ബിഎസ്
ചില വിശുദ്ധരെ നാം ഓര്‍ക്കുന്നത് അവരുടെ അസാധാരണമായ വിനയത്തിന്റെയോ ശാന്തതയുടെയോ പേരിലാണ്. ചിലരെ പ്രാര്‍ഥനയുടെ ആഴംകൊണ്ടും മറ്റു ചിലരെ കാരുണ്യത്തിന്റെ നിറവുകൊണ്ടും. എന്നാല്‍ വിശുദ്ധ ജെറോമിന്റെ കാര്യത്തില്‍ കഥ അല്പം വ്യത്യസ്തമാണ്. വാക്കുകളിലൂടെ ക്രിസ്തുവിനെ തേടിയ വിശുദ്ധനായിരുന്നു ജെറോം. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ നാവും പരിഹാസം കലര്‍ന്ന എഴുത്തുമായിരിക്കും.
പക്ഷേ, ആ തീക്ഷ്ണതയ്ക്കുള്ളില് മറ്റൊരു തീ കത്തുന്നുണ്ടായിരുന്നു. ദൈവത്തോടും യേശുക്രിസ്തുവിനോടുമുള്ള അതിരില്ലാത്ത സ്നേഹത്തിന്റെ തീ.
സത്യത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും അലക്ഷ്യം കാണിച്ചില്ല. വിശ്വാസത്തെ വളച്ചൊടിക്കുന്നതിനെ അദ്ദേഹം സഹിച്ചില്ല. തെറ്റായ പഠിപ്പിക്കലുകള്‍ക്കെതിരെ തന്റെ പേനയെ വാളുപോലെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജെറോമിന്റെ ജീവിതം ഒരു വൈരുധ്യമായി തോന്നാം: കടുത്ത സ്വഭാവമുള്ള സന്ന്യാസി, എന്നാല്‍ അത്യന്തം ആര്‍ദ്രമായ ഹൃദയമുള്ള വിശ്വാസി; തര്‍ക്കങ്ങളില്‍ തീക്ഷ്ണനായ പണ്ഡിതന്, എന്നാല്‍ തിരുവചനത്തിന്റെ മുമ്പില്‍ സ്വയം ചെറുതാകാന്‍ തയ്യാറായ ആത്മാവ്.
അദ്ദേഹത്തിന്റെ ജീവിതത്തെ ശരിയായി മനസ്സിലാക്കണമെങ്കില്‍ ആ രണ്ടു വശങ്ങളെയും ഒരുമിച്ച് കാണണം. പഠനവും പ്രായശ്ചിത്തവും, കുരിശും ഗ്രന്ഥശാലയും അദ്ദേഹത്തിന്റെ ജീവിതത്തിലെ തൂണുകളായിരുന്നു.
അറിവിനെ തേടിയ ബാലന്
ഏകദേശം സി.ഇ. 340-ഓടെ ഡാല്‍മേഷ്യയിലെ സ്ട്രിഡോണില്‍ ഒരു ക്രൈസ്തവ കുടുംബത്തിലാണ് ജെറോം ജനിച്ചതെന്ന് കുറിപ്പുകള്‍ പറയുന്നു. നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിച്ച പിതാവ് അദ്ദേഹത്തെ അക്കാലത്തെ പഠനകേന്ദ്രങ്ങളിലേക്ക് അയച്ചു. പിന്നീട് റോമിലെത്തി മികച്ച അധ്യാപകരുടെ കീഴില്‍ പഠിച്ചു. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു, കല്‍ദായ ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. എന്നാല്‍ അറിവിന്റെ ലോകത്തേക്കുള്ള ഈ യാത്ര അദ്ദേഹത്തെ ആത്മീയമായി എല്ലായ്പ്പോഴും ഉയര്‍ത്തിയില്ല. റോമിലെ ജീവിതത്തിന്റെ ആകര്‍ഷണങ്ങളില്‍ അദ്ദേഹം ഒരു ഘട്ടത്തില്‍ അകപ്പെട്ടു. ലോകസുഖങ്ങളോട് ആകര്‍ഷണം തോന്നിയിരുന്നുവെന്ന് ജെറോം തന്നെ പിന്നീട് സമ്മതിച്ചിട്ടുണ്ട്.
എങ്കിലും, റോമിലെ കാറ്റകോംബുകളിലും രക്തസാക്ഷികളുടെയും അപ്പസ്തോലന്മാരുടെയും കല്ലറകള്ക്കരികിലും അദ്ദേഹം മറ്റൊരു ലോകത്തെ കണ്ടു. ലോകം മറന്നുപോയ മനുഷ്യരുടെ കല്ലറകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തോട് സംസാരിക്കാന്‍ തുടങ്ങി.
അവിടെനിന്നാണ് ജീവിതം മാറിത്തുടങ്ങിയത്.
ഒരു ദര്‍ശനം മാറ്റിയ ജീവിതം
പിന്നീട് അന്ത്യോക്യയിലെത്തിയ ജെറോം ഗുരുതരമായി രോഗബാധിതനായി. രോഗത്തിന്റെ തീവ്രതയില്‍ ഒരു ദര്‍ശനം അദ്ദേഹത്തെ ആഴത്തില്‍ ഉലച്ചു. ക്രിസ്തുവിന്റെ മുമ്പില്‍ വിധിക്കായി നില്ക്കുന്ന താനെക്കുറിച്ചുള്ള ഒരു ദര്‍ശനം. തന്റെ വിശ്വാസത്തേക്കാള്‍ വാഗ്മിതയ്ക്കും പഠനത്തിനും പ്രാധാന്യം നല്കിയതിനാല് താന്‍ കുറവുള്ളവനാണെന്ന ബോധം ആ അനുഭവം അദ്ദേഹത്തില്‍ സൃഷ്ടിച്ചു. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അറിവ് മാത്രം പോരാ.
വാക്കുകള്‍ മാത്രം പോരാ. ദൈവത്തെക്കുറിച്ച് പഠിക്കുന്നതിലുപരി ദൈവത്തിനായി ജീവിക്കണമെന്ന് ചിന്തയായി. അദ്ദേഹം മരുഭൂമിയിലേക്ക് പിന്‍വാങ്ങി. പ്രാര്‍ഥനയും ഉപവാസവും പ്രായശ്ചിത്തവും പഠനവുമായി ഏകാന്തജീവിതം ആരംഭിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ആ ഏകാന്തത അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി.
മനസ്സിലെ പ്രലോഭനങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനായി അദ്ദേഹം ഹീബ്രു പഠിക്കാന്‍ തുടങ്ങി. യഹൂദമതത്തില്‍നിന്ന് ക്രൈസ്തവവിശ്വാസത്തിലേക്ക് വന്ന ഒരു സന്ന്യാസിയില്നിന്നായിരുന്നു പഠനം. വളരെ പ്രയാസമുള്ള ഭാഷയായിരുന്നു അത്. പക്ഷേ ജെറോമിന്റെ മനസ്സിന് പിന്മാറാന് അറിയില്ലായിരുന്നു. തിരുവചനം അതിന്റെ മൂലഭാഷയില്‍ അറിയണം എന്ന ആഗ്രഹം അദ്ദേഹത്തെ മുന്നോട്ടുനയിച്ചു.
വാക്കുകള്‍ക്കപ്പുറം വചനത്തിലേക്ക്
അന്ത്യോക്യയില്‍ തിരിച്ചെത്തിയശേഷം ജെറോം വൈദികനായി അഭിഷിക്തനായി. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സ് സന്ന്യാസജീവിതത്തിലേക്കായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിശുദ്ധ ഗ്രിഗറി നസിയാന്‍സന്റെ കീഴില്‍ തിരുവെഴുത്തുകള്‍ പഠിച്ചു. പിന്നീട് റോമിലെത്തി. സഭാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജെറോമിനെ ഡമാസൂസ് ഒന്നാമന് പാപ്പ തന്റെ സെക്രട്ടറിയായി നിലനിര്‍ത്തി. അവിടെവെച്ചാണ് ജെറോമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്ന് ആരംഭിക്കുന്നത്. ലാറ്റിന്‍ ഭാഷയിലുള്ള ബൈബിള്‍ പാഠങ്ങളില്‍ കാലക്രമേണ പകര്പ്പുപിശകുകളും വ്യത്യാസങ്ങളും കടന്നുകൂടിയിരുന്നു. പാപ്പായുടെ അഭ്യര്‍ഥനപ്രകാരം ജെറോം ഗ്രീക്ക് സുവിശേഷങ്ങളുടെ ലാറ്റിന്‍ പരിഭാഷ പുനഃപരിശോധിക്കുകയും തിരുത്തുകയും ചെയ്തു. പിന്നീട് മുഴുവന്‍ തിരുവെഴുത്തുകളിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ വ്യാപിച്ചു.
