മിക്കവാറും പേരും സൈക്കിള്‍ സവാരി തുടങ്ങുന്നത് സ്കൂള്‍ കാലഘട്ടത്തിലാണ്. പലരും പിന്നീടത് ഉപേക്ഷിക്കുന്നു. എന്നാല്‍ ചിലര്‍ സൈക്കിളിംഗ് ഇഷ്ടവിനോദമായി തിരഞ്ഞെടുക്കുന്നു; സൈക്കിള്‍ സവാരി ഇഷ്ടത്തില്‍ നിന്ന് അഭിനിവേശമായി മാറുമ്പോള്‍, അവര്‍ സൈക്കളിംഗ് ക്ലബ്ബുകളില്‍ ചേരുന്നു. ലോകത്തിലുനീളം നിരവധി സൈക്കിള്‍ ക്ലബ്ബുകള്‍ ഉയര്‍ന്നുവന്നതോടെ, ദീര്‍ഘദൂര സൈക്കളിംഗ് സ്പോര്‍ട്സായ റാന്ഡൊണറിംഗിന് ജനപിന്തുണയേറി. അതൊരു ജനപ്രിയ കായികവിനോദമായി.
ദീര്‍ഘദൂര മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ സവാരി വളരെ ബുദ്ധിമുട്ടായിരിക്കും, മാത്രമല്ല ഇത് മറ്റേതൊരു സാഹസിക കായിക വിനോദങ്ങളെയും പോലെ വെല്ലുവിളി നിറഞ്ഞതുമാണ്.
ഈ വര്‍ഷം ഓഗസ്റ്റ് 20 നും 24 നും ഇടയില്‍ സംഘടിപ്പിച്ച ‘അള്‍ട്രാ സൈക്ലിങ്ങിന്റെ ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൈക്ലിംഗ് ഇവന്റായ (1891) പാരീസ്-ബ്രെസ്റ്റ്-പാരീസില്‍ (പിബിപി) പങ്കെടുത്ത എറണാകുളം സ്വദേശി നവീന്‍ ജോസഫ് 90 മണിക്കൂറിനുള്ളില്‍ 1,200 കിലോമീറ്റര്‍ ദൂരം വിജയകരമായി സൈക്കിളോടിച്ചു. ഫ്രാന്‍സിലെ വലിയ ആഘോഷങ്ങളിലൊന്നാണ് ഈ സൈക്കിളിംഗ്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന നവീന്‍ 48 ബംഗളൂരു സൈക്ലിസ്റ്റുകളുടെ കൂടെയാണ് പിബിപിയില്‍ പങ്കെടുത്തത്.
പാരീസില്‍ നിന്ന് അറ്റ്ലാന്റിക് തീരത്ത് ബ്രെസ്റ്റിലേക്കും തിരിച്ചും 1,200-കിലോമീറ്റര്‍ റേസാണിത്. മൊത്തത്തില്‍ 11,000 മീറ്ററിലധികം ഉയരമുണ്ട്. 85 മണിക്കൂര്‍ 8 മിനിറ്റ് 31 സെക്കന്‍ഡ് സമയത്തിനുള്ളിലാണ് നവീന്‍ ലക്ഷ്യത്തിലെത്തിയത്. നേരത്തെ 200, 300, 400, 600, 1000 കിലോമീറ്ററുകള്‍ വീതമുള്ള റൈഡുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പാരീസിലേക്ക് യോഗ്യത നേടിയത്. നവീന്റെ പിതാവ് സെബാസ്റ്റിയന് ജോസഫ്.അമ്മ ആഗ്നസ് ടെക്സി. പഠിച്ചത് സെവന്ത് ഡേ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലൂര്‍. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഐസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ചു. ബംഗളൂരുവില്‍ എയറോ സ്പേസ് കമ്പനിയില്‍ സര്ട്ടിഫിക്കേഷന് എന്‍ജിനീയറായി ജോലി ചെയ്യുന്നു.
