ബിഎസ്
റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയുടെ ചരിത്രവുംആത്മീയപ്രഭാവവും
മനുഷ്യനും ദൈവവും തമ്മിലുള്ള ആത്മീയസംഗമത്തിന്റെ ഇടങ്ങളാണ് ദേവാലയങ്ങള്‍. പ്രാര്‍ഥനകള്‍ ഉയരുന്ന വിശുദ്ധ ഇടങ്ങള്‍ എന്നതിലുപരി, ഒരു ജനതയുടെ വിശ്വാസവും ചരിത്രവും സംസ്കാരവും ആത്മീയജീവിതവും തലമുറകളിലേക്ക് കൈമാറുന്ന പുണ്യസങ്കേതങ്ങളാണ് അവ. ദൈവത്തെ ആരാധിക്കാനും അവിടുത്തെ സാന്നിധ്യം അനുഭവിക്കാനും വിശ്വാസസമൂഹം ഒരുമിച്ചുകൂടുന്ന ഇടം എന്ന നിലയില്‍ യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങളില്‍ ദേവാലയങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്.ഈ ആത്മീയപാരമ്പര്യത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് റോമിലെ സെന്റ് ജോണ്‍ (വിശുദ്ധ യോഹന്നാന്) ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയ്ക്കുള്ളത്. കത്തോലിക്കാ സഭയുടെ ദേവാലയചരിത്രത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസജീവിതത്തിലും ഈ ബസിലിക്കയ്ക്ക് അതുല്യമായ സ്ഥാനമുണ്ട്. റോമിന്റെ മെത്രാനായ പാപ്പയുടെ കത്തീഡ്രല്‍ ദേവാലയവും റോമാ രൂപതയുടെ മാതൃദേവാലയവുമായ ഈ വിശുദ്ധസങ്കേതം, സഭയുടെ ദൃശ്യമായ ഐക്യത്തിന്റെയും അപ്പസ്തോലിക പാരമ്പര്യത്തിന്റെയും ശക്തമായ പ്രതീകമാണ്. ചരിത്രത്തിന്റെ പല കൊടുങ്കാറ്റുകളെയും അതിജീവിച്ച് പതിനേഴു നൂറ്റാണ്ടിലേറെയായി നിലകൊള്ളുന്ന സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്ക, കല്ലിലും ശില്പത്തിലും വാസ്തുവിദ്യയിലും മാത്രമല്ല, ക്രൈസ്തവവിശ്വാസത്തിന്റെ ആഴങ്ങളിലും വേരൂന്നിനില്‍ക്കുന്നു.
ദേവാലയങ്ങള്ദൈവസാന്നിധ്യത്തിന്റെ വിശുദ്ധ ഇടങ്ങള്‍
മനുഷ്യചരിത്രത്തിന്റെ ആരംഭകാലം മുതല്‍ തന്നെ ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കുമായി പ്രത്യേക ഇടങ്ങള്‍ മാറ്റിവയ്ക്കുന്ന പതിവുണ്ടായിരുന്നു. പ്രകൃതിയിലെ മഹത്തായ പ്രതിഭാസങ്ങളിലും ജീവിതത്തിലെ അനുഭവങ്ങളിലും ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞ മനുഷ്യന്, ആ സാന്നിധ്യത്തെ ആദരിക്കാനും ആരാധിക്കാനും വിശുദ്ധസ്ഥലങ്ങള്‍ ഒരുക്കി. അങ്ങനെ ദേവാലയങ്ങള്‍ മതപരമായ ആരാധനാകേന്ദ്രങ്ങള് മാത്രമല്ല, സമൂഹത്തിന്റെ ആത്മീയജീവിതത്തെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളുമായി മാറി.യഹൂദ പാരമ്പര്യത്തില്‍ ദേവാലയസങ്കല്പത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇസ്രായേല്‍ ജനതയുടെ മരുഭൂമിയാത്രയില്‍ ദൈവസാന്നിധ്യത്തിന്റെ അടയാളമായി വിശുദ്ധകൂടാരം അഥവാ സമാഗമകൂടാരം സ്ഥാപിക്കപ്പെട്ടു. ഉടമ്പടിയുടെ പേടകം സൂക്ഷിച്ചിരുന്ന ഈ കൂടാരം ദൈവവും ജനവും തമ്മിലുള്ള ഉടമ്പടിയുടെ ദൃശ്യമായ അടയാളമായിരുന്നു. പിന്നീട് ദാവീദ് രാജാവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി മകന് സോളമന് രാജാവ് ജറൂസലേമില്‍ മഹത്തായ ദേവാലയം നിര്‍മിച്ചു. ബി.