷേധിക്കുന്നത് നമുക്ക് ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്ക്. കാരണം, അവരുടെ അറിവിന്റെ ഉറവിടവും അനുഭവങ്ങളുടെ സത്തയും ക്രിസ്തു മാത്രമാണ്. അതുകൊണ്ടുതന്നെ ക്രിസ്തുവിനെ സ്വന്തം ഉണ്മയുടെ കാതലായി മാറ്റിയിരിക്കുന്ന സമര്‍പ്പിതര്‍ക്ക് ആരെയും അവഗണിക്കാന്‍ സാധിക്കില്ല. പാവപ്പെട്ടവരോടുള്ള അവരുടെ കരുതലിനെ മതപരിവര്‍ത്തനം എന്നു വ്യാഖ്യാനിക്കുന്നത് വര്‍ഗീയതയെ ഉത്തേജിപ്പിക്കുന്നതിനു മാത്രമേ ഉപകരിക്കൂ. മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാന്‍ അനുവദിക്കാത്ത ചാതൂര്വര്ണ്ണ്യത്തില് അഭിരമിക്കുന്നവര്‍ ഹിംസയുടെ ഭൗതികതയിലും, അതിന്റെ ഭ്രാന്തമായ അക്രമത്തിലും ആശ്രയിക്കുന്നത് പതിവായിരിക്കുന്നു. അര്‍ത്ഥശൂന്യമായ ഈ ഭ്രാന്തിനാല്‍ മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുന്നു.
മനുഷ്യത്വമില്ലായ്മ ‘ജയ് ശ്രീറാം’ വിളിക്കുന്നവരുടെ ഒരു സ്ഥിരം സാധ്യതയാണെന്ന പ്രതീതി അവര്‍ സൃഷ്ടിക്കുന്നു.
നമ്മള് മനുഷ്യരാകുന്നത് പരസ്പരം കണ്ടുമുട്ടുമ്പോഴും അടുക്കുമ്പോഴും അപരന്റെ തനിമയെ ബഹുമാനിക്കുമ്പോഴും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി സംഭാഷണത്തിനായി സ്വയം തുറന്നു കൊടുക്കുമ്പോഴുമാണ്. ഇവിടെ അക്രമത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായ വാള് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഭാരതമണ്ണില്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രാന്തമായ സഹജ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ സ്വയം ചോദിക്കുന്നുണ്ട്: എങ്ങനെ പ്രതികരിക്കണം? എന്താണ് പ്രതിവിധി? നമുക്ക് എങ്ങനെ പ്രത്യാശയുടെ ഇടങ്ങള്‍ തുറക്കാന്‍ കഴിയും?
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട ആ രണ്ട് സന്യാസിനിമാരുടെയും ആ ക്രൈസ്തവ മക്കളുടെയും കണ്ണുകളില്‍ ഞാന്‍ നിരാശ കണ്ടില്ല. അവരില്‍ പ്രത്യാശ ജ്വലിച്ചിരുന്നു. അവരുടെ ശാന്തതയില്‍ ധൈര്യവും ദൃഢനിശ്ചയവും നിറഞ്ഞിരുന്നു. ഭാരതത്തിന്റെ സ്വത്വത്തെയും തനിമയെയും അപകടപ്പെടുത്തുന്ന വര്‍ഗീയ-വര്‍ണ്ണ വാദികളെക്കുറിച്ചുള്ള ഇന്നത്തെ പ്രബലമായ വിവരണത്തിനപ്പുറം, എനിക്ക് പറയാന്‍ കഴിയും, നമ്മുടെ മനുഷ്യത്വത്തെ രക്ഷിച്ചത്, അത് മികച്ചതാക്കിയത് ക്രൈസ്തവ മിഷനറിമാരാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെ പോഷകഘടകങ്ങളായ വലതുപക്ഷ തീവ്രസംഘടനകള്‍ എത്രത്തോളം അപകടകരമായ സാഹചര്യങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി ഭാരതമണ്ണില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും പ്രത്യാശയുടെ പ്രകാശകിരണങ്ങളുമായി ഞങ്ങള്‍ പാവപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങും.
ഞങ്ങളുടെ പ്രത്യാശയെ ആര്‍ക്കും തകര്‍ക്കാനാകില്ല. അതു ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ പരിചരണം, ആതിഥ്യം, അനുകമ്പ, ശ്രവണം, ഉള്‍പ്പെടുത്തല്‍, ദയ, ബഹുമാനം എന്നീ പ്രവൃത്തികളിലൂടെ പകര്‍ന്നു നല്‍കും. അതുകൊണ്ടുതന്നെ നമ്മള് എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് പ്രത്യാശയെ പ്രവൃത്തിയാക്കി മാറ്റിയായിരിക്കണം. നമ്മുടെ പ്രത്യാശ സംഘടിതമാകണം. നമ്മുടെ പ്രതീക്ഷ മൂര്‍ത്തമായ തിരഞ്ഞെടുപ്പുകളിലേക്കും പ്രവൃത്തികളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടില്ലെങ്കില്‍, അരമനകള്‍ സന്ദര്‍ശിക്കാന്‍ ഒരുമ്പെടുന്ന വര്‍ഗീയവാദികളുടെ കെണികളില്‍ നമ്മളും പെട്ടുപോകും. അങ്ങനെ സംഭവിച്ചാല്‍ ദരിദ്രരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ നമുക്ക് സാധിക്കാതെ വരും, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്താന്‍ പറ്റാതെയാകും, ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ മുരടിച്ചുപോകും, സുവിശേഷത്തിന്റെ ചൈതന്യത്തെ വര്‍ഗ്ഗീയ ഷൈലോക്കുകളുടെ കൈകളില്‍ പണയം വയ്ക്കുന്നതിനു തുല്യമായിരിക്കും.