സൈക്കിളിനോടുള്ള പ്രണയം
വളരെ കുഞ്ഞായിരിക്കുമ്പോള്‍ മൂന്നു വീലുള്ള ഒരു സൈക്കിള്‍ എനിക്ക് ഉണ്ടായിരുന്നത് ഓര്‍മയിലിപ്പോഴുമുണ്ട്. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അപ്പനൊരു സെക്കന്‍ഹാന്‍ഡ് സൈക്കിള്‍ വാങ്ങിതന്നു. അതൊരു അങ്കിള്‍ റിപ്പയര്‍ ചെയ്ത് പെയിന്റൊക്കെ അടിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് ഒരു ലേഡി ബേര്‍ഡ് സൈക്കിള്‍ വാങ്ങിതന്നു. അതും സെക്കന്‍ഡ് ഹാന്‍ഡായിരുന്നു. എട്ടാം ക്ലാസ് വരെ അതു ചവിട്ടി നടന്നു. എട്ടാം ക്ലാസില്‍ വച്ചാണ് പുതിയൊരു സൈക്കിള്‍ വാങ്ങിതന്നത്. അതാണ് എന്റെ ആദ്യത്തെ പുതിയ സൈക്കിള്‍.
എന്നാല്‍ കോളജിലെത്തിയപ്പോള്‍ അത് അധികം ഉപയോഗിക്കാതെ നശിച്ചുപോയി. ജോലിക്കു പോയി തുടങ്ങിയപ്പോള്‍ കൂട്ടുകാരന് ഒരു ഡെക്കത്തലാണ് സൈക്കിള്‍ വാങ്ങിയിരുന്നു. അപ്പോള്‍ എനിക്കും ഒരു നല്ല സൈക്കിള്‍ വാങ്ങണമെന്ന് ആഗ്രഹമു ണ്ടായിരുന്നു, പക്ഷേ അന്ന് കാശുണ്ടായിരുന്നില്ല. സൈക്കിള്‍ വാങ്ങണമെന്നാഗ്രഹിച്ച് പലപ്പോഴും പണം കൂട്ടിവയ്ക്കുമായിരുന്നെങ്കിലും എന്തെങ്കിലും അത്യാവശ്യം വന്ന് അതെടുത്തുപോകും. വാങ്ങുമ്പോള്‍ നല്ലൊരു സൈക്കിള്‍ തന്നെ വേണമെന്ന് വിചാരിച്ചിരു ന്നു. ബജറ്റ് എന്റെ പരിധിയില്‍ നില്‍ക്കണമെന്നും അതുസ്വന്തമായി വാങ്ങണമെന്നും തീരുമാനിച്ചിരുന്നു. മൂന്നു വര്‍ഷം പണം സ്വരൂപിച്ചാണ് സൈക്കിള്‍ സ്വന്തമാക്കിയത്. ടൂറിംഗായിരുന്നു എനിക്കാഗ്രഹം. അതിനാല്‍ അത്തരമൊരു സൈക്കിളായിരുന്നു വാങ്ങിയത്. എന്നാല്‍ സൈക്കിള്‍ വാങ്ങി അധികം താമസിയാതെ ബംഗളൂരുവില്‍ ജോലി കിട്ടി. ബംഗളൂരുവില്‍ വന്ന് സൈക്കിള്‍ സവാരി ആരംഭിച്ചപ്പോള്‍ ഒരു സൈക്കിളിംഗ് ക്ലബ്ബിനെ കുറിച്ച് വിവരം ലഭിച്ചു. ഞാനാ ക്ലബ്ബില്‍ ചേര്‍ന്നു. ചില ഈവന്റുകളിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ഞാന്‍ സൈക്കിളിംഗ് ഒരു പ്രഫഷണല്‍ രീതിയില്‍ ആരംഭിച്ചത്. നേരത്തെ സൂചിപ്പിച്ച പോലെ സ്ഥലങ്ങള്‍ കാണാനായിരുന്നു ഞാന്‍ സൈക്കിളിംഗ് ആരംഭിച്ചത്. ഈവന്റുകള്‍ ദീര്‍ഘദൂരങ്ങളാണ്. 200, 300, കിലോമീറ്ററുകള്‍ അങ്ങിനെ പോകും.
പ്രഫഷണോ അഭിനിവേശമോ ?