സി. പത്താം നൂറ്റാണ്ടില്‍ പൂര്‍ത്തിയായ ഈ ദേവാലയം യഹൂദരുടെ ആരാധനയുടെയും തീര്‍ഥാടനത്തിന്റെയും ആത്മീയജീവിതത്തിന്റെയും കേന്ദ്രമായി മാറി.ബാബിലോണിയന്‍ രാജാവായ നെബൂഖദ്നേസറിന്റെ ആക്രമണത്തില്‍ സോളമന്റെ ദേവാലയം തകര്‍ക്കപ്പെട്ടെങ്കിലും പ്രവാസത്തിനുശേഷം അത് പുനര്‍നിര്‍മിക്കപ്പെട്ടു. പിന്നീട് ഹെറോദേസ് രാജാവിന്റെ കാലത്ത് വിപുലീകരിക്കപ്പെട്ട ഈ രണ്ടാം ദേവാലയമാണ് യേശുവിന്റെ കാലത്ത് ജറൂസലേമില്‍ നിലനിന്നിരുന്നത്. യഹൂദരുടെ പ്രധാന തിരുനാളുകളിലും പ്രത്യേകിച്ച് പെസഹാ ആഘോഷത്തിലും ദൂരദേശങ്ങളില്‍നിന്നുപോലും വിശ്വാസികള്‍ അവിടെ തീര്‍ഥാടകരായി എത്തി.പഴയനിയമത്തില്‍ ദൈവം മോശയോട് അരുളിച്ചെയ്യുന്ന വാക്കുകള്‍ ദേവാലയസങ്കല്പത്തിന്റെ ആത്മീയമായ അടിത്തറ വ്യക്തമാക്കുന്നു: ‘അവര്‍ എനിക്കായി ഒരു വിശുദ്ധമന്ദിരം നിര്മിക്കട്ടെ. അങ്ങനെ ഞാന്‍ അവരുടെ മധ്യേ വസിക്കും’ (പുറപ്പാട് 25:8). ദൈവം മനുഷ്യരുടെ ഇടയില്‍ വസിക്കുന്നു എന്ന വിശ്വാസത്തിന്റെ പ്രതീകമായിരുന്നു വിശുദ്ധകൂടാരവും പിന്നീട് ജറൂസലേം ദേവാലയവും. ദേവാലയത്തിന്റെ കൂദാശാവേളയില്‍ സോളമന് നടത്തിയ പ്രാര്‍ഥനയും ശ്രദ്ധേയമാണ്. ആകാശവും ആകാശങ്ങളുടെ ആകാശവും ദൈവത്തെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്നു പ്രഖ്യാപിച്ച സോളമന്, താന്‍ നിര്‍മിച്ചിരിക്കുന്ന ആലയത്തിലേക്ക് ദൈവം കനിവോടെ തിരിഞ്ഞുനോക്കണമെന്നാണ് പ്രാര്‍ഥിച്ചത് (1 രാജാക്കന്മാര് 8:27-30). അതായത്, ദൈവത്തെ ഒരു കെട്ടിടത്തിനുള്ളില്‍ പരിമിതപ്പെടുത്തുകയല്ല, മറിച്ച് അവിടുത്തെ സാന്നിധ്യം അനുഭവിക്കാനും ആരാധനയില്‍ ഒന്നുചേരാനുമുള്ള വിശുദ്ധ ഇടമായിട്ടാണ് ദേവാലയത്തെ യഹൂദ പാരമ്പര്യം കണ്ടത്.ക്രൈസ്തവ പാരമ്പര്യത്തിലും ദേവാലയങ്ങള്‍ക്ക് ഇതേ ആത്മീയപ്രാധാന്യമുണ്ട്. എന്നാല്‍, യേശുക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും വഴി ദേവാലയസങ്കല്പത്തിന് പുതിയൊരു മാനവും ലഭിച്ചു. ദൈവസാന്നിധ്യം ഒരു പ്രത്യേക കെട്ടിടത്തിലോ സ്ഥലത്തോ മാത്രം ഒതുങ്ങുന്നതല്ലെന്നും ക്രിസ്തുവില്‍ വിശ്വസിക്കുന്ന മനുഷ്യര്‍തന്നെ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്നും പുതിയനിയമം പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് ചോദിക്കുന്നു: ‘നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?’ (1 കൊറിന്ത്യര്‍ 3:16).ആദിമക്രൈസ്തവര്‍ വീടുകളിലും പ്രത്യേകമായി ക്രമീകരിച്ച ആരാധനാസ്ഥലങ്ങളിലും ഒരുമിച്ചുകൂടി അപ്പം മുറിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു (അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 2:42-47). ക്രൈസ്തവവിശ്വാസത്തിന് റോമന്‍ സാമ്രാജ്യത്തില്‍ നിയമപരമായ അംഗീകാരം ലഭിച്ചതോടെ വിശ്വാസസമൂഹങ്ങള്ക്ക് പൊതുവായ ആരാധനയ്ക്കായി വലിയ ദേവാലയങ്ങള്‍ നിര്‍മിക്കാനുള്ള സാഹചര്യമുണ്ടായി. അങ്ങനെയാണ് ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ ബസിലിക്കകള്‍ പ്രാധാന്യം നേടുന്നത്.
