ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപത അധ്യക്ഷന്‍
ഉയിര്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആഘോഷം ഈശോയുടെ ഉയിര്‍പ്പാണ്. കല്ലറ നഷ്ടസ്വപ്നങ്ങളുടെയും പൊലിഞ്ഞ മോഹങ്ങളുടെയും ഇരുളടഞ്ഞ ഓര്‍മ്മപ്പെടുത്തലാണെങ്കില്‍ ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒളിമങ്ങാത്ത വെളിച്ചമാണ്.
ലോകാവസാനത്തോളം ഉയിര്പ്പുരൂപത്തേക്കാള് ശക്തമായ പ്രതീക്ഷയുടെ ഒരു രൂപം ലോകം ഒരിക്കലും കാണാന്‍ പോകുന്നുമില്ല. ഒരു ഉയിര്‍പ്പ് തിരുനാളില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: ‘ശാന്തമാവുക കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റു. അവിടുന്ന് നമ്മുടെ കൂടെയുണ്ട് .ഇതാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’. അങ്ങനെയെങ്കില്‍ മരണത്തിന്റെ മേല്‍ ജീവന്റെയും, അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെയും, നിരാശയുടെ മേല്‍ പ്രത്യാശയുടെയും വെളിച്ചമാണ് ഉയിര്‍പ്പ് തിരുനാള്‍.
മഹാനായ സിക്സ്റ്റസ് രണ്ടാമന് പാപ്പയെയും സഹ ശുശ്രൂഷകരായ ഡീക്കന്മാരെയും അറസ്റ്റ് ചെയ്ത് ബന്ധനസ്ഥരാക്കി കൊലക്കളത്തിലേക്ക് കൊണ്ടുപോവുകുമ്പോള് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പടയാളികളോട് ഡീക്കന്മാരിലൊരാള് ചോദിച്ചു. ഞങ്ങളെ എവിടേക്കാണ് നിങ്ങള്‍ കൊണ്ടുപോകുന്നത് . അതിന് ചാടിക്കയറി മറുപടി പറഞ്ഞത് സിക്സ്റ്റസ് പാപ്പയാണ്. നാം നിത്യ ജീവിതത്തിലേക്കുള്ള യാത്രയിലാണ് . അതായത് മരണത്തിലൂടെ അവര്‍ നിത്യമായ പ്രകാശത്തിലേക്കുള്ള യാത്രയിലാണെന്നാണ് പാപ്പ ഓര്‍മ്മിപ്പിച്ചത് . ജീവിതത്തിലെ സഹനത്തിന്റെ ദുഃഖവെള്ളിയിലും പ്രതീക്ഷയുടെ ഉയിര്‍പ്പ് സ്വപ്നം കാണാന്‍ അവര്‍ക്ക് അടിസ്ഥാനമായത് ക്രിസ്തുവിന്റെ ഉത്ഥാനമാണ് . പൗലോസ് അപ്പോസ്തലന് ഓര്‍മിപ്പിക്കുന്നു: ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നിങ്ങളുടെ വിശ്വാസവും ഞങ്ങളുടെ പ്രസംഗവും വ്യര്‍ത്ഥമാണെന്ന് (1 കൊറി 15:14). ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ നിന്ന് ഉയിര്‍കൊണ്ട ശക്തിയാണ് മരണമേ നിന്റെ വിജയമെവിടെ , മരണമേ നിന്റെ വിഷധ്വംശനമെവിടെ എന്ന് മരണത്തെ പോലും വെല്ലുവിളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ( 1 കൊറി 15:54, 55).