യഥാര്‍ത്ഥത്തില്‍ സൈക്കിളിങ്ങ് പ്രഫഷണലായാണ് ചെയ്യുന്നതെങ്കിലും എന്നെ സംബന്ധിച്ച് ഇതൊരു പ്രഫഷണാണെന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ല. ഒരു ഇഷ്ടത്തിന്റെ പുറത്താണ് നമ്മള് ഇതിന് ഇറങ്ങുന്നത്. ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണല്ലോ. ഇതൊരു സ്പോര്‍ട്സ് ഇവന്റാണ്. അള്‍ട്രാ എന്ഡുറന്സാണ് ഞാന്‍ ചെയ്യുന്നത്. അതായത് 1000 കി ലോമീറ്റര്വരെയുള്ള റൈഡുകള്‍ക്ക് എന്‍ഡുറന്‍സ് എന്നു പറയും. അതിനു മുകളില്‍ അള്‍ട്രാ എന്ഡുറന്സാണ്. അഞ്ച്, പത്ത് കിലോമീറ്ററുകളുടെ സൈക്കിള്‍ സവാരിയെന്നു പറയുന്നത് സാധാരണമാണ്. എന്നാല്‍ 100 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍, നമ്മളെ കൊണ്ട് 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാന്‍ പറ്റും എന്നു പറയുന്ന ഒരു സന്തോഷമില്ലേ അതാണു വലുത്. പിന്നെ 200. അതു ചെയ്യാന്‍ പറ്റുമോ? 300 പറ്റുമോ? ഈ കഴിയുമോ എന്ന ചോദ്യ ത്തിനുത്തരമാണ് നമ്മുടെ എന്‍ ജോയ്മെന്റ്. അതിനാണ് നമ്മളിതില്‍ ജോയിന്‍ ചെയ്യുന്നത്. നമ്മുടെ ലിമിറ്റിനെ നമ്മള് പുഷ് ചെയ്യുകയാണ്. നമ്മളുടെ കഴിവ് എത്രത്തോളമുണ്ടെന്ന് കണ്ടുപിടിക്കാന്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്തേ പറ്റുകയുള്ളൂ. അപ്പോള്‍ ഒരു സെല്‍ഫ് ചാലഞ്ച് പോലെ തന്നെയാണ് ഇതേറ്റെടുക്കുന്നത്.
സൈക്കിളിങ്ങിലെ എവറസ്റ്റിംഗ്
മത്സരങ്ങള്‍ക്കാണ് സാധാരണ ഞാന്‍ പങ്കെടുത്തിട്ടുള്ളത്. സൈക്കിളിങ്ങ് പ്രകടനങ്ങളിലൊന്നും കാര്യമായി പങ്കെടുക്കാറില്ല. എല്ലാ ആഴ്ചയിലും100 കിലോമീറ്ററും 200 കിലോമീറ്ററും ഒക്കെ തനിച്ച് സൈക്കിള്‍ ചവിട്ടാറുണ്ട്. ഒരു സെല്‍ഫ് ചാലഞ്ചായി ഏറ്റെടുത്ത് ചെയ്തിട്ടുള്ളത് സൈക്കിളിങ്ങില്‍ എവറസ്റ്റിംഗ് എന്നൊരു സംഭവമുണ്ട്. അതായത് എവറസ്റ്റിന്റെ ഉയരം 8,849 മീറ്ററാണല്ലോ. ആ എലിവേഷന് നമ്മള് സൈക്കിളില്‍ ചവിട്ടികേറ ണം. എവറസ്റ്റ് ചവിട്ടി കേറാന്‍ പറ്റില്ലല്ലോ. അപ്പോള്‍ നമ്മള് ഒരു മലയിടുക്ക് തിരഞ്ഞെടുക്കും. ഉദാഹരണത്തിന് ബംഗളൂരുവിലാണെങ്കില് നന്തി ഹില്‍സ്. നാട്ടിലാണെങ്കില്‍ കുളമാവ്. ഞാന്‍ എവറസ്റ്റിംഗ് ചെയ്തത് കുളമാവിലാണ്. കുളമാവില്‍ ഒരു 10 കിലോമീറ്റര്‍ കയറ്റമുണ്ട്. ആ പത്തു കിലോമീറ്റര്‍ നമ്മള് തുടര്‍ച്ചയായി കയറി ഇറങ്ങിക്കൊണ്ടിരിക്കണം. എവറസ്റ്റിംഗ് എത്രസമയമെടുത്തു വേണമെങ്കിലും നമുക്കു ചെയ്യാം. പക്ഷേ ഉറങ്ങാന്‍ പാടില്ലെന്ന് നിയമമു ണ്ട്. കുളമാവിലെ കയറ്റം പ ന്ത്രണ്ടു തവണ തുടര്‍ച്ചയായി ചവിട്ടികയറി. 8,849 മീറ്ററാണ് സാധാര ണ എവറസ്റ്റിംഗ്. ഞാന്‍ 10200ല ധികം മീറ്റര്‍ അത്തരത്തില്‍ ചെയ്തു. കേര ളത്തിലാദ്യമായി 10 കെ എവറസ്റ്റിംഗ് ചെയ്തത് ഞാനാണ്. പിന്നീടു ചിലര്‍ ഡബിള്‍ എവറ സ്റ്റിംഗ് ചെയ്തു (8,849 മീറ്ററിന്റെ ഇരട്ടി).
