തിരുവനന്തപുരം: വന്യജീവിആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്ര നിയമങ്ങൾ മറികടക്കാനാകുമെന്ന് സർക്കാർ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ വന്യജീവികളെ വെടിവെക്കുന്നതിനുള്ള ഉത്തരവ് ഇറക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും ഇതുവഴി അധികാരം ഉണ്ടാകും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ഉടൻ യോഗം ചേരും.
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണ് . ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മനുഷ്യ-വന്യജീവി സംഘർഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സവിശേഷമായ അധികാരത്തെ വന്യജീവി സംഘർഷങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് സർക്കാർ കരുതുന്നു. ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഏത് നിയമത്തിന് മുകളിലും ഉത്തരവിടാനാകും.
നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനുള്ള അധികാരവും ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റികളുടെ വിപുലമായ മുന്നറിയിപ്പ് സംവിധാനവും വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഉപയോഗിക്കും.