കൊച്ചി : ഫോർട്ട്കൊച്ചി വൈപ്പിൻ റോറോ സർവീസ് നടത്തിപ്പിൽ നിരന്തരമായി പരാജയപ്പെടുന്ന കൊച്ചി കോർപ്പറേഷൻ, റോ റോ സർവീസ് നടത്തിപ്പിൽ നിന്നും പിന്മാറണം എന്നും, നടത്തിപ്പിന്റെ ചുമതല കൊച്ചി വാട്ടർ മെട്രോയെ ഏൽപ്പിച്ചു യാത്ര ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും കെ.എൽ.സി.എ കൊച്ചി രൂപത പ്രസിഡന്റ് ടി.എ ഡൽഫിൻ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ദിനംപ്രതി ആയിരത്തിലേറെ വാഹനങ്ങളും അതിലേറെ യാത്രക്കാരും യാത്രയ്ക്കായി ആശ്രയിക്കുന്ന തിരക്കേറിയ യാത്രമാർഗമാണ് ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവീസ്.
സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ അടിക്കടി സർവീസ് മുടക്കുന്നത് മൂലവും, കൃത്യമായ സർവീസ് നടക്കാത്തതിനാലും യാത്രക്കാർ മണിക്കൂറുകൾ ആണ് കാത്തു കിടക്കേണ്ടി വരുന്നത്. തുടർച്ചയായി നടക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കാരണം കൊച്ചി കോർപ്പറേഷൻ അധികാരികളുടെ അനാസ്ഥമൂലം ആണെന്നും കെഎൽസിഎ കുറ്റപ്പെടുത്തി.
റോ റോ സർവീസ് വാട്ടർ മെട്രോയ്ക്ക് കൈമാറുന്നത് വരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകാൻ കെഎൽസിഎ തീരുമാനിച്ചു.
ഫോർട്ട്കൊച്ചി മേഖല പ്രസിഡന്റ് കെ.പി. സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മെൽവിൻ ജോസഫ്, രൂപത ട്രഷറർ ജോബ് പുളിക്കിൽ, വൈസ് പ്രസിഡന്റ് ബാബു കാളിപ്പറമ്പിൽ, ജോ.സെക്രട്ടറി ലിനു തോമസ്, ഭാരവാഹികളായ ബെന്നി ജോസഫ്, ക്രിസ്റ്റി ചക്കാലക്കൽ, റോബർട്ട് കിങ്കരന്തറ, സോണി പവേലിൽ, ജോഷി ജോസഫ്, ജോഷി മുരിക്കുംതറ, സിന്ധു ജസ്റ്റസ്, റോബർട്ട് ജോസഫ്, ഉഷ ആന്റണി, ഹെൻസൺ പോത്തംപള്ളി
തുടങ്ങിയവർ സംസാരിച്ചു.

