ഗുവാഹത്തി : അതിർത്തി സംസ്ഥാനമായ അസമില്‍ ബംഗാളി മുസ്ലിം വിഭാഗത്തിലെ 28 പേരെ അറസ്റ്റ് ചെയ്ത് വിദേശികള്‍ക്കുള്ള ഫോറിൻ ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് അയച്ചു. ബാര്‍പേട്ട ജില്ലയിലാണ് സംഭവം. വിദേശി ട്രൈബ്യൂണലുകള്‍ നേരത്തേ ‘വിദേശി’കളെന്ന് പ്രഖ്യാപിച്ചവരാണ് ഇവരെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു .
ഗ്രാമത്തിൽ നിന്നും 50 കിലോ മീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലെ ട്രാന്‍സിറ്റ് ക്യാമ്പിലേക്കാണ് അയച്ചത്. തിങ്കളാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 28 കുടുംബങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം പോലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന് പൊതുപ്രവര്‍ത്തകനായ ഫാറൂഖ് ഖാന് പറഞ്ഞു.സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിപ്പിച്ചതെങ്കിലും ഇവരെ ബാര്‍പേട്ട എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി നിര്‍ബന്ധിതമായി ബസില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
അസം പോലീസിന്റെ അതിര്‍ത്തി വിഭാഗമാണ് ഇവര്‍ക്ക് വിദേശികള്‍ക്കുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കേസുകള്‍ വിദേശി ട്രൈബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തു. നിരവധി വാദംകേള്‍ക്കലിന് ശേഷം പിന്നീട് ഇവരെ വിദേശികളായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഫാറൂഖ് ഖാന് പറഞ്ഞു. ഗോള്‍പാറയിലെ ഫോറിന് ട്രാന്‍സിറ്റ് ക്യാമ്പില്‍ നിലവില്‍ 210 ‘പ്രഖ്യാപിത വിദേശികള്‍’ നിലവിലുണ്ട്. പൗരത്വം നിഷേധിക്കപ്പെട്ടവരുടെ രാജ്യത്തെ ഏറ്റവും വലിയ തടങ്കൽ പാളയമാണ് ഗോള്പാറയിലേത്.
1946ലെ വിദേശി നിയമ പ്രകാരം അനധികൃത കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച അര്‍ധ ജുഡീഷ്യല്‍ സമിതികളാണ് ഫോറിൻ ട്രൈബ്യൂണലുകള്‍. വിദേശികളുടെയും സംശയാസ്പദ വോട്ടര്‍മാരുടെയും കേസുകള്‍ കൈകാര്യം ചെയ്യാന്‍ അസമിലുടനീളം ഇത്തരത്തില്‍ നൂറോളം ട്രൈബ്യൂണലുകളുണ്ട്.സംസ്ഥാനത്ത് ആകെ 1,19,570 ഡി വോട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 54,411 പേരെ ട്രൈബ്യൂണലുകള്‍ ‘വിദേശി’കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് കഴിഞ്ഞ മാസം നിയമസഭയെ അറിയിച്ചിരുന്നു.
2017 മുതല്‍ ഇത്തരത്തില്‍ 16 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ട്. ഭരണകക്ഷിയായ ബി ജെ പി ഉള്‍പ്പെടെയുള്ളവര്‍ ബംഗാളി മുസ്ലിംകളെ ‘നുഴഞ്ഞുകയറ്റക്കാരും’ അസമികളുടെ സ്വത്വത്തിന് ഭീഷണിയുമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഹിന്ദു കുടിയേറ്റക്കാരെ ബി ജെ പി ഭീഷണിയായി കണക്കാക്കുന്നില്ല.