ഹീബ്രുവില്‍നിന്നും ഗ്രീക്കില്‍നിന്നും തിരുവചനത്തെ ലാറ്റിനിലേക്ക് കൊണ്ടുവന്നു. അങ്ങനെ രൂപംകൊണ്ട പരിഭാഷയാണ് പിന്നീട് ലാറ്റിന്‍ വുള്‍ഗാത്ത എന്ന പേരില്‍ അറിയപ്പെട്ടത്. സഭയുടെ ചരിത്രത്തില്‍ അതിന് ലഭിച്ച സ്വീകാര്യത അതിനെ നൂറ്റാണ്ടുകളോളം ക്രൈസ്തവലോകത്തിന്റെ പ്രധാന തിരുവചനപാഠങ്ങളിലൊന്നാക്കി മാറ്റി. ട്രെന്റ് കൗണ്‍സിലും പിന്നീട് വുള്‍ഗാത്തയുടെ പരിഷ്കരിച്ച പതിപ്പിന് പ്രത്യേക പ്രാധാന്യം നല്കി.
ഒരു മനുഷ്യന് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഒരു പുസ്തകത്തിനായി സമര്‍പ്പിച്ചു. എന്നാല്‍ അദ്ദേഹം എഴുതിയത് വെറുമൊരു പുസ്തകമല്ലായിരുന്നു. അദ്ദേഹം തലമുറകളുടെ കൈകളിലേക്ക് ദൈവവചനത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു.
”തിരുവെഴുത്തുകളെ അറിയാത്തത് ക്രിസ്തുവിനെ അറിയാത്തതാണ്” വിശുദ്ധ ജെറോമിന്റെ ഏറ്റവും പ്രസിദ്ധമായ വാക്കുകളില്‍ ഒന്നാണ്: ഈ വാക്കുകളില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതദര്‍ശനവും അടങ്ങിയിരിക്കുന്നു. ക്രിസ്തുവിനെ കണ്ടെത്താന്‍ വിശുദ്ധ ഗ്രന്ഥത്തിലേക്ക് കടക്കണം. ബൈബിള്‍ ഒരു പുസ്തകം മാത്രമല്ല; അതിന്റെ താളുകളിലൂടെ ക്രിസ്തുവിന്റെ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നു. അതുകൊണ്ടാണ് ജെറോം തിരുവചനപഠനത്തെ ഒരു ബൗദ്ധിക വ്യായാമമായി മാത്രം കാണാഞ്ഞത്. അത് ആത്മീയജീവിതത്തിന്റെ ആഹാരമായിരുന്നു. വാക്കുകള്‍ അദ്ദേഹത്തിന് ജീവന്റെ വിത്തുകളായിരുന്നു.
അതിനാലാണ് സഭ അദ്ദേഹത്തെ തിരുവചനത്തിന്റെ മഹാനായ പണ്ഡിതനും സഭയുടെ വേദപാരംഗതനുമായി ആദരിക്കുന്നത്. വിശുദ്ധ അഗസ്റ്റിന് ഒരിക്കല്‍ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ജെറോമിന്റെ പാണ്ഡിത്യത്തിന്റെ ആഴം സൂചിപ്പിക്കുന്നു: ”ജെറോം അറിയാത്തത് ഒരു മനുഷ്യനും അറിഞ്ഞിട്ടില്ല.”
കോപമുള്ള വിശുദ്ധന്
ജെറോം പൂര്‍ണതയുടെ ഒരു നിര്‍വികാര പ്രതിമയായിരുന്നില്ല. അദ്ദേഹത്തിന് കോപമുണ്ടായിരുന്നു. ഭാഷയില്‍ കഠിനതയുണ്ടായിരുന്നു. വിമര്‍ശിക്കുമ്പോള്‍ പരിഹാസം ചേര്‍ക്കാനും മടിയുണ്ടായിരുന്നില്ല. വിശ്വാസത്തെ തെറ്റായി അവതരിപ്പിക്കുന്നവരോട് അദ്ദേഹം വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു. ”സഭയുടെ ശത്രുക്കള്‍ എന്റെ ശത്രുക്കളുമാകണം” എന്ന നിലപാട് അദ്ദേഹം എഴുത്തുകളില്‍ പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ശത്രുക്കളും കുറവായിരുന്നില്ല.
