തിരുവനന്തപുരം: ഈ വർഷത്തെയും ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു . സ്പോട്ട് ബുക്കിങ് വിവാദത്തിൽ ശബരിമല വീണ്ടും സംഘർഷഭൂമിയായേക്കുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത് . ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയിൽ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉൾപ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാൽ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും. പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കിൽ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധിച്ചേക്കും. വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.