യേശു ജറൂസലേം ദേവാലയം ശുദ്ധീകരിച്ചപ്പോള്‍
ദേവാലയത്തിന്റെ വിശുദ്ധിയും ആരാധനയുടെ ആത്മാര്‍ഥതയും സംബന്ധിച്ച യേശുവിന്റെ നിലപാട് വ്യക്തമാക്കുന്ന സുപ്രധാന സംഭവമാണ് ജറൂസലേം ദേവാലയത്തിലെ ശുദ്ധീകരണം. പെസഹാ തിരുനാളിനോടനുബന്ധിച്ച് യേശു ജറൂസലേമിലെത്തിയപ്പോള് ദേവാലയത്തില്‍ കാളകളെയും ആടുകളെയും പ്രാവുകളെയും വില്ക്കുന്നവരെയും നാണയം മാറ്റുന്നവരെയും കണ്ടു. ആരാധനയ്ക്കായി എത്തിയ ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയെയും ചൂഷണം ചെയ്യുന്ന കച്ചവടകേന്ദ്രമായി ദേവാലയത്തിന്റെ പരിസരം മാറിയിരിക്കുന്നതില്‍ യേശു ശക്തമായി പ്രതിഷേധിച്ചു. കയറുകൊണ്ട് ചമ്മട്ടി നിര്‍മിച്ച് കച്ചവടക്കാരെയും മൃഗങ്ങളെയും പുറത്താക്കി. നാണയം മാറ്റുന്നവരുടെ മേശകള്‍ മറിച്ചിട്ടു. പ്രാവുകളെ വില്ക്കുന്നവരോട് അവയെ അവിടെനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടുന്ന് പ്രഖ്യാപിച്ചു: ‘എന്റെ പിതാവിന്റെ ഭവനത്തെ നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്’ (യോഹന്നാന് 2:13-17). മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ സുവിശേഷങ്ങളും യേശു ദേവാലയം ശുദ്ധീകരിച്ച സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട് (മത്തായി 21:12-13; മര്‍ക്കോസ് 11:15-17; ലൂക്കാ 19:45-46).ദേവാലയശുദ്ധീകരണത്തിനുശേഷം യേശു നടത്തിയ മറ്റൊരു പ്രഖ്യാപനവും ഏറെ അര്‍ഥവത്താണ്: ‘ഈ ദേവാലയം തകര്‍ക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും’ (യോഹന്നാന് 2:19). കേട്ടുനിന്നവര്‍ നാല്പത്തിയാറു വര്‍ഷംകൊണ്ട് നിര്‍മിച്ച ദേവാലയം മൂന്നു ദിവസംകൊണ്ട് പുനര്നിര്മിക്കാനാകുമോ എന്ന് ചോദിച്ചു. എന്നാല്‍, യേശു സ്വന്തം ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് സുവിശേഷകന് വ്യക്തമാക്കുന്നു. തന്റെ മരണവും ഉത്ഥാനവും വഴി ദൈവസാന്നിധ്യത്തിന്റെ പുതിയ അര്‍ഥം ലോകത്തിന് വെളിപ്പെടുത്തുകയായിരുന്നു യേശു.ഇവിടെ യേശുവിന്റെ പ്രതിഷേധം കച്ചവടത്തോടുള്ള എതിര്‍പ്പില്‍ മാത്രം ഒതുങ്ങുന്നില്ല. ആരാധനയുടെ ആത്മാവും ലക്ഷ്യവും നഷ്ടപ്പെട്ട് മതപരമായ ആചാരങ്ങള്‍ ലാഭമുണ്ടാക്കാനുള്ള ഉപാധികളായി മാറുന്നതിനെതിരായ ശക്തമായ പ്രവാചകശബ്ദം കൂടിയായിരുന്നു അത്. ദേവാലയത്തിന്റെ വിശുദ്ധി അതിന്റെ വലിപ്പത്തിലോ നിര്മാണച്ചാതുര്യത്തിലോ അലങ്കാരങ്ങളിലോ മാത്രമല്ല, അവിടെ അര്‍പ്പിക്കപ്പെടുന്ന ആരാധനയുടെ വിശുദ്ധിയിലും മനുഷ്യര്‍ ദൈവത്തോടും സഹോദരങ്ങളോടും പുലര്‍ത്തുന്ന ബന്ധത്തിലുമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു.അതുകൊണ്ടുതന്നെ ക്രൈസ്തവ ദേവാലയങ്ങള്‍ പ്രാര്‍ഥനയ്ക്കും കൂദാശകള്‍ക്കും മാത്രമുള്ള ഇടങ്ങളല്ല. ദൈവവചനത്തിന്റെ ശ്രവണവും വിശുദ്ധ കുര്‍ബാനയുടെ ആഘോഷവും സഹോദരസ്നേഹവും കാരുണ്യപ്രവര്‍ത്തനങ്ങളും ഒന്നിച്ചുചേരുന്ന വിശ്വാസസമൂഹത്തിന്റെ ഭവനങ്ങളാണ് അവ.
ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ബസിലിക്കകള്‍
ക്രൈസ്തവവിശ്വാസം റോമന്‍ സാമ്രാജ്യത്തില്‍ വ്യാപിച്ചുകൊണ്ടിരുന്ന ആദ്യനൂറ്റാണ്ടുകളില്‍ വിശ്വാസികള്‍ പലപ്പോഴും വീടുകളിലും രഹസ്യമായ ആരാധനാകേന്ദ്രങ്ങളിലുമാണ് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയിരുന്നത്. ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന കാലത്ത് പൊതുവായ ദേവാലയങ്ങള്‍ നിര്‍മിക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ എ.ഡി. 313-ല്‍ കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയും ലിസീനിയസും പുറപ്പെടുവിച്ച മിലാന് വിളംബരത്തോടെ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം ലഭിച്ചു. ഇതോടെ റോമിലും സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു.പുരാതന റോമില്‍ പൊതുയോഗങ്ങള്‍ക്കും നീതിന്യായ നടപടികള്‍ക്കും വ്യാപാരത്തിനുമായി ഉപയോഗിച്ചിരുന്ന വലിയ കെട്ടിടങ്ങളെയാണ് ബസിലിക്കകള്‍ എന്നു വിളിച്ചിരുന്നത്. ക്രൈസ്തവസഭ ഈ വാസ്തുവിദ്യാരീതി ആരാധനാലയങ്ങളുടെ നിര്‍മാണത്തിനായി സ്വീകരിച്ചു. വിശാലമായ നടുത്തളവും ഇരുവശങ്ങളിലുമുള്ള ഇടനാഴികളും അര്‍ധവൃത്താകൃതിയിലുള്ള അള്ത്താരഭാഗവും ഉള്‍ക്കൊള്ളുന്ന ബസിലിക്കകള്‍ ക്രൈസ്തവ ആരാധനയുടെ പ്രധാന കേന്ദ്രങ്ങളായി വളര്‍ന്നു.റോമിലെ നാല് പ്രധാന പേപ്പല്‍ ബസിലിക്കകളില്‍ ഏറ്റവും പഴക്കമേറിയതും പദവിയില്‍ ഒന്നാമതായതുമാണ് സെന്റ് ജോണ്‍ ലാറ്ററന്‍. സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് പോള്‍ ഔട്ട്സൈഡ് ദ വാള്‍സ്, സെന്റ് മേരി മേജര്‍ എന്നിവയാണ് മറ്റു മൂന്ന് പ്രധാന പേപ്പല്‍ ബസിലിക്കകള്‍. ഈ നാലു ദേവാലയങ്ങള്‍ക്കും പ്രത്യേക പേപ്പല്‍ പദവിയുണ്ടെങ്കിലും ലാറ്ററന്‍ ബസിലിക്കയ്ക്കു മാത്രമാണ് ‘ആര്‍ച്ച് ബസിലിക്ക’ എന്ന സവിശേഷ സ്ഥാനപ്പേര് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഔദ്യോഗിക പദവിയും ചരിത്രപരമായ പ്രാധാന്യവും മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാണ്.
ലാറ്ററന്‍ ബസിലിക്കയുടെ ഉദയം
റോമിലെ കൈലിയന്‍ കുന്നിന് സമീപമാണ് ഈ മഹത്തായ ദേവാലയം സ്ഥിതിചെയ്യുന്നത്. പുരാതന റോമിലെ പ്രഭുകുടുംബമായിരുന്ന ലാറ്ററാനി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന പ്രദേശമായതിനാലാണ് ഈ സ്ഥലത്തിന് ലാറ്ററന്‍ എന്ന പേര് ലഭിച്ചത്. പിന്നീട് ഈ ഭൂമി കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ കുടുംബത്തിന്റെ കൈവശമെത്തി. ക്രൈസ്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ലഭിച്ചതോടെ അദ്ദേഹം ഈ സ്ഥലം അന്നത്തെ പാപ്പയായിരുന്ന മില്ത്തിയാദെസിന് കൈമാറി. അവിടെ ഒരു വലിയ ക്രൈസ്തവ ദേവാലയം നിര്‍മിക്കുന്നതിനുള്ള സാഹചര്യം അങ്ങനെയാണ് ഒരുങ്ങിയത്.എ.ഡി. 313-ലെ മിലാന് വിളംബരത്തിനുശേഷം ആരംഭിച്ച ക്രൈസ്തവ ദേവാലയനിര്മാണത്തിന്റെ ആദ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നായിരുന്നു ഇത്. കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ പിന്തുണയോടെ നിര്‍മിക്കപ്പെട്ട ദേവാലയം എ.ഡി. 324 നവംബര്‍ 9-ന് സില്‍വെസ്റ്റര്‍ ഒന്നാമന് പാപ്പ കൂദാശ ചെയ്തു. യേശുക്രിസ്തുവായ രക്ഷകനാണ് ആദ്യം ദേവാലയം സമര്‍പ്പിക്കപ്പെട്ടിരുന്നത്.