എറണാകുളം: തൊഴിൽ നിയമ സംഹിതകളിലെ (ലേബർ കോഡുകൾ) തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾക്കെതിരെ രാജ്യത്തെ ട്രേഡ് യൂണിയനുകൾ രാഷ്ട്രീയ ഭിന്നതകൾക്കതീതമായി ഒന്നിച്ച് മുന്നേറണമെന്ന് പ്രമുഖ തൊഴിലാളി സംഘടനാ നേതാക്കൾ ആഹ്വാനം ചെയ്തു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലൈൻസ് (യുടിഎ) എറണാകുളത്ത് സംഘടിപ്പിച്ച “തൊഴിൽ നിയമ സംഹിതകൾ (Labour Codes): പ്രത്യാഘാതങ്ങളും പ്രതികരണവും” എന്ന വിഷയത്തെ ആസ്പദമാക്കിയ ചർച്ചയിലാണ് ഈ ആവശ്യം ഉയർന്നത്.
മുൻ പാർലമെന്റ് അംഗവും എച്ച്.എം.എസ് മുൻ ദേശീയ പ്രസിഡന്റുമായ തമ്പാൻ തോമസ്, ബി.എം.എസ് മുൻ ദേശീയ പ്രസിഡന്റായ സജി നാരായണൻ, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ്, മുൻ മന്ത്രിയും എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയുമായ കെ. പി. രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം വി. പി. ജോർജ്, എച്ച്.എം.എസ് ജനറൽ സെക്രട്ടറി ടോമി മാത്യു, കെ.എൽ.എം പ്രസിഡന്റ് ജോസ് മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ലേബർ കോഡുകളുടെ പ്രത്യാഘാതത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോറൊ ഹെൽത്തിലെ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടലെന്ന് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.
ലേബർ കോഡുകൾക്കെതിരെ രാഷ്ട്രീയത്തിനതീതമായി എല്ലാ തൊഴിലാളി യൂണിയനുകളും ഐക്യപ്പെടണമെന്ന് തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകളോട് ഭാരതീയ മസ്ദൂർ സംഘിന് (ബി.എം.എസ്) വിയോജിപ്പുണ്ടെന്നും വിഷയത്തിൽ രാജ്യത്തെ മറ്റ് തൊഴിലാളി സംഘടനകളുമായി സഹകരിച്ച് മുന്നോട്ട് പോകാൻ ബി.എം.എസ് തയ്യാറാണെന്നും സജി നാരായണൻ വ്യക്തമാക്കി.