പാരീസിലേക്കുള്ള പാത
ബംഗളുരുവില്‍ എത്തിയ സമയത്ത് ആദ്യമായി 200 മീറ്ററിന്റെ ഇവന്റില്‍ പങ്കെടുക്കാന്‍ രാവി ലെ പോകുകയായിരുന്നു. ഞങ്ങളുടെ വാട്സ് ഗ്രൂപ്പിലുള്ള മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഞാന്‍ സൈക്കിള്‍ ചവിട്ടുന്ന രീതി-കാല് ചലിക്കുന്നവിധം- കണ്ട് അയാള്‍ പറഞ്ഞു, നിനക്ക് എളുപ്പമായി പിബിപിയില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന്. എനിക്കന്ന് പിബിപി എന്താണെന്ന് അറിയില്ലായിരുന്നു അപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത്, പാരീസിലെ വലിയ ഹിസ്റ്റോറിക്കല്‍ സംഭവമാണെന്ന്. നാലു കൊല്ലം കൂടുമ്പോഴാണ് നടക്കുന്നതെന്ന്. അതിനു പോകണമെങ്കില്‍ ക്വാളിഫൈ ചെയ്യണമെന്നും പറഞ്ഞു. എനിക്കപ്പോഴും അതിന്റെ പ്രാധാന്യമൊന്നും കാര്യമായി മനസിലായില്ല. അതില്‍ പങ്കെടുക്കാന്‍ അതു കൊണ്ടു തന്നെ പ്ലാന്‍ ചെയ്തിട്ടുമില്ല. ഞാന്‍ 200, 300, 400 എന്നിങ്ങനെ ഓരോന്നായി ചെയ്തുകൊണ്ടിരുന്നു. 600 ചെയ്തു കൊണ്ടിരി ക്കുമ്പോള് ആ റൈഡിലുണ്ടായിരുന്ന ഒരാള്‍ അപകടത്തില്‍പെട്ടു സ്പോട്ടില്‍ മരിച്ചു. അതറിഞ്ഞ എനിക്കു വലിയ ഷോക്കായി. ഞാന്‍ അപ്പോള്‍ 600 പൂര്‍ത്തിയാ ക്കിയില്ല. 600 കൂ ടി പൂര്‍ത്തിയാക്കിയാലേ എനിക്ക് ടൈറ്റില്‍ കിട്ടുമായിരുന്നുള്ളൂ. പിന്നീട് കുറേക്കാലം കഴിഞ്ഞ് 600 നു പകരം ഞാന്‍ ഡയറക്ടായി 1000 ആണ് ചെയ്യുന്നത്. അതിനുമുമ്പ് 200, വീണ്ടും 200, 300, 400 പിന്നീടാണ് 600 പൂര്‍ത്തിയാക്കിയത്. 2021 നവംബറിലാണ് ഈ സംഭവങ്ങള്‍.
ഓരോ രാജ്യത്തും പിബിപിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ള ക്ലബ്ബുകളുണ്ടാകും. പാരീ സിലുള്ളതാണ് ഹെഡ്. ഇന്ത്യയിലുള്ളത് ഓഡക്സ് ഇന്ത്യ റാന്‍ ഡൊണസ് (എഐആര്‍) ആണ്. ബംഗളൂരുവിലാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാംഗളൂര്‍ റാന്ഡൊണസ് എന്ന ക്ലബ്ബില്‍. ക്ലബ്ബുകളുടെ ആവിര്‍ഭാവം സാധാരണക്കാര്‍ക്കിടയില്‍ കായിക വിനോദത്തെ കൂടുതല്‍ ജനപ്രിയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഗ്രൂപ്പ് സൈക്ലിംഗും സൈക്കിളിംഗ് ക്ലബ്ബുകളും സൈക്കിളിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തും. നമുക്ക് ഇന്ത്യയിലുള്ള ഏതു ക്ലബ്ബിലും രജിസ്റ്റര്‍ ചെയ്യാം. അപ്പോള്‍ നമുക്കൊരു നമ്പര്‍ കിട്ടും. അതാണ് നമ്മുടെ ഐഡന്റിറ്റി. അതുവച്ച് ലോക ത്തിലുള്ള ഏതു ഈവന്റിലും നമുക്കു പങ്കെടുക്കാം. വയസ് 18 കഴിഞ്ഞിരിക്കണമെന്നതു മാത്ര മാണ് ക്രൈറ്റീരിയ. നമ്മുടെ എല്ലാ ചെലവുകളും നമ്മള് തന്നെ വഹിക്കണം.
