റോം: ‘അഴികള്‍ക്കകത്തു കിടക്കുന്ന സഹോദരീസഹോദരന്മാര്’ എന്ന് ഫ്രാന്‍സിസ് പാപ്പാ വിളിച്ചിരുന്ന തടവുകാര്‍ക്കാണ് അദ്ദേഹം തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 200,000 യൂറോ (1.94 കോടി രൂപ) അവസാനമായി സമ്മാനിച്ചത്.
റോമിലെ സഹായമെത്രാനും ജയിലുകളിലെ അജപാലന ശുശ്രൂഷകള്‍ക്കായുള്ള കാര്യാലയത്തിന്റെ ഡയറക്ടറുമായ ബെനോനി അംബാരുസ് ലാ റിപ്പബ്ലിക്ക എന്ന ഇറ്റാലിയന്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ്, തന്റെ ജീവിതാന്ത്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ താന്‍ എന്നും സവിശേഷ ശ്രദ്ധയും കരുതലും കാണിച്ചിരുന്ന തടവുകാര്‍ക്കുവേണ്ടി തന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന സമ്പാദ്യം കൈമാറിയ കഥ വെളിപ്പെടുത്തിയത്.
ജയില്‍ ശുശ്രൂഷയ്ക്കായി വത്തിക്കാനിലെ സാമ്പത്തിക സ്രോതസുകള്‍ കുറവാണെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് പരിശുദ്ധ പിതാവ് പറഞ്ഞത്: ”സാരമില്ല, എന്റെ അക്കൗണ്ടില്‍ കുറച്ചു പണമുണ്ട്, അതെടുക്കാം.” തടവുകാര്‍ക്കായി ചെലവഴിക്കാനായി തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 200,000 യൂറോ പാപ്പാ ജയില്‍ ശുശ്രൂഷാ കാര്യാലയത്തിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു.
വിശുദ്ധവാരത്തില്‍ പെസഹാവ്യാഴത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക്, സമൂഹം മറന്നുകളയുന്ന തടവുപുള്ളികളെ തിരഞ്ഞെടുത്തിരുന്ന പാപ്പാ, 2013 മാര്‍ച്ച് 28ന്, പേപ്പല്‍ സ്ഥാനാരോഹണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകമാണ് റോമിലെ കസല്‍ ദെ മാര്മോയിലെ പ്രായപൂര്‍ത്തിയാകാത്ത തടവുകാരുടെ പാദങ്ങള്‍ കഴുകിയത്. അക്കൂട്ടത്തില്‍ രണ്ടു പെണ്‍കുട്ടികളുമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍, ഇക്കഴിഞ്ഞ ഏപ്രില്‍ 17ന്, ശ്വാസകോശരോഗത്തിന്റെ തുടര്ചികിത്സയ്ക്കിടയിലാണ് മരിക്കുന്നതിന് നാലുനാള്‍ മുമ്പ് പാപ്പാ ഏറെ ക്ലേശിച്ച് റോമിലെ റെജീനാ ചേളി ജയിലിലേക്ക് ”തന്റെ ശരീരം വലിച്ചിഴച്ചുകൊണ്ടുപോയത്” – ബിഷപ് അംബാരുസ് അനുസ്മരിച്ചു. റെജീനാ ചേളിയിലെ തടവുകാരുടെ പ്രതിനിധികളോടും സ്റ്റാഫിനോടുമൊപ്പം ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ഥന ചൊല്ലി അവര്‍ക്കെല്ലാം ആശീര്‍വാദം നല്‍കിയാണ് പാപ്പാ മടങ്ങിയത്. തനിക്ക് ഇത്തവണ പാദങ്ങള്‍ കഴുകാന്‍ കഴിയില്ലെങ്കിലും തന്റെ സാമീപ്യം അറിയിക്കാന്‍ വന്നതാണെന്ന് അദ്ദേഹം തടവുകാരോട് നേരിട്ട് സംവദിച്ചുകൊണ്ട് പറഞ്ഞു. എല്ലാവര്ക്കും ജപമാലയും സുവിശേഷഗ്രന്ഥത്തിന്റെ ചെറുപതിപ്പും പരിശുദ്ധ പിതാവ് സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷം വനിതകള്‍ക്കായുള്ള റോമിലെ റെബിബിയ ജയിലില്‍ 12 തടവുകാരികളുടെ പാദങ്ങള്‍ കഴുകിയാണ് പാപ്പാ പെസഹാവ്യാഴ ശുശ്രൂഷ പൂര്‍ത്തിയാക്കിയത്.
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ റോമിലെ മേജര്‍ ബസിലിക്കകള്‍ക്കു പുറമെ റെബിബിയ ജയിലിലും വിശുദ്ധവാതില്‍ സ്ഥാപിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ തന്റെ പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ പ്രധാന സന്ദേശമായ കാരുണ്യത്തിന്റെയും പ്രത്യാശയുടെയും സമൂര്‍ത്തമായ സാക്ഷ്യം നല്‍കുകയായിരുന്നു.
തടവറയുടെ ചുവരുകള്‍ക്കുള്ളില്‍ ‘പ്രകാശം’ പരത്തുവാനുള്ള തടവുകാരുടെ അപേക്ഷ മാനിച്ചുകൊണ്ടാണ് അത്യസാധാരണമായ ആ തീരുമാനം പരിശുദ്ധ പിതാവ് കൈക്കൊണ്ടത്.
റെബിബിയ ജയിലില്‍ സ്ഥാപിച്ച വിശുദ്ധ വാതില്‍ ജയില്‍ ശുശ്രൂഷയിലേക്ക് നിരവധി വോളന്റിയര്‍മാരെ ആകര്‍ഷിക്കാന്‍ ഇടയാക്കിയതായി ബിഷപ് അംബാരുസ് പറഞ്ഞു. അല്മായരും വൈദികരും സന്ന്യസ്തരുമായി നിരവധി പേര് പതിവായി ജയിലിലെത്തി തടവുകാരോടൊപ്പം ധ്യാനത്തിലും ദിവ്യബലിയര്‍പ്പണത്തിലും മറ്റും പങ്കുചേരുന്നുണ്ട്. തടവുകാരെ പ്രദര്‍ശനവസ്തുക്കളെ പോലെ കാണാതെ അവരുടെ മാനവികതയും സംഘര്‍ഷങ്ങളും മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഈ സന്ദര്‍ശകര്‍ പഠിക്കുന്നു.
ശിക്ഷാകാലയളവില്‍ സന്ദര്‍ശകരായി ആരുംതന്നെയില്ലാത്ത തടവുകാര്‍ക്ക് ചെറിയ സമ്മാനങ്ങളും കത്തുകളും നല്ല വാക്കുകളും പോലുള്ള സ്നേഹത്തിന്റെ ചെറിയ അടയാളങ്ങള്‍ വലിയ ആശ്വാസമാണ്.
പ്രതീകാത്മകമായി തടവുകാരില്‍ പ്രത്യാശ ഉണര്‍ത്തുന്ന ചെറിയ ശിക്ഷാ ഇളവ്, മെച്ചപ്പെട്ട അന്തരീക്ഷം എന്നിങ്ങനെ പാപ്പാ ആഹ്വാനം ചെയ്ത ചെറിയ കാര്യങ്ങള്‍ പോലും ജയില്‍ അധികൃതര്‍ നടപ്പാക്കാന്‍ പരിശ്രമിച്ചില്ല എന്നത് ഖേദകരമാണെന്ന് ബിഷപ് അംബാരുസ് പറയുന്നുണ്ട്.

