കൊച്ചി: കൊച്ചി രൂപതയുടെ അജപാലന ശുശ്രൂഷയില്‍ നിന്നുള്ള ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ (75) രാജി പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ 2024 മാര്‍ച്ച് 2 ന് സ്വീകരിച്ചു. കൊച്ചി രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ ബിഷപ് ജോസഫ് കരിയിലാണ് ഇക്കാര്യം അറിയിച്ചത്. രൂപതാ വികാരി ജനറലായിരുന്ന മോണ്‍. ഷൈജു പര്യാത്തുശേരിയെ കൊച്ചി രൂപത ഉപദേശക സമിതി ചേര്‍ന്ന് രൂപതാ അഡ്മിനിസ്ട്രേറ്ററായി തിരഞ്ഞെടുത്തിട്ടുണ്ട്. കൊച്ചി രൂപതയിലെ 19 വര്‍ഷത്തെ ദീര്‍ഘവും സുസ്തര്ഹ്യവുമായ ഇടയശുശ്രൂഷയ്ക്കു ശേഷമാണ് ബിഷപ് കരിയില്‍ വിരമിക്കുന്നത്. പുനലൂര്‍ ബിഷപ്പായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന് പ്രത്യേക നന്ദി അര്‍പ്പിച്ചു.
1949 ജനുവരി 11-ന് ആലപ്പുഴയ്ക്കടുത്തുള്ള അര്‍ത്തുങ്കല്‍ ഗ്രാമത്തില്‍ ജനിച്ച ബിഷപ് ജോസഫ് കരിയില്‍ 1973 ഡിസംബര്‍ 19-ന് പൗരോഹിത്യം സ്വീകരിച്ചു. മുണ്ടംവേലിയിലും ഫോര്‍ട്ട്കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയിലും അസിസ്റ്റന്റ് ഇടവക വൈദികന് ഉള്‍പ്പെടെ വിവിധ പദവികളില്‍ അദ്ദേഹം നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിച്ചു. റോമില്‍ ഉപരിപഠനം നടത്തി. 1987-ല്‍ റോമിലെ പ്രമുഖമായ അല്ഫോന്സിയന് അക്കാദമിയില്‍ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
1992 മുതല്‍ 2000 വരെ കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) ആസ്ഥാനമന്ദിരമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറായും കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചു. 2000 മുതല്‍ 2005 വരെ കൊച്ചി രൂപതയുടെ വികാരി ജനറലായി നിയമിതനായ അദ്ദേഹം വൈദികര്‍ക്കും വിശ്വാസികള്‍ക്കും വിലമതിക്കാനാകാത്ത മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്കി. 2005 മാര്‍ച്ച് 12-ന് പുനലൂര്‍ ബിഷപ്പായി നിയമിതനായ അദ്ദേഹം 2005 മെയ് 3-ന് അഭിഷിക്തനായി. 2009 മെയ് 8-ന് കൊച്ചിന് ബിഷപ്പായി നിയമിതനായി. 2009 ജൂലൈ 5-ന് ബിഷപ്പായി അഭിഷിക്തനായി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റേയും (കെആര്‍എല്‍സിസി) കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടേയും (കെആര്എല്സിബി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കെസിബിസി ജാഗ്രതാ കമ്മീഷന് ചെയര്‍മാനാണ്.
അഡ്മിനിസ്ട്രേറ്ററായി തിരഞ്ഞെടുത്ത മോണ്‍. ഷൈജു പര്യാത്തുശേരി കണ്ണമാലി പര്യാത്തുശേരി വര്‍ഗീസിന്റേയും സെലിന്റേയും അഞ്ചുമക്കളില്‍ നാലാമനാണ്. 1995ല്‍ ബിഷപ് ജോസഫ് കുരീത്തറയില്‍ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. പുത്തന്‍തോട് ഗവണ്മെന്റ് സ്കൂളില്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫോര്‍ട്ട്കൊച്ചി മൗണ്ട് കാര്‍മല്‍ പെറ്റി സെമിനാരിയില്‍ ചേര്‍ന്നു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി.

മട്ടാഞ്ചേരി ജീവമാതാ പള്ളി, അരൂര്‍ സെന്റ് അഗസ്റ്റിന് പള്ളി എന്നിവിടങ്ങളില്‍ സഹവികാരിയായും മുരിയാള്‍ഡോ സെമിനാരിയിലും, ആലുവ ഹോളി ക്രോസ് സെമിനാരിയിലും വൈസ് റെക്ടറായും, ചന്തിരൂര്‍ സെന്റ് മേരീസ്, വയലാര്‍ സെന്റ് സേവിയേഴ്സ്, പൂങ്കാവ് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ പള്ളികളില്‍ വികാരിയായും കൊച്ചി രൂപത ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