ഈശോയുടെ ഉയര്‍പ്പ് ഒരു ചരിത്രസംഭവം മാത്രമല്ല . അത് അനുദിനം നമ്മുടെ ജീവിതത്തില്‍ നടക്കുന്ന, നടക്കേണ്ട പ്രവര്‍ത്തനമാണ്: കണ്ണുനീരോടെ വിതയക്കുന്നവന് ജയഘോഷത്തോടെ കൊയ്യുന്നു എന്നാണല്ലോ സങ്കീര്ത്തനമൊഴി (സങ്കീ 126:5-6). കണ്ണീര്‍ക്കയത്തിലും ജീവിതം പ്രതീക്ഷാനിര്‍ഭരവും പ്രകാശമാനവുമാകണം. അതിനാല്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പ് പരാജയങ്ങളെ വിജയങ്ങളാക്കുവാനും, സങ്കടങ്ങളെ സന്തോഷമാക്കുവാനും – മരണ ഗര്‍ത്തത്തില്‍ നിന്നും പുതുജീവനിലേക്കു പ്രവേശിക്കാനുമുള്ള നിത്യ പ്രകാശമായ ക്രിസ്തുവിന്റെ ക്ഷണമായി മാറുന്നു . കുരിശും ശൂന്യമായ കല്ലറയും നമ്മോട് പറയുന്നതിതാണ്: അന്ധകാരത്തിന് അവസാനം ഉണ്ട്; പുതിയ ഒരു തുടക്കം ഒരിക്കലും അകലെയല്ല.
കുരിശിന്റെ വേദനകള്‍ക്ക് മുകളില്‍ ഉയിര്‍പ്പിന്റെ വെളിച്ചം ഉണ്ടെന്ന് ഉയിര്‍പ്പ് ഞായര്‍ നമ്മെ ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഉത്ഥാനം ജീവിതത്തിന് പരമോന്നതമായ പ്രത്യാശയാണ്നമ്മുടെ സഹനങ്ങളുടെ നെരിപ്പോടിലും പരാജയങ്ങളുടെ കനല് വഴിയിലും ഉത്ഥിതന്റെ അനുഗ്രഹീത സാന്നിധ്യമുണ്ട്. കല്ലറ ശൂന്യമാകുമ്പോള്‍ ഗലീലി മുഴുവന്‍ നിറയുന്ന ക്രിസ്തു സാന്നിധ്യം തിരിച്ചറിയാനാകണം. റുഡോള്‍ഫ് ബുള്‍ട്ട്മാന്‍ എന്ന വേദ പണ്ഡിതന് പറയുന്നുണ്ട് : ‘ക്രിസ്തുവിന്റെ ഉയിര്‍പ്പ് മരണമെന്ന പ്രവ്യത്തിയുടെ മേലുള്ള വിജയം മാത്രമല്ല മ്യതമായ എല്ലാ അവസ്ഥകളുടെയും മേലുള്ള വിജയമാണ് ‘. ആരെയും പ്രതീക്ഷിക്കാനാവാത്ത ഒറ്റപ്പെടുത്തലുകളും ആരും മനസ്സിലാക്കാത്ത കുറ്റപ്പെടുത്തലുകളും ആരുമറിയാത്ത തേങ്ങലുകളും ആരും കാണാത്ത മുറിപ്പാടുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് .
സഹനത്തിന്റെ ഈ ദുഃഖവെള്ളി അനുഭവങ്ങളെ സന്തോഷത്തിന്റെ ഉയിര്‍പ്പാക്കി മാറ്റാന്‍ കെല്പ്പുള്ളവന് നമ്മുടെ കൂടെയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയണം. അവന് കൂടെയുണ്ടെന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ ജീവിത തോണി തുഴയാനാകണം. പാടത്ത് പണിയെടുക്കുന്ന കര്ഷകന് ഒരുവേള വിളവെല്ലാം നശിച്ചു പോയാലും അടുത്ത തവണ വിളവിറക്കാതിരിക്കില്ല. കടലില്‍ വലയെറിയുന്ന മുക്കുവനും ശൂന്യമായ വലയും വഞ്ചിയുമായി ഒരിക്കല്‍ കരയിലേക്ക് മടങ്ങിയെത്തിയാലും അടുത്ത ദിവസം തോണിയിറക്കാതെയും വലയെറിയാതെയുമിരിക്കില്ല . ഉയിര്‍പ്പിന്റെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ് അവരെല്ലാം . വിശുദ്ധ അമ്മ ത്രേസ്യയുടെ ക്ലാസിക് വചനം ഇങ്ങനെയാണ് : ‘ഒന്നും നിന്നെ ആകുലപ്പെടുത്താതിരിക്കട്ടെ .എല്ലാം കടന്നുപോകുന്നു ദൈവം മാത്രം നിലനില്ക്കുന്നു’ .എന്നും നിലനില്‍ക്കുന്ന ഉത്ഥിതനായ ക്രിസ്തു നിന്റെ കൂടെയുണ്ടെന്നുള്ള ഉറപ്പായി മാറണം ഉയിര്‍പ്പുതിരുനാള്‍.