ക്രൈസ്തവസഭയ്ക്ക് പരസ്യമായി ആരാധന നടത്താനും വിശ്വാസം പ്രഖ്യാപിക്കാനും ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ചരിത്രസാക്ഷ്യം കൂടിയായിരുന്നു ഈ ദേവാലയം. നൂറ്റാണ്ടുകളോളം റോമിലെ പാപ്പമാരുടെ ഔദ്യോഗിക വസതിയും ഭരണകേന്ദ്രവും ലാറ്ററന്‍ സമുച്ചയമായിരുന്നു. വത്തിക്കാന്‍ കേന്ദ്രീകരിച്ചുള്ള ഇന്നത്തെ പേപ്പല്‍ ഭരണസംവിധാനം രൂപപ്പെടുന്നതിനും ഏറെ മുമ്പ് സഭയുടെ ഭരണപരവും ആത്മീയവുമായ ജീവിതം ഇവിടെനിന്നാണ് നിയന്ത്രിക്കപ്പെട്ടിരുന്നത്.ആദ്യകാലത്ത് രക്ഷകനായ യേശുക്രിസ്തുവിന് സമര്‍പ്പിക്കപ്പെട്ടിരുന്ന ദേവാലയത്തില്‍, പിന്നീട് സ്നാപക യോഹന്നാന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ദേവാലയത്തോടു ചേര്‍ന്നുള്ള സ്നാപക യോഹന്നാന്റെ നാമത്തിലുള്ള മാമ്മോദീസാ മന്ദിരത്തിന് ഈ മാറ്റത്തില്‍ പ്രത്യേക പങ്കുണ്ടായിരുന്നു. പിന്നീട് യോഹന്നാന് സുവിശേഷകന്റെ പേരും ദേവാലയത്തിന്റെ സമര്പ്പണനാമത്തില് ഉള്‍പ്പെടുത്തി. അങ്ങനെയാണ് ‘ലാറ്ററനിലെ ഏറ്റവും പരിശുദ്ധനായ രക്ഷകന്റെയും സ്നാപക യോഹന്നാന്റെയും സുവിശേഷകനായ യോഹന്നാന്റെയും ആര്‍ച്ച് ബസിലിക്ക’ എന്ന ഔദ്യോഗിക നാമം രൂപപ്പെട്ടത്.
ദേവാലയങ്ങളുടെ മാതാവും ശിരസും
ലാറ്ററന്‍ ബസിലിക്കയുടെ പ്രവേശനഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്ന ലത്തീന്‍ വാക്യം അതിന്റെ ചരിത്രപരവും സഭാപരവുമായ പ്രാധാന്യം വ്യക്തമാക്കുന്നു: Omnium Urbis et Orbis Ecclesiarum Mater et Caput. ‘റോമിലെയും ലോകത്തിലെയും എല്ലാ ദേവാലയങ്ങളുടെയും മാതാവും ശിരസും’ എന്നാണ് ഈ വാക്യത്തിന്റെ അര്‍ഥം.ഇത് കേവലം ഒരു ആദരസൂചകമായ വിശേഷണമല്ല. റോമിന്റെ മെത്രാനായ പാപ്പയുടെ കത്തീഡ്രല്‍ ദേവാലയം എന്ന നിലയിലുള്ള അതിന്റെ ഔദ്യോഗികവും കാനോനികവുമായ സ്ഥാനത്തെയാണ് ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ച് പാപ്പ റോമിന്റെ മെത്രാനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മെത്രാന് സിംഹാസനമായ കത്തീഡ്ര അദ്ദേഹത്തിന്റെ റോമാ രൂപതയിലെ കത്തീഡ്രല്‍ ദേവാലയത്തിലാണുള്ളത്. ആ ദേവാലയമാണ് ലാറ്ററന്‍ ബസിലിക്ക.ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമായ ദേവാലയം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയാണല്ലോ. പാപ്പമാരുടെ പ്രധാന ചടങ്ങുകളും വിശുദ്ധ കുര്‍ബാനകളും നിരവധി ചരിത്രസംഭവങ്ങളും അവിടെയാണ് നടക്കുന്നത്. എന്നാല്‍ പാപ്പയുടെ കത്തീഡ്രല്‍ ദേവാലയം സെന്റ് പീറ്റേഴ്സ് ബസിലിക്കയല്ല, ലാറ്ററന്‍ ബസിലിക്കയാണ്. കാരണം, സെന്റ് പീറ്റേഴ്സ് ബസിലിക്ക സ്ഥിതിചെയ്യുന്നത് വത്തിക്കാന്‍ സിറ്റിയിലാണ്; ലാറ്ററന്‍ ബസിലിക്കയാണ് റോമാ രൂപതയുടെ യഥാര്‍ഥ കത്തീഡ്രല്‍.അതിനാല്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രാധാന്യം വാസ്തുവിദ്യയിലോ വിസ്തൃതിയിലോ തീര്‍ഥാടകരുടെ എണ്ണത്തിലോ മാത്രമല്ല കണക്കാക്കുന്നത്. റോമിലെ മെത്രാനെന്ന നിലയില്‍ പാപ്പയുടെ അജപാലനശുശ്രൂഷയുമായും സഭയുടെ ഐക്യവുമായും ബന്ധപ്പെട്ടതാണ് അതിന്റെ സവിശേഷത. പാപ്പയുടെ കത്തീഡ്ര എന്നത് ഒരു ഭരണാധികാരിയുടെ ഇരിപ്പിടം മാത്രമല്ല; അപ്പസ്തോലിക വിശ്വാസം പഠിപ്പിക്കുകയും വിശ്വാസസമൂഹത്തെ നയിക്കുകയും ചെയ്യുന്ന മെത്രാന് ശുശ്രൂഷയുടെ പ്രതീകമാണ്.
