ഇസ്ലാമാബാദ്: കുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ സിഡിഎ നടത്തിയ ശ്രമം നിര്‍ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചു. ഈ വിധി ക്രൈസ്തവര്‍ക്ക് തത്കാലികമായെങ്കിലും പ്രതീക്ഷ നൽകുന്നു.
നിയമപരമായ നടപടിക്രമങ്ങളില്ലാതെ ചേരികൾ പൊളിച്ചുമാറ്റി താമസക്കാരെ ഒഴിപ്പിക്കാൻ അധികാരികൾക്ക് കഴിയില്ലെന്ന് കോടതി കണ്ടെത്തി. നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
ദരിദ്ര കുടുംബങ്ങളെ മറ്റ് ക്രമീകരണങ്ങളില്ലാതെ നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് വിരുദ്ധമാണെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദിലെ റിംഷ കോളനിയിലെ ജനങ്ങളാണ് നേരത്തെ കുടിയിറക്ക ഭീഷണി നേരിട്ടത്.
ഇതിന് പിന്നാലെ അടിയന്തര സർക്കാർ ഇടപെടല്‍ തേടിക്കൊണ്ട് പ്രദേശത്തെ സമൂഹം സംഘടിച്ചിരിന്നു. കുടിയിറക്ക ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗം ക്രൈസ്തവരും ദിവസ വേതനക്കാരും ശുചീകരണ തൊഴിലാളികളുമാണ്. തങ്ങള്‍ക്ക് നീതിയും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആയിരക്കണക്കിന് ക്രൈസ്തവര്‍ രാജ്യ തലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇന്നലെ ഏപ്രില്‍ 16നു പുറത്തുവന്ന കോടതി വിധിയുടെ ആശ്വാസത്തിലാണ് പ്രദേശത്തെ ക്രൈസ്തവ സമൂഹം

