കൊച്ചി: വരാപ്പുഴ അതിരൂപതാംഗമായ ഫാ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിലിനെ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (കെആർഎൽസിബിസി) ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (JPD) കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ചേർന്ന കേരള ലത്തീൻ മെത്രാൻ സമിതി യോഗത്തിലാണ് നിയമനം പ്രഖ്യാപിച്ചത്.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് ജെ.പി.ഡി കമ്മീഷൻ. രൂപതാ സാമൂഹിക സേവന സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയും സാമൂഹിക നീതി, സമാധാനം, വികസനം എന്നിവ ലക്ഷ്യമിട്ട് വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നതിൽ കമ്മീഷൻ നിർണായക പങ്കുവഹിക്കുന്നു.2002-ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. സിജൻ മണുവേലിപ്പറമ്പിൽ, വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരി ഡയറക്ടറായും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS) ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്.
ബൈബിൾ വിജ്ഞാനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. സിജന്റെ ഗവേഷണം സാമൂഹിക പുനർനിർമ്മാണത്തിൽ ജെറമിയാ പ്രവാചകന്റെ ദൗത്യത്തെ ആസ്പദമാക്കിയായിരുന്നു. സാമൂഹിക നീതി, സമാധാനം, വികസനം എന്നീ മേഖലകളിൽ അദ്ദേഹത്തിനുള്ള അനുഭവസമ്പത്തും നേതൃത്വപാടവവും കെആർഎൽസിബിസിയുടെ ജെ.പി.ഡി കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശയും നൽകും.