നാം ഓരോരുത്തരും ഉയിര്‍പ്പിന്റെ സാക്ഷികളാളായി, വക്താക്കളായി മാറേണ്ടവരാണ്; മറ്റുള്ളവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയും പകരേണ്ടവരാണ്.
ആന്മഹത്യാമുനമ്പില് നില്ക്കുന്നവന് ഇനിയും ജീവിതത്തില്‍ പ്രതീക്ഷക്ക് വകയുണ്ടെന്ന് ചാരത്തിരുന്ന് സ്നേഹപൂര്‍വ്വം മൊഴിയുന്നവന്‍ മാത്രമല്ല, നാല്ക്കവലയില് വഴിയറിയാതെ നില്ക്കുന്നവന് വഴിതെളിക്കുന്നവനും, പരാജയത്തിന്റെ തീരത്ത് നിരാശനായവനെ വിജയം അകലെയല്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നവനും, തകര്‍ന്നുടഞ്ഞ വ്യക്തി ബന്ധങ്ങള്‍ ഇനിയൊരിക്കലും കൂട്ടിയിണക്കാനാവില്ലെന്ന് ചിന്തിക്കുന്നവനെ അത് സുസാധ്യമെന്ന് അനുസ്മരിപ്പിക്കുന്നവനും, സാമ്പത്തിക നഷ്ടങ്ങളുടെയും കടക്കെണികളുടെയും മദ്ധ്യേ ഇനിയൊന്നും തിരിച്ചു പിടിക്കാനാവില്ലെന്ന് കരുതുന്നവനെ ദൈവത്തിന്റെ പണപ്പെട്ടി ഇപ്പോഴും സമുദ്ധിയുള്ളതാണെന്ന് ഓര്മ്മിപ്പിക്കുന്നവനും, ജീവിത ദുഃഖങ്ങളുടെ ഭാണ്ഡവുമായി ഇടവഴിയില്‍ ഇടറി വീഴുന്നവനെ പിടിച്ചെഴുന്നേല്പിച്ച്, ചേര്‍ത്തുപിടിച്ച് ,നിനക്ക് ഇനിയും സ്വന്തം കാലില്‍ മുന്നോട്ട് സഞ്ചരിക്കാനാവുമെന്ന് പറഞ്ഞ് ശക്തിപ്പെടുത്തുന്നവനും ക്രിസ്തു പകരുന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും വക്താവു തന്നെയാണ് . ഉത്ഥിതന്റെ സാന്നിധ്യം നമ്മെ ഉത്ഥാനം നല്കുന്ന പ്രത്യാശയുടെ സാക്ഷികളാക്കി മാറ്റണം.
