”പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കും ശക്തമായി വാദിക്കുന്ന പാപ്പായുടെ ശബ്ദം മനുഷ്യരാശിക്ക് മാതൃകയാകുമെന്ന പ്രതീക്ഷയിലാണ് ഈ പേര് നല്‍കിയിരിക്കുന്നത്,” ഗവേഷകര്‍ പറഞ്ഞു.
ഓസ്ട്രിയ: ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പുതിയൊരു ശലഭവര്ഗത്തിന് ”പൈറാലിസ് പാപ്പാലിയോണി” എന്ന പേര് നല്കി. ”പാപ്പാ ലെയോ ശലഭം” എന്നറിയപ്പെടുന്ന ഈ വര്‍ഗത്തിന് കത്തോലിക്ക സഭയുടെ തലവനായ ലെയോ പതിനാലാമന്‍ പാപ്പായുടെ ബഹുമാനാര്‍ത്ഥമാണ് പേര് നല്‍കിയതെന്ന് ഗവേഷകരായ പീറ്റര്‍ ഹ്യൂമര്‍, ലൗറി കൈല, ആന്‍ഡ്രിയാസ് എച്ച്. സെഗെറര്‍ എന്നിവര്‍ ഗവേഷണ ലേഖനത്തില്‍ രേഖപ്പെടുത്തി.
”കാലാവസ്ഥയും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് പാപ്പാ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശബ്ദം മനുഷ്യരാശിക്ക് മാതൃകയാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” അവര്‍ വ്യക്തമാക്കി.
നോട്ട ലെപിഡോപ്റ്ററോളജിക്ക എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഈ ശലഭവര്ഗം മെഡിറ്ററേനിയന്‍ ദ്വീപായ ക്രീറ്റില്‍ കണ്ടെത്തിയതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഏകദേശം രണ്ട് സെന്റിമീറ്റര്‍ ചിറകുവിസ്തൃതിയുള്ള ഈ ഇനത്തിന് സ്വര്‍ണനിറത്തിലുള്ള പുള്ളികളും വ്യക്തമായ വെള്ള വരകളും പ്രത്യേകതയാണ്.
ഇതിനുപുറമെ, പ്രത്യേക നിറഭംഗിയും രൂപഭാവവും കാരണം, ഈ പുതിയ ശലഭവര്ഗം ഉന്നത രാജകീയമോ സഭാപരമോ ആയ പദവികളെ സൂചിപ്പിക്കുന്ന പേരുകളുള്ള പൈറലിഡേ കുടുംബത്തിലെ ശലഭങ്ങളുടെ കൂട്ടത്തില്പ്പെടുന്നതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. സാധാരണയായി ശലഭവര്ഗങ്ങള്ക്ക് അവയുടെ ഭൗതിക സവിശേഷതകള്‍, ഭൂമിശാസ്ത്രപരമായ സ്ഥലങ്ങള്‍, അല്ലെങ്കില്‍ വിശിഷ്ട വ്യക്തികളുടെ ബഹുമാനാര്‍ത്ഥം പേരിടുന്നതാണെന്ന് ഇന്‍സ്ബ്രൂക്കിലെ ടിറോളിയന് സ്റ്റേറ്റ് മ്യൂസിയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഈ വര്‍ഗത്തില്‍ വ്യത്യസ്തമായൊരു പാരമ്പര്യമുണ്ട്. 1775-ല്‍ ഓസ്ട്രിയന്‍ പ്രകൃതിശാസ്ത്രജ്ഞരും ജെസ്യൂട്ട് വൈദികരുമായ മൈക്കല്‍ ഡെനിസും ഇഗ്നാസ് ഷിഫര്മുല്ലറും ഈ കൂട്ടത്തിലെ ആദ്യ വര്‍ഗത്തിന് അതിന്റെ നിറഭംഗി കാരണം ”രാജകീയ” എന്നര്‍ത്ഥമുള്ള Pyralis regalis എന്ന പേര് നല്‍കിയിരുന്നു.
അതിന്റെ തുടര്‍ച്ചയായി നിരവധി പേരുകളും രൂപം കൊണ്ടു. ലോകമെമ്പാടുമുള്ള ഏകദേശം 16,000 ശലഭവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന സൂപ്പര്ഫാമിലിയിലെ ഭാഗങ്ങളാണ് ഇവ.
പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തില്‍ (ഉല്പത്തി 2) ആദാമിന് എല്ലാ ജീവജാലങ്ങള്‍ക്കും പേര് നല്കാന് ദൈവം നിര്‍ദ്ദേശിക്കുന്നതായി പറയുന്നുണ്ട്. ജീവജാലങ്ങളെ വര്‍ഗീകരിക്കുകയും പേരിടുകയും പഠിക്കുകയും ചെയ്യുന്ന ടാക്സോണമി ശാസ്ത്രത്തെ ”ബൈബിള്‍ അര്‍ത്ഥത്തില്‍ മനുഷ്യരാശിയുടെ ഏറ്റവും പഴയ ദൗത്യം” എന്നാണ് മ്യൂസിയം വിശേഷിപ്പിക്കുന്നത്.
ടിറോളിയന് സ്റ്റേറ്റ് മ്യൂസിയത്തിലെ പഠന വിഭാഗം മേധാവിയായ ഹ്യൂമറിന്റെ അഭിപ്രായത്തില്‍, പേരിടല്‍ ഒരു ശാസ്ത്രീയ നടപടിമാത്രമല്ല, മറിച്ച് പ്രതീകാത്മകമായൊരു സന്ദേശവുമാണ്. ”പാപ്പാ ലെയോ ശലഭം” എന്ന പേര് സൃഷ്ടിയുടെ സംരക്ഷണത്തോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തത്തെ ഓര്‍മ്മിപ്പിക്കുന്ന അഭ്യര്‍ത്ഥന കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
”ലോകം ഗുരുതരമായ ജൈവവൈവിധ്യ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ ഭൂമിയിലെ ജീവജാലങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടുള്ളത്. ജൈവവൈവിധ്യം ഫലപ്രദമായി സംരക്ഷിക്കണമെങ്കില്‍ ആദ്യം ജീവജാലങ്ങളെ തിരിച്ചറിയുകയും വിവരണം നല്‍കുകയും പേരിടുകയും വേണം,” ഹ്യൂമര്‍ വ്യക്തമാക്കി.
ഫ്രാന്‍സിസ് പാപ്പായുടെ ലൗദോത്തേ സീ ആഗോള പരിസ്ഥിതി സന്ദേശത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 2025-ല്‍ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ നീതി സമ്മേളനത്തില്‍ ലെയോ പതിനാലാമന്‍ പാപ്പാ നടത്തിയ ”മനസ്സാന്തരത്തിനുള്ള ആഹ്വാനം” ഹ്യൂമറിന്റെ വാക്കുകളെ പ്രതിധ്വനിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
”ഹൃദയത്തിലേക്കുള്ള മടങ്ങിവരവിലൂടെയാണ് യഥാര്‍ത്ഥ പരിസ്ഥിതി മാനസാന്തരം സാധ്യമാകുന്നത്. കണക്കുകള്‍ ശേഖരിക്കുന്നതില്‍ നിന്ന് കരുതലിലേക്കും, പരിസ്ഥിതി ചര്‍ച്ചകളില്‍ നിന്ന് വ്യക്തിപരവും സാമൂഹികവുമായ ജീവിതരീതികളെ മാറ്റിമറിക്കുന്ന പരിസ്ഥിതി മാനസാന്തരത്തിലേക്കും നാം നീങ്ങണം,” പാപ്പാ പറഞ്ഞു.

