സെന്റ് ലൂയിസ്: ജനങ്ങളെ യേശു ക്രിസ്തുവിലേക്ക് നയിക്കുകയെന്നതായിരുന്നു വാഴ്ത്തപ്പെട്ട ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീനിന്റെ സുവിശേഷ ദൗത്യത്തിന്റെ കേന്ദ്രമെന്ന് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ. മിസോറിയിലെ സെന്റ് ലൂയിസിൽ വ്യാഴാഴ്ച നടന്ന ഷീനിന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപന ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സഭാംഗങ്ങളെ ഒരുമിപ്പിച്ച ചടങ്ങിൽ ലെയോ പതിനാലാമൻ പാപ്പയുടെ ആശംസകൾ കർദ്ദിനാൾ ടാഗ്ലെ കൈമാറി. തന്റെ സഹദേശിയും ഇല്ലിനോയി സ്വദേശിയും സഹമെത്രാനുമായ ഫുൾട്ടൻ ഷീൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതിൽ പാപ്പ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ആരംഭിക്കുന്ന പാപ്പയുടെ ഫ്രാൻസ് അപ്പസ്തോലിക യാത്രയ്ക്കായി വിശ്വാസികളോട് പ്രാർഥിക്കാനും കർദ്ദിനാൾ ടാഗ്ലെ അഭ്യർഥിച്ചു.
ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനവും കർദ്ദിനാൾ ടാഗ്ലെ അനുസ്മരിച്ചു. ആധുനിക ആശയവിനിമയ മാധ്യമങ്ങളിലൂടെ സുവിശേഷം നിരന്തരം പ്രഘോഷിച്ചവനും മിഷനറി തീക്ഷ്ണതയാൽ നയിക്കപ്പെട്ട സമർപ്പിത ഇടയനുമായിരുന്നു ഷീനെന്ന് പാപ്പ വിശേഷിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സുവിശേഷപ്രഘോഷകനെന്ന നിലയിലുള്ള ഷീനിന്റെ വ്യക്തിത്വവും മിഷനറി ഇടയനെന്ന നിലയിലുള്ള വിളിയുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ട് പ്രധാന സവിശേഷതകളെന്ന് കർദ്ദിനാൾ ടാഗ്ലെ ചൂണ്ടിക്കാട്ടി. വാഴ്ത്തപ്പെട്ട പ്രഖ്യാപന ദിവ്യബലിയിൽ വായിച്ച മൂന്ന് തിരുവചന ഭാഗങ്ങളും സുവിശേഷവത്കരണത്തിനും ദൗത്യത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

