മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ.
കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മാനന്തവാടി നഗരസഭയിലെപഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
അതേസമയം, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ രാധയുടെ സംസ്കാരം ഇന്ന്. രാവിലെ 11 മണിയോടെയാണ് സംസ്കാരം. വെള്ളിയാഴ്ച രാവിലെ പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിൽ നിന്ന് കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവയുടെ അക്രമണമുണ്ടായത്. വനംവകുപ്പ് താൽക്കാലിക വാച്ചറായ അച്ചപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ.