ഇടുക്കി: ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് വിവാദമാകുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാം പ്രശ്നമെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ശബരിമലയിൽ തിരക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അനിയന്ത്രിത സാഹചര്യമില്ല. ഹൃദ്രോഗം മൂലമാണ് ഒരാളുടെ മരണം സംഭവിച്ചത്. രാഷ്ട്രീയം പറയേണ്ടവർ ശബരിമലയിൽ പോകാതെ ഇവിടെ വന്ന് പറയട്ടെ എന്നും മന്ത്രി പറഞ്ഞു.
പതിനെട്ടാം പടി കയറുന്നിടത്താണ് തിരക്ക് വരുന്നത്. അത് ഒഴിവാക്കാൻ ഭക്തർ കൂടി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശബരിമലയിൽ തിരക്ക് സംബന്ധിച്ച് വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു.