ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ച് അമേഠിയിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് വെല്ലുവിളിയുമായി സ്മൃതി ഇറാനി രംഗത്ത് എത്തിയത്.
2019ലെ തെരഞ്ഞെടുപ്പിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. 2019ൽ രാഹുൽ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞെന്നും സ്മൃതി ഇറാനി പറഞ്ഞു.
തിങ്കളാഴ്ച രാത്രി അമേഠിയിൽ തങ്ങുന്ന രാഹുലും സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും. സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനാൽ റായ്ബറേലിയിൽ പുതിയ സ്ഥാനാർഥിയാവും കോൺഗ്രസിനു വേണ്ടി മത്സരിക്കുക.
80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 2019ൽ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.