ചരിത്രത്തിന്റെ ഉയിര്‍പ്പുകളും തകര്‍ച്ചകളും
പതിനേഴു നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തിനിടയില്‍ ലാറ്ററന്‍ ബസിലിക്ക നിരവധി ദുരന്തങ്ങളെയും പുനര്നിര്മാണങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. ഭൂകമ്പങ്ങളും തീപിടിത്തങ്ങളും ആക്രമണങ്ങളും കാലപ്പഴക്കവും ദേവാലയത്തിന് പലതവണ നാശനഷ്ടങ്ങളുണ്ടാക്കി. ഓരോ കാലഘട്ടത്തിലും പാപ്പമാരുടെ നേതൃത്വത്തില്‍ അത് പുനര്‍നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്തു.അവിന്യോണ് പ്രവാസകാലത്ത് (1309 – 1377) പാപ്പമാരുടെ ആസ്ഥാനം ഫ്രാന്‍സിലേക്കു മാറ്റപ്പെട്ടതോടെ ലാറ്ററന്‍ സമുച്ചയത്തിന്റെ പ്രാധാന്യത്തിനും പരിപാലനത്തിനും തിരിച്ചടിയുണ്ടായി. 1377-ല്‍ ഗ്രിഗറി പതിനൊന്നാമന്‍ പാപ്പ റോമിലേക്ക് തിരിച്ചെത്തിയെങ്കിലും ലാറ്ററന്‍ സമുച്ചയം മോശമായ അവസ്ഥയിലായിരുന്നതിനാല്‍ പേപ്പല്‍ വസതിയും ഭരണകേന്ദ്രവും പിന്നീട് വത്തിക്കാനിലേക്കു മാറ്റപ്പെട്ടു. എന്നിരുന്നാലും റോമാ രൂപതയുടെ കത്തീഡ്രല്‍ എന്ന നിലയിലുള്ള ലാറ്ററന്റെ സ്ഥാനം ഒരിക്കലും നഷ്ടപ്പെട്ടില്ല.പതിനേഴാം നൂറ്റാണ്ടില്‍ ഇന്നസെന്റ് പത്താമന്‍ പാപ്പയുടെ കാലത്ത് ദേവാലയത്തില്‍ വലിയ നവീകരണം നടന്നു. പ്രശസ്ത ഇറ്റാലിയന്‍ വാസ്തുശില്പിയായ ഫ്രാന്‍സെസ്കോ ബോറോമിനിക്കായിരുന്നു പ്രധാന പുനര്‍നിര്‍മാണച്ചുമതല. 1646 മുതല്‍ 1657 വരെയുള്ള കാലയളവില്‍ അദ്ദേഹം ദേവാലയത്തിന്റെ അകത്തളങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്തു. പഴയകാലത്തെ വാസ്തുവിദ്യയുടെ അടിസ്ഥാനഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ബറോക്ക് ശൈലിയുടെ സൗന്ദര്യവും ഗാംഭീര്യവും ദേവാലയത്തിന് സമ്മാനിച്ചു.ഇന്നത്തെ ദേവാലയത്തിന്റെ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളിലൊന്നാണ് അതിന്റെ മുന്‍ഭാഗം. പതിനെട്ടാം നൂറ്റാണ്ടില്‍ ക്ലെമന്റ് പന്ത്രണ്ടാമന് പാപ്പയുടെ കാലത്ത് അലസ്സാന്‍ഡ്രോ ഗലീലിയാണ് മനോഹരമായ ഈ മുഖപ്പിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 1735-ല്‍ നിര്‍മാണം പൂര്‍ത്തിയായി. യേശുക്രിസ്തുവിന്റെയും സ്നാപക യോഹന്നാന്റെയും സുവിശേഷകനായ യോഹന്നാന്റെയും സഭാപിതാക്കന്മാരുടെയും പ്രതിമകള്‍ മുഖപ്പിന്റെ മുകള്‍ഭാഗത്തെ അലങ്കരിക്കുന്നു. മധ്യഭാഗത്ത് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന രൂപവും ദേവാലയത്തിന്റെ യഥാര്‍ഥ സമര്പ്പണലക്ഷ്യം ഓര്‍മിപ്പിക്കുന്നു.
വാസ്തുവിദ്യയിലെ വിസ്മയവും ആത്മീയസൗന്ദര്യവും
ലാറ്ററന്‍ ബസിലിക്കയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ സന്ദര്‍ശകരെ ആദ്യം ആകര്‍ഷിക്കുന്നത് അതിന്റെ വിസ്തൃതിയും ഗാംഭീര്യവുമാണ്. ഏകദേശം 130 മീറ്റര്‍ നീളമുള്ള ദേവാലയത്തിന് അഞ്ചു പ്രധാന ഭാഗങ്ങളുണ്ട്. നടുവിലെ വിശാലമായ പ്രധാന ഇടനാഴിയും ഇരുവശങ്ങളിലുമുള്ള ഇടനാഴികളും അള്‍ത്താരയിലേക്കുള്ള മനോഹരമായ കാഴ്ചയും ദേവാലയത്തിന് അതുല്യമായ വാസ്തുഭംഗി നല്കുന്നു.ദേവാലയത്തിന്റെ പ്രധാന ഭാഗത്ത് പന്ത്രണ്ട് അപ്പസ്തോലന്മാരുടെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ അടിത്തറ പന്ത്രണ്ട് അപ്പസ്തോലന്മാരാണെന്ന സഭയുടെ ദൈവശാസ്ത്രപരമായ കാഴ്ചപ്പാടാണ് ഈ പ്രതിമകള്‍ ഓര്‍മിപ്പിക്കുന്നത്. ദേവാലയത്തിന്റെ തറയിലെ മൊസൈക്ക് അലങ്കാരങ്ങളും ഭിത്തികളിലെ ശില്പങ്ങളും മേല്‍ക്കൂരയിലെ അലങ്കാരപ്പണികളും സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു.പ്രധാന അള്‍ത്താരയ്ക്കു മുകളിലുള്ള മനോഹരമായ മേലാപ്പും ശ്രദ്ധേയമാണ്. ദേവാലയത്തിന്റെ പ്രധാന അര്‍ധവൃത്താകൃതിയിലുള്ള ഭാഗത്തെ (ആപ്സ്) പതിമൂന്നാം നൂറ്റാണ്ടിലെ മൊസൈക്ക് ചിത്രീകരണം ക്രിസ്തുവിനെയും സ്വര്‍ഗീയ ജറൂസലേമിനെയും പ്രതിനിധാനം ചെയ്യുന്നു. ക്രൈസ്തവവിശ്വാസത്തിലെ രക്ഷയുടെയും നിത്യജീവന്റെയും പ്രത്യാശയാണ് ഈ കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കപ്പെടുന്നത്.ദേവാലയത്തോടു ചേര്‍ന്നുള്ള പുരാതന മാമ്മോദീസാ മന്ദിരത്തിനും ചരിത്രപരമായ പ്രാധാന്യമുണ്ട്. ആദ്യകാല ക്രൈസ്തവ വിശ്വാസജീവിതത്തില്‍ മാമ്മോദീസയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നുവെന്ന് ഈ നിര്‍മിതി വ്യക്തമാക്കുന്നു. ക്രൈസ്തവജീവിതത്തിലേക്കുള്ള പ്രവേശനകവാടമായ മാമ്മോദീസയിലൂടെ അനേകം റോമാക്കാര്‍ സഭയിലേക്ക് പ്രവേശിച്ചുവെന്ന ചരിത്രവും ഈ മന്ദിരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലാറ്ററന്‍ ഉടമ്പടിയും ദേവാലയത്തിന്റെ പ്രത്യേക പദവിയും
ലാറ്ററന്‍ ബസിലിക്ക സ്ഥിതിചെയ്യുന്നത് ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ്. വത്തിക്കാന്‍ സിറ്റിയുടെ അതിര്‍ത്തിക്കു പുറത്താണെങ്കിലും ഹോളി സീയുടെ അധീനതയിലുള്ള പ്രത്യേക പദവിയാണ് ഈ ദേവാലയത്തിനുള്ളത്. 1929 ഫെബ്രുവരി 11-ന് ഹോളി സീയും ഇറ്റാലിയന്‍ ഭരണകൂടവും തമ്മില്‍ ഒപ്പുവച്ച ലാറ്ററന്‍ ഉടമ്പടി വത്തിക്കാന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കി. കത്തോലിക്കാസഭയുടെ പരമാധികാരത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കുന്നതിനും പാപ്പയുടെ ആത്മീയവും ഭരണപരവുമായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ഈ ഉടമ്പടി നിര്‍ണായകമായി.വത്തിക്കാന്‍ സിറ്റിക്കു പുറത്തുള്ള റോമിലെ ചില സഭാസ്ഥാപനങ്ങള്‍ക്കും ഈ ഉടമ്പടി പ്രത്യേക നിയമപരമായ പദവി നല്കി. ലാറ്ററന്‍ ബസിലിക്കയും അതിനോടു ചേര്‍ന്നുള്ള പേപ്പല്‍ കൊട്ടാരവും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇറ്റലിയുടെ ഭൂപ്രദേശത്തിനുള്ളിലാണെങ്കിലും ഹോളി സീയുടെ ഉടമസ്ഥതയിലും പ്രത്യേക അധികാരപരിരക്ഷയിലുമാണ് ഈ സമുച്ചയം.