ഉത്ഥാനം ജീവിതത്തിന് ശാശ്വതമായ ഉണര്വ്വാണ്ഉയര്പ്പ് ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വ്യക്തിപരമായ അനുഭവമായി മാറേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും മാറ്റങ്ങളുണ്ടാകും. അത് ജീവിതത്തിന് ഉണര്‍വ്വും ഉന്മേഷവുമായി മാറും. യേശുവിന്റെ മരണത്തില്‍ മനസ്സുമരവിച്ച് യഹൂദരെ പേടിച്ച് മുറിയടച്ചിരുന്ന ശിഷ്യന്മാരുടെ മധ്യത്തില്‍ അവന് പുത്തനുണര്വ്വിന്റെയും പുതുവസന്തത്തിന്റെയും സാന്നിധ്യമായി. രാത്രിമുഴുവന്‍ അധ്വാനിച്ചിട്ടും ചെറുമീന്‍ പോലും ലഭിക്കാതെ ഒഴിഞ്ഞ വലകളും ശൂന്യമായ ഹൃദയവുമായി പരാജയത്തിന്റെ പടവില്‍ നിന്ന ശിഷ്യന്മാര്ക്ക് ഉത്ഥിതനായ ക്രിസ്തു ജീവിതത്തില്‍ ഉയിര്ത്തെഴുനേല്പ്പിന്റെയും ഉന്മേഷത്തിന്റെയും സാന്നിധ്യമായി. ക്രിസ്തുവിന്റെ മരണത്തിലും തുടര്‍ന്ന് കേട്ട സംഭവങ്ങളിലും മനസ്സുമടുത്ത് എമ്മാവൂസിലേക്ക് നിരാശയോടെ നീങ്ങിയ ശിഷ്യന്മാര്ക്കും ക്രിസ്തു പുതുപുലരിയുടെ അടയാളമായി.എന്മാവൂസിലേക്ക് പോയ ശിഷ്യന്മാര് തിരിച്ച് ജറുസലേമില്‍ എത്തി.
നിരാശയില്‍ പെട്ട് പഴയ ജീവിതത്തിലേക്ക് പോയവര്‍ തിരിച്ചുവന്ന് തീക്ഷ്ണമതികളായ് പ്രവര്‍ത്തിച്ചു. ഇതുപോലെ ഉയിര്‍പ്പ് മാറ്റത്തിന്റെ ശംഖൊലിയായി നമ്മില്‍ മാറണം .സഹനത്തിന്റെ ദുഃഖവെള്ളിയനുഭവങ്ങളെ സന്തോഷത്തിന്റെ ഉയിര്‍പ്പാക്കി മാറ്റാന്‍ കെല്‍പ്പുള്ളവര്‍ നമ്മുടെ കൂടെയുണ്ടെന്ന് തിരിച്ചറിയാനാവുക എന്നതാണ് പ്രധാനം. ഉയിര്‍പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവുമെന്ന് വിശുദ്ധ തോമസ് അക്വിനാസും ഓര്‍മിപ്പിക്കുന്നുണ്ട്. ഉത്ഥാനം ജീവിതത്തിന് അനുസ്യൂതമായ അതിജീവനമാണ്ഇന്ന് മനുഷ്യന് എല്ലാറ്റിനെയും പേടിയാണ് .
രോഗങ്ങള്‍ കടന്നുവരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തൊഴില്‍ നഷ്ടമാകുമ്പോള്‍ വ്യക്തി ബന്ധങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുമ്പോഴെല്ലാം മനുഷ്യന് വളരെ അസ്വസ്തനാണ്. എന്നാല്‍ എന്നും കൂടെയുള്ള ഉത്ഥിതന്‍ നല്കുന്ന സന്ദേശം ഇതാണ് : ‘ഭയപ്പെടേണ്ട’. ‘പോകാന്‍ ഒരിടം, കാത്തിരിക്കാന്‍ ഒരാള്‍’ ഇത് രണ്ടും ഉണ്ടെങ്കില്‍ ജീവിതം സഫലമായി എന്നാണ് ചൈനീസ് പഴമൊഴി. നമുക്ക് ഇത് രണ്ടും ക്രിസ്തുവാണ്. അവന് കൂടെയുള്ളപ്പോള്‍ ഒന്നിനെക്കുറിച്ചും ആകുലത വേണ്ട .
കനല് വഴികളെ കൃപയുടെ നീര്ച്ചാലാക്കി മാറ്റുന്നവനാണ് അവന്.മരണത്തിന്റെ ഇരുളിനെ ജയിച്ച് ഉയര്‍ത്തെഴുന്നേറ്റ യേശുവിന്റെ വിജയത്തിന്റെ ഓര്‍മ്മ പകരുന്നത് അതിജീവനത്തിന്റെ ചിന്തകളാണ്. സ്വയം തോല്ക്കാന് തയ്യാറാകാത്തിടത്തോളം കാലം ആര്‍ക്കും നമ്മെ തോല്പിക്കാനാവില്ല. ഇന്ന് ലോകംഅഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ഗള്‍ഫ് മേഖലയിലെ യുദ്ധങ്ങള്‍, അതിന്റെ തിക്ത ഫലമായ പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം , സാമ്പത്തിക അരക്ഷിതാവസ്ഥ, അസ്വസ്തമായ ഭയവിഹ്വലമായ ലോകം ഇങ്ങനെ ഈ നിര നീളുന്നു. നിരന്തരം വാര്‍ത്തയാകുന്ന ആത്മഹത്യകളും പട്ടാപകല്‍ പോലും നടക്കുന്ന ഗുണ്ടാവിളയാട്ടങ്ങളും കൊലപാതകങ്ങളും വന്യജീവി ആക്രമണങ്ങള്‍ മൂലം ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങളും കേരളത്തെ ഭയപ്പെടുത്തുന്നുണ്ട്..
നീതിക്കുവേണ്ടിയും, അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടിയും നടക്കുന്ന സമരങ്ങളും ഇന്നിന്റെ നേര്‍ക്കാഴ്ചയാണ്.ഗാര്‍ഹിക പീഡനങ്ങളിലൂടെ കടന്നുപോകുന്ന അമ്മമാരുടെയും മക്കളുടെയും കണ്ണുനീരും നമ്മെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ അദ്ഭുതമായി നമ്മള് ഉയിര്‍പ്പിനെ കാണുമ്പോള്‍ ഈ ഭൂമിയിലെ എല്ലാവിധ ബുദ്ധിമുട്ടുകളും ദുരിതങ്ങളും സഹനങ്ങളും അതിജീവിക്കുവാന്‍ നമുക്ക് കഴിയുമെന്ന് ഈശോയുടെ ഉയര്‍പ്പ് നമ്മെ ഓരോരുത്തരെയും പഠിപ്പിക്കുന്നുണ്ട്. ദൈവപുത്രനായ യേശു നമ്മെ ഓരോരുത്തരെയും വിളിക്കുന്നതും ക്ഷണിക്കുന്നതും ഉയിര്‍പ്പു പകരുന്ന ഈ അതിജീവന വീഥിയിലേക്കാണ്. ഈ ജീവിതത്തിന്റെ സങ്കടങ്ങളും ദുഃഖങ്ങളുമെല്ലാം കടന്നു പോകും, ദുഃഖവെള്ളിക്കപ്പുറം പ്രതീക്ഷയുടെ ഉയിര്‍പ്പ് ഞായര്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. ഏതു പ്രതിസന്ധിയേയും ഉത്ഥിതന്റെ ബലത്തില്‍ നാം അതിജീവിക്കും എന്നു വിശ്വസിക്കാന്‍ ഉത്ഥിതന്‍ നമുക്ക് കരുത്തു പകരുന്നു. ആധ്യാത്മികമായും ഭൗതികമായും ഉയര്പ്പിക്കപ്പെട്ടവരായി ഈ ലോകത്തിലെ വെല്ലുവിളികളെയും പ്രലോഭനങ്ങളെയും നേരിടാന്‍ ഉത്ഥിതന്‍ നമുക്ക് പ്രചോദനമേകട്ടെ.
ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും കുരിശുകളെയും അതിജീവിക്കുവാന്‍ അത് നമുക്ക് ശക്തിയാകും.പ്രതിസന്ധികളില്‍ പരസ്പരം ശക്തിപ്പെടുത്താനും കരുതലോടെയും കരുണയോടെയും മുന്നോട്ട് പോകുവാനുമാണ് ഉത്ഥിതന്‍ നമുക്ക് ആഹ്വാനം നല്‍കുന്നത്. ഉയര്‍പ്പ് ഞായര്‍ ഭീതിയില്ലാതെ ജീവിതത്തെ സ്നേഹിക്കാനും മറ്റ് മനുഷ്യര്‍ക്കായി ജീവിതം സമര്‍പ്പിക്കാനും എല്ലാവര്ക്കും കരുത്താകട്ടെ. എല്ലാവര്ക്കും ഉയിര്‍പ്പുതിരുനാളിന്റെ മംഗളാശംസകള്‍.