എന്നാല്‍ ജെറോമിന്റെ കോപത്തിനും മറ്റൊരു വശമുണ്ടായിരുന്നു. അദ്ദേഹം മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് ശക്തമായി സംസാരിച്ചത്രതന്നെ സ്വന്തം തെറ്റുകളെക്കുറിച്ചും ബോധവാനായിരുന്നു. അദ്ദേഹം വേഗത്തില്‍ കോപിച്ചിരുന്നുവെങ്കില്, അതുപോലെതന്നെ വേഗത്തില്‍ അനുതപിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ചില ചിത്രങ്ങളിലും ശില്പങ്ങളിലും ജെറോം സ്വന്തം നെഞ്ചില്‍ കല്ലുകൊണ്ട് അടിക്കുന്നതായി കാണപ്പെടുന്നത്. അത് അദ്ദേഹത്തിന്റെ പ്രായശ്ചിത്തത്തിന്റെ പ്രതീകമാണ്.
മരുഭൂമിയില്‍ നിന്ന് ബെത്ലഹേമിലേക്ക്
റോമിന്റെ തിരക്കുകളില്‍നിന്ന് അകന്ന് ജെറോം വീണ്ടും ഏകാന്തതയിലേക്ക് പോയി. ഡമാസൂസ് ഒന്നാമന് പാപ്പയുടെ മരണശേഷം പാലസ്തീനിലെ മരുഭൂമിയില്‍ വര്‍ഷങ്ങളോളം പ്രാര്‍ഥനയിലും പ്രായശ്ചിത്തത്തിലും പഠനത്തിലും മുഴുകി. പിന്നീട് ബെത്ലഹേമില്‍ താമസമാക്കി. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആദരിക്കപ്പെട്ട ഗുഹയ്ക്കടുത്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനഘട്ടം. അവിടെ അദ്ദേഹം പഠനം തുടര്‍ന്നു. തിരുവെഴുത്തുകളുടെ പരിഭാഷയും വ്യാഖ്യാനവും നടത്തി. അതോടൊപ്പം ഒരു വിദ്യാലയവും ദരിദ്രര്‍ക്കായി ഒരു ആശ്രയകേന്ദ്രവും ആരംഭിച്ചു.
പണ്ഡിതന്റെ മേശയ്ക്കരികില്‍ ദരിദ്രന്റെ വേദനയ്ക്കും സ്ഥാനം ലഭിച്ചു. അതാണ് ജെറോമിന്റെ ജീവിതത്തിലെ മറ്റൊരു വലിയ പാഠം.
വാക്കുകള്‍ പ്രവൃത്തികളാകുമ്പോള്‍
സി.ഇ 410-ല്‍ റോം വീണപ്പോള്‍ അവിടത്തെ സമ്പന്നരായ പലരും അഭയാര്‍ഥികളായി വിശുദ്ധനാടുകളിലേക്ക് എത്തി. ചിലര്‍ ഭിക്ഷക്കാരുടെ അവസ്ഥയിലായിരുന്നു. അപ്പോള്‍ ജെറോം തന്റെ പഠനവും പരിഭാഷാപ്രവര്ത്തനവും ഒരു നിമിഷത്തേക്ക് മാറ്റിവച്ചു. അദ്ദേഹം അവരുടെ അടുത്തേക്ക് ചെന്നു. കാരണം, തിരുവെഴുത്തുകള്‍ പഠിക്കുന്നതിന്റെ അര്‍ഥം അവയുടെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒരു വാക്ക് ഈ മനോഭാവം അതിമനോഹരമായി വ്യക്തമാക്കുന്നു: ”ഇന്ന് നാം തിരുവെഴുത്തുകളുടെ വാക്കുകളെ പ്രവൃത്തികളിലേക്ക് പരിഭാഷപ്പെടുത്തണം. വിശുദ്ധമായ വാക്കുകള്‍ സംസാരിക്കുന്നതിനുപകരം അവ ജീവിക്കണം.” എത്ര വലിയൊരു വാക്യം! ഒരു പരിഭാഷകന്റെ ജീവിതത്തില്നിന്നുയര്ന്ന വാക്കുകള്‍.
ബൈബിള്‍ ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ദൗത്യമായിരുന്നു. എന്നാല്‍ അവസാനം അദ്ദേഹം മനസ്സിലാക്കിയ ഏറ്റവും വലിയ പരിഭാഷ മറ്റൊന്നായിരുന്നു: വചനത്തെ ജീവിതത്തിലേക്ക് പരിഭാഷപ്പെടുത്തുക.
കുരിശും ഗ്രന്ഥശാലയും
വിശുദ്ധ ജെറോമിന്റെ ജീവിതത്തെ മനസ്സിലാക്കാന്‍ കുരിശിനെയും ഗ്രന്ഥശാലയെയും ഒരുമിച്ച് കാണണമെന്ന് ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വശത്ത് ക്രിസ്തുവിനുവേണ്ടിയുള്ള കഠിനമായ ആത്മസമര്‍പ്പണം; മറുവശത്ത് ക്രൈസ്തവ രഹസ്യത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള നിരന്തരമായ പഠനം. ഈ രണ്ടു ലോകങ്ങളും ജെറോമില്‍ പരസ്പരം വിരുദ്ധങ്ങളായിരുന്നില്ല. പഠനം അദ്ദേഹത്തെ ദൈവത്തില്‍നിന്ന് അകറ്റിയില്ല; ദൈവത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ നയിച്ചു.
പ്രാര്‍ഥന അദ്ദേഹത്തെ അറിവില്‍നിന്ന് അകറ്റിയില്ല; അറിവിന് അര്‍ഥം നല്കി. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ മരുഭൂമിയും ഗ്രന്ഥശാലയും ഒരേ വഴിയിലെ രണ്ടു ഇടങ്ങളായി മാറി.
വിശുദ്ധ വഴിയില്‍
”നമ്മുടെ ആത്മീയ വളര്‍ച്ചയുടെ അളവുകോല്‍, ആത്മനിയന്ത്രണത്തിന്റെ പുണ്യത്തില്‍ നാം എത്രമാത്രം മുന്നേറുന്നു എന്നതിലായിരിക്കണം.” ജെറോമിന്റെ ജീവിതം ഈ വാക്കിന്റെ സാക്ഷ്യമായിരുന്നു. ലോകത്തിന്റെ സുഖങ്ങളില്‍ ആകൃഷ്ടനായ യുവാവില്‍നിന്ന് മരുഭൂമിയിലെ സന്ന്യാസിയിലേക്ക്. അവിടെനിന്ന് സഭയുടെ മഹാനായ പണ്ഡിതനിലേക്ക്. ഒടുവില്‍ തിരുവചനത്തിന്റെ സേവകനായി മാറിയ ജീവിതം. അദ്ദേഹത്തിന്റെ യാത്ര നേരായ ഒരു രേഖയായിരുന്നില്ല. അതില്‍ വീഴ്ചകളുണ്ടായിരുന്നു. കോപമുണ്ടായിരുന്നു. പോരാട്ടങ്ങളുണ്ടായിരുന്നു. അനുതാപമുണ്ടായിരുന്നു. എന്നാല്‍ ഓരോ പോരാട്ടവും അദ്ദേഹത്തെ കൂടുതല്‍ ആഴമുള്ള ഒരു വിശ്വാസത്തിലേക്ക് നയിച്ചു. അതിനാലാണ് ജെറോം ഇന്നും മനുഷ്യനായി നമ്മോട് അടുത്തുനില്ക്കുന്നത്. അദ്ദേഹം ഒരിക്കലും തെറ്റില്ലാത്ത മനുഷ്യനായിരുന്നില്ല. പക്ഷേ സത്യത്തെ തേടുന്നതില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല.
വിശുദ്ധന്റെ ഏറ്റവും വലിയ പൈതൃകം
ജെറോമിന്റെ ഏറ്റവും വലിയ പൈതൃകം വുള്‍ഗാത്ത മാത്രമല്ല. അദ്ദേഹം ക്രൈസ്തവരെ പഠിപ്പിച്ച ഒരു ജീവിതശീലമാണ് അതിലും വിലപ്പെട്ടത്: വചനം വായിക്കുക. വചനം മനസ്സിലാക്കുക. വചനത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുക. പിന്നെ ആ വചനത്തെ ജീവിതമാക്കുക. ഇതാണ് അദ്ദേഹത്തെ ”ലോകത്തെ മാറ്റിയ വിശുദ്ധരുടെ സ്രഷ്ടാവ്” എന്ന അര്‍ഥത്തില്‍ ഓര്‍ക്കാന്‍ കാരണമാകുന്നത്. തിരുവചനത്തെ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് അദ്ദേഹം പിന്നീട് വന്ന അനേകം വിശുദ്ധരുടെ ആത്മീയജീവിതത്തിന് അടിത്തറ പാകി. തിരുവചനത്തിന്റെ ശക്തി ഒരു ജീവിതത്തെ എങ്ങനെ മാറ്റുമെന്നതിന് വിശുദ്ധ ജെറോം തന്നെ സാക്ഷിയാണ്.
