ഗാസ: ഇസ്രായേലും ഹമാസും താല്ക്കാലിക വെടിനിറുത്തൽ കരാർ അംഗീകരിച്ച വാർത്ത പ്രത്യാശാദായകമെന്ന് ഗാസയിലെ തിരുക്കുടുംബ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനേല്ലി.
ഫീദേസ് പ്രേഷിതവാർത്താ ഏജൻസിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രതികരണം. ഇത് നവജീവനും പ്രത്യാശയും പകരുന്നുവെങ്കിലും യുദ്ധാനന്തര കാലഘട്ടം ഭീകരമായിരിക്കുമെന്ന ആശങ്കയും ഫാ. റൊമനേല്ലി പ്രകടപ്പിച്ചു. താല്ക്കാലിക വെടിനിറുത്തലുണ്ടാകുമെന്ന വാർത്തയ്ക്കു ശേഷവും ആക്രമണങ്ങളും മരണങ്ങളും ഉണ്ടായതിലും തൻറെ ആശങ്ക അദ്ദേഹം രേഖപ്പെടുത്തി.
പ്രാർത്ഥനയിൽ ശരണം വച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ഫാ.റൊമനേല്ലി തങ്ങൾ മൂന്നും നാലും മണിക്കൂറുകൾ ദേവാലയത്തിൽ ചിലവഴിക്കാറുണ്ടെന്നും അതുപോലെതന്നെ, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെയും മറ്റു സംഘടനകളുടെയും സഹായത്തോടെ കുടുംബങ്ങൾക്കും സാധ്യമായതൊക്കെ ചെയ്തുകൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദൈവസഹായത്തോടെ ആ പ്രവർത്തനം തങ്ങൾ തുടരുമെന്നും പറഞ്ഞു.