എറണാകുളം: കേരള സ്കൂൾ കായിക മേളയ്ക്ക് മെട്രോ നഗരത്തിൽ വർണാഭമായ തുടക്കം. ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.
വിദ്യാഭ്യാസ മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പിആർ ശ്രീജേഷും ഭിന്ന ശേഷിക്കാരിയായ ശ്രീലക്ഷ്മിയും ചേർന്ന് ദീപശിഖ തെളിയിച്ചു. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാലായിരത്തോളം കുട്ടികൾ അണിനിരന്ന സാംസ്കാരിക പരിപാടികൾ നടന്നു. പിടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവയാണ് പ്രധാനമായും അരങ്ങേറിയത്.