സമയം
200 മണിക്കൂര്‍ പൂര്‍ത്തിയാക്കാന്‍ പതിമൂന്നര മണിക്കൂറാണ് സമയമനുവദിച്ചിരിക്കുന്നത്. 300 ന് 20 മണിക്കൂര്‍. 400 ന് 27മണിക്കൂര്‍. 600 ന് 40 മണിക്കൂര്‍ എന്നതാണ് റൈഡിന്റേയും ബേസിക് സമയം. 1000 കിലോ മീറ്ററിന് 75 മണിക്കൂറിലും 1200 കിലോമീറ്ററാണെങ്കില്‍ 90 മണിക്കൂറിലും തീര്‍ക്കണം. ഇത്രയും ദൂരം കവര്‍ ചെയ്യുമ്പോള്‍ നാല് രാത്രിയൊക്കെ ഉറക്കമിളക്കേണ്ടിവരും. ബേസിക് റൂള്‍ ഇതുമാത്രമാണ്. പിന്നെ സൈക്കിളിംഗ് നടത്തുമ്പോള്‍ മറ്റൊരാളുടെ സഹായം ഉണ്ടാകരുത്. റൈഡിങ്ങിനിടയ്ക്ക് ഓരോ ചെക്ക് പോയിന്റ് വ ച്ചിരിക്കും. ആ ചെക്ക് പോയിന്റസ് കടക്കുന്ന സമയവും തീരുന്ന സമയവുമുണ്ടായിരിക്കും. അതിനിടയ്ക്ക് നമ്മള് സ്ഥലം കവര്‍ ചെയ്തിരിക്കണം. സൈക്കിള്‍ ഇടയ്ക്ക് നിര്‍ത്താം. ഉറങ്ങാം. ഇഷ്ടമുള്ള വേഗതയില്‍ ചവിട്ടാം. ഇതെല്ലാം നമ്മുടെ ഇഷ്ടം. അതിനൊന്നും പ്രത്യേക റൂളൊന്നും ഇല്ല.
ടൂറിങ്ങ് സൈക്കിള്‍
ഞാന്‍ ഉപയോഗിക്കുന്നത് മാറന്‍ കമ്പനിയുടെ സൈക്കിളാണ്. മോഡല്‍ ഫോര്കോണസ്. ഇതൊരു ടൂറിംങ്ങ് സൈക്കിളാണ്. സ്റ്റീലിന്റെ സൈക്കിളാണ്. സാധാരണ ഇത്തരം ഈവന്റ്സിനു ഉപയോഗി ക്കാറുള്ളത് ലൈറ്റ് വെയ്റ്റ്ും കാര്‍ബണ്‍, അലൂമിനിയം സൈക്കി ളുകളാണ്. പക്ഷേ ഇതെല്ലാം വലിയ വിലയുള്ളവയാണ്. നമ്മുടെ ബജറ്റില്‍ ഒതുങ്ങില്ല. എനിക്കു പൊതുവേ ടൂറിങ്ങ് സൈക്കിളിനോടാണ് ഇഷ്ടം. അതു സ്റ്റീല്‍ ബൈക്കാണ്. എനിക്കു കംഫര്‍ട്ട് അതാണ്. പാരീസില്‍ പോകാനായി ഞാന്‍ വേറെ സൈക്കിളൊന്നും വാങ്ങിയില്ല. ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സൈക്കിള്‍ തന്നെയാണ് കൊണ്ടുപോയത്. അതുകൊണ്ടു തന്നെ ഈവന്റ് പൂര്‍ത്തിയാക്കി. മറ്റു പ്രത്യേക ഉപകരണങ്ങളൊന്നും പാരീസില്‍ പോകാനായി വാങ്ങിയിരുന്നില്ല. അവിടെ തണുപ്പു കൂടുതലായതുകൊണ്ട് ഉള്ളിലിടാനുള്ള തെ ര്മില്സും ജാക്കറ്റും മാത്രമാണ് കൂടുതലായി ഉണ്ടായിരുന്നത്. ഹെല്‍മെറ്റ്, പഞ്ചര്‍ വന്നാല്‍ മാറ്റാനുള്ള ട്യൂബും ഒട്ടിക്കാനുള്ള സാധനങ്ങളും ചെറിയ ടൂള്‍ കിറ്റും രണ്ടു കുപ്പി വെള്ളവും മുന്‍ ഭാഗത്തെ ഹെഡ്ലൈറ്റ്, സ്പെയര്‍ ലൈറ്റ്, പിറകുവശത്തെ റെഡ് ലൈറ്റ് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്.
