തിരുവനന്തപുരം: സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് പി കെ കുഞ്ഞാലികുട്ടി രംഗത്ത്. നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണും-മുഖ്യമന്ത്രി
നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും, എന്തെന്ന് നമുക്കറിയില്ലല്ലോ. മറ്റൊർത്ഥത്തിൽ കാണേണ്ടെന്ന് പാർലമെൻ്ററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല-കെ രാജൻ
സർക്കാരിനോട് ഗവർണർക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. സർക്കാരിനോട് എന്തെങ്കിലും തർക്കം അദ്ദേഹത്തിനുണ്ടെങ്കിൽ അതിന് പ്രതികാരം തീർക്കേണ്ടത് ഭരണഘടനാപരമായ നടപടികൾ നിർവ്വഹിക്കാതെയല്ല. ഗവർണർ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണം. കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കമെന്നും കെ രാജൻ ചോദിച്ചു.