നവംബര്‍ 9: ദേവാലയ കൂദാശയുടെ തിരുനാള്‍
ലാറ്ററന്‍ ബസിലിക്കയുടെ ചരിത്രവും ആത്മീയപ്രാധാന്യവും അനുസ്മരിക്കുന്ന ദിനമാണ് നവംബര്‍ 9. എ.ഡി. 324 നവംബര്‍ 9-ന് സില്‍വെസ്റ്റര്‍ ഒന്നാമന് പാപ്പ ദേവാലയം കൂദാശ ചെയ്തതിന്റെ സ്മരണയ്ക്കായാണ് കത്തോലിക്കാസഭ ഈ ദിനം തിരുനാളായി ആചരിക്കുന്നത്. സഭയുടെ ആരാധനക്രമ കലണ്ടറില്‍ ഈ തിരുനാളിന് പ്രത്യേക സ്ഥാനമുണ്ട്. ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭകള്‍ ലാറ്ററന്‍ ബസിലിക്കയുടെ കൂദാശാദിനം ആഘോഷിക്കുന്നു. ഒരു പ്രത്യേക സ്ഥലത്ത് നടന്ന ദേവാലയകൂദാശയുടെ വാര്‍ഷികം സാര്‍വത്രികസഭ മുഴുവന്‍ ആഘോഷിക്കുന്നതിലൂടെ സഭയുടെ ആഗോള ഐക്യമാണ് പ്രകടമാകുന്നത്.ദേവാലയം എന്നത് കല്ലും മരവും ചേര്‍ത്തുണ്ടാക്കിയ ഒരു നിര്‍മിതി മാത്രമല്ലെന്നും ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന വിശ്വാസസമൂഹത്തിന്റെ അടയാളമാണെന്നും ഈ തിരുനാള്‍ ഓര്‍മിപ്പിക്കുന്നു. റോമിലെ മെത്രാന്റെ കത്തീഡ്രല്‍ ദേവാലയമായ ലാറ്ററന്‍ ബസിലിക്കയോടുള്ള ആദരവ്, പാപ്പയുമായും അദ്ദേഹത്തിലൂടെ സാര്വത്രികസഭയുമായും ഉള്ള വിശ്വാസികളുടെ ഐക്യത്തിന്റെ ആഘോഷം കൂടിയാണ്.ലാറ്ററന്‍ ബസിലിക്കയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വലിയ ആത്മീയസത്യം നമുക്കു മുന്നില്‍ തെളിയുന്നു. ദേവാലയങ്ങള്‍ മനുഷ്യര്‍ ദൈവത്തെ അന്വേഷിച്ചെത്തുന്ന ഇടങ്ങളാണ്. എന്നാല്‍ ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യര്‍ പരസ്പരം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ആ ആരാധനയ്ക്ക് പൂര്‍ണതയുണ്ടാകില്ല.ലാറ്ററന്‍ ബസിലിക്കയുടെ ചരിത്രം സഭയുടെ ആത്മീയദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ക്രൈസ്തവവിശ്വാസം പീഡനങ്ങളുടെയും പ്രതിസന്ധികളുടെയും കാലഘട്ടങ്ങളെ അതിജീവിച്ച് ലോകമെമ്പാടും വ്യാപിച്ചതിന്റെ ചരിത്രസാക്ഷ്യമാണത്. അധികാരത്തിന്റെയും സമ്പത്തിന്റെയും പ്രകടനമെന്നതിലുപരി വിശ്വാസത്തിന്റെ ഐക്യവും അപ്പസ്തോലിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമാണ് ഈ ദേവാലയം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.പതിനേഴു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്നുവന്ന ഈ വിശുദ്ധസങ്കേതം ഇന്നും വിശ്വാസികള്‍ക്ക് പ്രത്യാശയുടെ അടയാളമായി നിലകൊള്ളുന്നു. ഓരോ നവംബര്‍ 9-നും ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഈ ദേവാലയത്തിന്റെ കൂദാശ അനുസ്മരിക്കുമ്പോള്‍ അത് ഒരു പുരാതന നിര്‍മിതിയുടെ വാര്‍ഷികാഘോഷം മാത്രമാകുന്നില്ല; ക്രിസ്തുവില്‍ ഒന്നായിത്തീരുന്ന സഭയുടെ ആത്മീയ ഐക്യത്തിന്റെ പ്രഖ്യാപനം കൂടിയാകുന്നു.റോമിലെയും ലോകത്തിലെയും എല്ലാ ദേവാലയങ്ങളുടെയും മാതാവും ശിരസുമായി അറിയപ്പെടുന്ന ലാറ്ററന്‍ ബസിലിക്ക, അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ശേഷിപ്പല്ല; വിശ്വാസത്തിന്റെ തുടര്‍ച്ചയും സഭയുടെ ഐക്യത്തിന്റെ സജീവസാക്ഷ്യവുമാണ്.
അവലംബങ്ങള്‍:- വത്തിക്കാന്‍ സ്റ്റേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലാറ്ററന്‍ ബസിലിക്കയുടെ കൂദാശയും ചരിത്രവും.- ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് വാസ്തുവിദ്യയും ചരിത്രവും.- വത്തിക്കാന്‍ ന്യൂസ് ദേവാലയത്തിന്റെ തിരുനാളും സഭയിലെ സ്ഥാനവും.- വത്തിക്കാന്‍ സ്റ്റേറ്റ് ലാറ്ററന്‍ ഉടമ്പടിയും അതിര്‍ത്തിക്കു പുറത്തുള്ള സ്വത്തുക്കളുടെ നിയമപരമായ പദവിയും.

