കൊച്ചി : കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങള്‍, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ മൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അനിവാര്യമാണെങ്കിലും, കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, അതുവഴി നഷ്ടപ്പെടുന്ന ഉപജീവനത്തിന് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്. കടലില്‍ പോകാന്‍ കഴിയാത്ത ഓരോ ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഏക ഉപജീവന മാര്‍ഗമാണ് നഷ്ടപ്പെടുന്നത്. നിലവില്‍ അനുവദിക്കുന്ന നഷ്ടപരിഹാരം യഥാര്‍ത്ഥ വരുമാനനഷ്ടത്തിനും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനും യാതൊരു വിധത്തിലും ആനുപാതികമല്ല. അതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ശരാശരി ദിവസവരുമാനം, വിലക്കയറ്റം, കുടുംബച്ചെലവ് എന്നിവ പരിഗണിച്ച് നഷ്ടപരിഹാര തുക അടിയന്തരമായി പുനര്നിശ്ചയിക്കപ്പെടണം. സര്‍ക്കാരിന്റെ നയമായി ഇത് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വര്‍ധിപ്പിച്ച തുക അടിയന്തരമായി വിതരണം ചെയ്യണം.
അടുത്തകാലത്തായി കടലില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികള്‍ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതും അവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന കാലതാമസവും അതീവ ആശങ്കാജനകമാണ് . കടലില്‍ കാണാതാകുന്ന ഓരോ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതിനായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തവും കാര്യക്ഷമവുമായ രക്ഷാപ്രവര്‍ത്തന സംവിധാനം ഒരുക്കേണ്ടത് അനിവാര്യമാണ്. കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡും ഡയറക്ടര്‍ ഫാ ഡോ സെലെസ്റ്റിന് പുത്തന്‍പുരക്കലും ചൂണ്ടിക്കാട്ടി.
ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല മറൈന്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ സ്ഥാപിക്കണം. മത്സ്യത്തൊഴിലാളികള്‍ കാണാതായ വിവരം ലഭിച്ചാലുടന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നാവികസേന, മറൈന്‍ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയോജിത തെരച്ചില്‍ ആരംഭിക്കണം. ഉപഗ്രഹസാങ്കേതികവിദ്യ, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുകയും എല്ലാ മത്സ്യബന്ധന യാനങ്ങളിലും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങളും അടിയന്തര ദുരന്തസൂചന ഉപകരണങ്ങളും സര്‍ക്കാര്‍ സഹായത്തോടെ നിര്‍ബന്ധമാക്കണമെന്നും കടല്‍ ആവശ്യപ്പെട്ടു.

