വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയിലെ ചിഫെങ് രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ.
ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തെ ചിഫെങ് രൂപതയുടെ മെത്രാനായി ബിഷപ് ജോസഫ് ചാങ് യാന്‍ഫെങ്ങിനെയാണ് നിയമിച്ചത്.ജൂണ്‍ 15-ന് ലെയോ പതിനാലാമന്‍ പാപ്പ ഈ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 22-ന് ബിഷപ് ചാങ് യാന്‍ഫെങ്ങിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ നടന്നു. 2021 ഒക്ടോബര്‍ മുതല്‍ ചിഫെങ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.1984 ഏപ്രില്‍ 4-ന് ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ബെയ്ഷെനില് ജനിച്ച ജോസഫ് ചാങ് യാന്‍ഫെങ്, ഷെന്യാങ് തിയോളജിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചശേഷം ദക്ഷിണ കൊറിയയിലെ ഡെജിയോണ്‍ കത്തോലിക്കാ സര്‍വകലാശാലയില്‍നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഉന്നത ബിരുദം നേടി. 2010 നവംബര്‍ 18-ന് ചിഫെങ് രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ച അദ്ദേഹം, ചിഫെങ് കത്തീഡ്രലിലെ വികാരിയായും പിന്നീട് ലിന്‍ഡോംഗ് ഇടവകയിലും ശുശ്രൂഷ ചെയ്തു.
2021 ഒക്ടോബറില്‍ രൂപതാ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു.ലെയോ പതിനാലാമന്‍ പാപ്പയുടെ ഭരണകാലത്ത് ചൈനയില്‍ നടക്കുന്ന പ്രധാന ബിഷപ്പ് നിയമനങ്ങളിലൊന്നായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് ആരംഭിച്ച വത്തിക്കാന്‍–ചൈന സഹകരണത്തിന്റെ തുടര്‍ച്ചയായി, ചൈനയിലെ കത്തോലിക്കാ സഭയുമായി സൗഹൃദപരവും ക്രമബദ്ധവുമായ ബന്ധം നിലനിര്‍ത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമായും ഈ നിയമനം കാണപ്പെടുന്നു.