അവസാനത്തില്‍ ബാക്കിയാകുന്നത് വചനം
ബെത്ലഹേമില്‍ സി.ഇ 420-ല്‍ ജെറോം അന്തരിച്ചു. ജീവിതത്തിന്റെ അവസാന നിമിഷംവരെ തിരുവചനവും ക്രിസ്തുവും അദ്ദേഹത്തിന്റെ ചിന്തകളുടെ കേന്ദ്രമായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം പിന്നീട് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ സംസ്കരിക്കപ്പെട്ടതായി രേഖകള്‍ പറയുന്നു. അദ്ദേഹത്തിന്റെ കൈകളിലൂടെ കടന്നുപോയ വചനങ്ങളില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നു. ലോകത്തിന്റെ അനേകം ഭാഷകളിലേക്ക് തിരുവചനം പരിഭാഷപ്പെടുത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരിക്കല്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍ ഇരുന്ന് ഹീബ്രു അക്ഷരങ്ങളോട് പൊരുതിയ ആ മനുഷ്യന്റെ പരിശ്രമം, നൂറ്റാണ്ടുകള്‍ക്കുശേഷവും മനുഷ്യഹൃദയങ്ങളില്‍ ക്രിസ്തുവിനെ തേടുന്ന യാത്രയുടെ ഭാഗമാണ്.
ഒരു പുസ്തകം തുറക്കുമ്പോള്‍ ഒരാള്‍ ക്രിസ്തുവിനെ കണ്ടെത്താം. ഒരു വചനം വായിക്കുമ്പോള്‍ ഒരു ജീവിതം മാറാം. ഒരു വിശുദ്ധ ഗ്രന്ഥത്തിലെ ഒരു വരി, വര്‍ഷങ്ങളായി ഇരുട്ടില്‍ നടന്ന ഒരാള്‍ക്ക് വെളിച്ചമാകാം. അതാണ് ജെറോമിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം. അദ്ദേഹം തിരുവചനത്തെ മനുഷ്യരുടെ ഭാഷയിലേക്ക് കൊണ്ടുവന്നു. പക്ഷേ അതിനേക്കാള്‍ വലിയൊരു കാര്യം അദ്ദേഹം ചെയ്തു, മനുഷ്യരെ വചനത്തിലൂടെ ക്രിസ്തുവിന്റെ അടുത്തേക്ക് കൊണ്ടുപോയി. സഭയുടെ പ്രാര്‍ഥനയില്‍ ഇന്നും മുഴങ്ങുന്ന അപേക്ഷ അതുകൊണ്ടുതന്നെ ഏറെ അര്‍ഥവത്താണ്: ”വിശുദ്ധ ഗ്രന്ഥത്തോട് ജീവനുള്ളതും ആര്‍ദ്രവുമായ സ്നേഹം നല്കിയ വൈദികനായ വിശുദ്ധ ജെറോമിലൂടെ ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ, നിന്റെ ജനങ്ങള്‍ നിന്റെ വചനത്താല്‍ കൂടുതല്‍ ഫലപ്രദമായി പോഷിക്കപ്പെടുകയും അതില്‍ ജീവന്റെ ഉറവിടം കണ്ടെത്തുകയും ചെയ്യണമേ.”
ജെറോം നമ്മെ പഠിപ്പിച്ച ഏറ്റവും ലളിതമായ സത്യം ഇതാണ്: ക്രിസ്തുവിനെ കൂടുതല്‍ അറിയണമെങ്കില്‍ വചനത്തിലേക്ക് പോകണം. വചനത്തെ ശരിക്കും അറിയണമെങ്കില്‍ അത് ജീവിതമാക്കണം. അവസാനം, ഒരു പണ്ഡിതന്റെ തൂലികയും ഒരു സന്ന്യാസിയുടെ പ്രാര്‍ഥനയും ഒരേ ദിശയിലേക്കാണ് വിരല്‍ ചൂണ്ടിയത്: ക്രിസ്തുവിലേക്ക്.

