ജെയിംസ് അഗസ്റ്റിന്
”ചിലപ്പോള്‍ ഒരു വലിയ സമ്മേളനത്തില്‍ നമുക്ക് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. എല്ലാവരും ഒരുമിച്ചു ദേശീയ ഗാനം ആലപിച്ചാല്‍ നമ്മുടെ അസ്വസ്ഥതയെ ശാന്തമാക്കാന്‍ നമുക്ക് കഴിയും. തോണിക്കാരും മറ്റ് തൊഴിലാളികളും ഒരേ സ്വരത്തിലും താളത്തിലും പാടുന്നത് ജോലിയില്‍ അവരെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു എന്ന വസ്തുതയില്‍ സംഗീതത്തിന്റെ ശക്തി നമുക്കു കാണാനാകും. ജനകീയ ഉണര്‍വിനുള്ള നമ്മുടെ ശ്രമങ്ങളില്‍ സംഗീതത്തിന് ഒരു സ്ഥാനം നല്‍കണം.’ 1917 ഒക്ടോബര്‍ 20-ന് രണ്ടാം ഗുജറാത്ത് വിദ്യാഭ്യാസ സമ്മേളനത്തില്‍ മഹാത്മാഗാന്ധി നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളാണിത്.
മഹാത്മാഗാന്ധി തന്റെ ജീവിതത്തിലുടനീളം സംഗീതവുമായി സജീവമായി ഇടപെട്ടിരുന്നു. സംഗീതം, കല, സൗന്ദര്യശാസ്ത്രം എന്നിവയോട് അദ്ദേഹത്തിന് വളരെ സൂക്ഷ്മമായ സമീപനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, എഴുത്തുകള്‍, അഭിമുഖങ്ങള്‍ എന്നിവയിലെല്ലാം സംഗീതത്തെക്കുറിച്ചു പതിവായി പരാമര്ശിക്കാറുമുണ്ടായിരുന്നു. വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ മറികടക്കാനുള്ള സംഗീതത്തിന്റെ ശക്തിയെക്കുറിച്ചു മഹാത്മാഗാന്ധി പലകുറി കുറിച്ചിട്ടുണ്ട്. ഗാന്ധിയുടെ വിയോഗത്തിനു ശേഷം അദ്ദേഹം പതിവായി കേട്ടിരുന്ന, പ്രിയപ്പെട്ട ഗാനങ്ങളുടെ സമാഹാരങ്ങള്‍ പല പ്രതിഭകളും സമര്‍പ്പണമായി പ്രകാശനം ചെയ്തിട്ടുണ്ട്.
വിഖ്യാത സരോദ് വാദകനായ ഉസ്താദ് അംജത് അലിഖാന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട കീര്‍ത്തനങ്ങള്‍ സരോദില്‍ വായിച്ചു പുറത്തിറക്കിയ ആല്‍ബം അതിപ്രശസ്തമാണ്. സംഗീതലോകത്തിലെ ഇന്ത്യയുടെ അഭിമാനതാരമായിരുന്ന സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കര്‍ ഒരു രാഗം തന്നെ മഹാത്മാഗാന്ധിയുടെ പേരില്‍ സൃഷ്ടിച്ചു. മഹാത്മാവിന്റെ വിയോഗവര്ത്തയറിഞ്ഞയുടന് ഓള് ഇന്ത്യ റേഡിയോ അധികാരികളോട് തനിക്കു ഒരു സമര്‍പ്പണം നല്‍കാനുണ്ടെന്നു പറഞ്ഞു തത്സമയം തന്നെ സൃഷ്ടിച്ചതാണ് ‘മോഹന്‍ കോന്‍സ്’ എന്ന് പേരിട്ട ആ രാഗം. പണ്ഡിറ്റ് രവിശങ്കര്‍ സിത്താറില്‍ പുതിയ ഈ രാഗം വായിച്ചത് ലോകത്തിലെ പ്രശസ്തരായ സംഗീതനിര്മ്മാണ കമ്പനികള്‍ ആഗോളതലത്തില്‍ തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്.
രബീന്ദ്രനാഥ് ടാഗോറിന്റെ സൃഷ്ടികള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ദിസ് ഈസ് മൈ പ്രയര്‍ എന്നെ ആല്‍ബത്തിന്റെ കവര്‍പേജില്‍ മഹാത്മാഗാന്ധിയും ടഗോറും ചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് ചേര്‍ത്തത്. ജെഫ്റി എച്. ബോയെര്‍ സംഗീതം നല്കിയ ഈ ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സംഗീതവിദഗ്ധരും പങ്കുചേര്‍ന്നിരുന്നു. ‘ദി വേര്‍ഡ്സ് ഓഫ് മഹാത്മാ’ എന്നു പേരിട്ടൊരു വ്യത്യസ്തമായ ആല്‍ബം 1984-ല്‍ ഇറങ്ങിയിരുന്നു.
മഹാത്മാഗാന്ധിയുടെ എഴുത്തുകള്‍ ബെന്‍ കിങ്സ്ലിയുടെ ശബ്ദത്തില്‍ വായിച്ചു റെക്കോര്‍ഡ് ചെയ്തൊരു റെക്കോര്‍ഡ്. ഈ ആല്‍ബത്തിന് സംഗീതം നല്കിയതും പണ്ഡിറ്റ് രവിശങ്കര്‍ ആയിരുന്നു. രവിശങ്കറിന്റെ സിത്താറും അല്ലാ രഖായുടെ തബലയും ഈ ആല്‍ബത്തിന് കൂടുതല്‍ ചാരുത നല്‍കുന്നുണ്ട്. ഇന്ത്യയുടെ പ്രിയഗായിക ആശ ബോസ്ലെയും ഗസല്‍ ഗായകന് ജഗജിത്സിങ്ങും ചേര്‍ന്നൊരു ദേശഭക്തിഗാനസമാഹാരവും മഹാത്മാവിനു സമര്‍പ്പണമായി പുറത്തിറങ്ങിയിട്ടുണ്ട്.
മഹാത്മാഗാന്ധി നല്ലൊരു സംഗീതാസ്വാദകന് കൂടിയായിരുന്നു. നിരവധി ക്രിസ്ത്യന്‍ ഗാനങ്ങളും മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു . ഹെന്റി ലൈറ്റിന്റെ ‘എബൈഡ് വിത്ത് മി’, ഐസക് വാട്ട്സിന്റെ ‘വെന്‍ ഐ സര്‍വേ ദി വണ്ടറസ് ക്രോസ്സ് , ജോണ്‍ ബനിയന്റെ ഹീ ഹൂ വുഡ് ട്രൂ വാലൊര്‍ കൊ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ക്രിസ്ത്യന്‍ കീര്ത്തനങ്ങളോടുള്ള നിരന്തരമായ താല്‍പ്പര്യം ഗാന്ധി വെളിപ്പെടുത്തിയതായി എമില്സെന് എഴുതുന്നു. 1943-ല്‍ പൂനെയിലെ ആഗാഖാന്റെ കൊട്ടാരത്തില്‍ തടവുകാരനായിരുന്നപ്പോള്‍ അദ്ദേഹം ഒരു ക്രിസ്ത്യന്‍ ഗാനപുസ്തകം ആവശ്യപ്പെട്ടതായും എമില്‍സണ്‍ എഴുതിയിട്ടുണ്ട്.
ഒരു ഗാന്ധിജയന്തി കൂടി ആഗതമാകുന്നു. മഹാത്മാവിന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ നമുക്ക് വീണ്ടും കേള്‍ക്കാം.