ലീമ: വർഷങ്ങളോളം മിഷനറിയായും മെത്രാനായും അജപാലന ശുശ്രൂഷ നിർവഹിച്ച പെറുവിൽ ലെയോ പതിനാലാമൻ പാപ്പായ്ക്ക് ആവേശകരമായ സ്വീകരണം. ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ മൂന്നാം ഘട്ടമായാണ് പാപ്പാ പെറുവിലെത്തിയത്.
തലസ്ഥാനമായ ലീമയിലെത്തിയ പാപ്പായെ സ്വീകരിക്കാൻ ഏകദേശം മുപ്പത് ലക്ഷത്തോളം ആളുകൾ വിവിധ കേന്ദ്രങ്ങളിൽ തടിച്ചുകൂടി. നവംബർ 11ന് അർജന്റീനയിൽനിന്ന് യാത്ര തിരിച്ച പാപ്പാ പ്രാദേശിക സമയം വൈകുന്നേരം അഞ്ചോടെ പെറുവിലെ കയ്യാവോ വ്യോമസേനാ വിമാനത്താവളത്തിലെത്തി. പ്രസിഡന്റ് കെയ്ക്കോ സോഫിയ ഫുജിമോറി ഹിഗൂച്ചി, വിദേശകാര്യ മന്ത്രി കാർലോസ് എസ്പാ, അപ്പസ്തോലിക നൂൺഷ്യോ തുടങ്ങിയവർ ചേർന്ന് പാപ്പായെ സ്വീകരിച്ചു. കുട്ടികൾ പൂക്കൾ നൽകിയാണ് പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തത്.’നമുക്ക് ഹൃദയം തുറക്കാം’ എന്ന പ്രമേയത്തിൽ നടക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റ് കൊട്ടാരവും പാപ്പാ സന്ദർശിച്ചു. തുടർന്ന് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, വ്യവസായികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗത ഗാനാലാപനത്തിനുശേഷം പ്രസിഡന്റ് പാപ്പായെ അഭിസംബോധന ചെയ്തു.
തുടർന്ന് പെറുവിൽ ദീർഘകാലം മിഷനറിയായും മെത്രാനായും സേവനം ചെയ്ത ലെയോ പതിനാലാമൻ പാപ്പാ രാജ്യത്തോടുള്ള തന്റെ പ്രത്യേക സ്നേഹവും അജപാലന അനുഭവങ്ങളും പങ്കുവച്ച് പ്രഭാഷണം നടത്തി. ഒരിക്കൽ തന്റെ മിഷൻ പ്രവർത്തനങ്ങളുടെ വേദിയായിരുന്ന രാജ്യത്തേക്ക് ആഗോളസഭയുടെ ഇടയനായി തിരിച്ചെത്തിയ പാപ്പായുടെ സന്ദർശനം പെറുവിലെ വിശ്വാസികൾക്ക് ഏറെ ആവേശവും പ്രതീക്ഷയും പകരുന്നതായി.