സൈക്കിളിങ്ങാണ് ജീവിതം
ബംഗളൂരുവിലേക്ക് വന്നപ്പോള്‍ ഞാനൊരു ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. കാരണം, ബംഗളുരു പോലുള്ള ഒരു നഗരത്തില്‍ ജീവിക്കാന്‍ എനിക്കു ബുദ്ധിമുട്ടായിരിക്കും. മദ്യപാനമില്ല, ക്ലബ്ബില്‍ പോകില്ല. പക്ഷേ ഞാന്‍ സൈക്കിള്‍ ഇവിടേക്കു കൊണ്ടുവന്നപ്പോള്‍ ജീവിതമാകെ മാറി മറിഞ്ഞു. എല്ലാവരും ഒരു ഫാമിലി പോലെയാണ്. എന്റെ പാര്‍ട്ണര്‍ ഗണേഷ്. അദ്ദേഹത്തെ പോലൊരു വ്യക്തിയെ കിട്ടാന്‍ വലിയ ഭാഗ്യം ചെയ്യണം. ഇതെല്ലാം എനിക്കു സാധിച്ചത് സൈക്കിളിങ്ങിലൂടെയാണ്. ഞാന്‍ പാരീസില്‍ ഈ വന്റിനു ശേഷം അവിടെ നിന്ന ും സ്വിറ്റ്സര്‍ലണ്ടിലും റോമിലും വത്തിക്കാന്‍ സിറ്റിയിലും വെനീ സിലും ഓസ്ട്രിയയിലും ജര്‍മനിയിലും പോയി (കാറില്‍). അതെല്ലാം എനിക്കു സാധിച്ചതും സൈക്കിളിങ്ങിലൂടെ തന്നെയാണ്. 2001ല്‍ ഞാന്‍ സൈക്കിള്‍ വാങ്ങുമ്പോള്‍ അതിന്റെ വില 78000 രൂപയാണ്. അപ്പോള്‍ വീട്ടുകാര്‍ എന്നോടു പറഞ്ഞത്, നീയെന്തിനാണ് ഇത്രയും പൈസ കൊടുത്ത് സൈക്കിള്‍ വാങ്ങുന്നത്? നിന്റെ കൈയില്‍ പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം, നീയൊരു ബുള്ളറ്റ് വാങ്ങിച്ചോ എന്ന്. എനിക്കു കാറിനോടും ബൈക്കിനോടും താല്പര്യമില്ല. എനിക്ക് സൈക്കിള്‍ വാങ്ങിയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. സൈക്കിള്‍ വാങ്ങണമെന്ന് എനിക്കു ഉറപ്പായ തീരുമാനമായിരുന്നു. എന്റെ പൈസകൊണ്ടു തന്നെ ഞാനത് വാങ്ങിച്ചു. ഇത്രയും പൈസ കൊടുത്ത് വാങ്ങിയിട്ട് നീ സൈക്കിള്‍ ചവിട്ടുമോ എന്നൊക്കെ ചോദിച്ചു. ആ അവസ്ഥയില്‍ നിന്ന് ഞാനിപ്പോള്‍ ഇവിടെയെത്തിയെങ്കില്‍ അത് ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയതുകൊണ്ടുമാത്രമാണ്.
എനിക്ക് അല്പമെങ്കിലും ധൈര്യംവച്ചിട്ടുണ്ടെങ്കില് അത് സൈക്കിളിങ്ങിലൂടെയാണ്. തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടായതും സൈക്കിളിങ്ങിലൂടെ തന്നെയാണ്.
ഇത്രയും കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമ്പോള്‍ എന്തുവേണമെങ്കിലും സംഭവിക്കാം. നമുക്ക് അറിയാൻ പാടില്ലാത്ത സ്ഥലങ്ങളിലൂെടയൊക്കെയാകും നമ്മുടെ സഞ്ചാരം. മനസിന്റെ നിയന്ത്രണമെന്നതും സൈക്കിളിങ്ങിലൂടെയാണ് എനിക്കു ലഭിച്ചത്.
പാരീസിലെ സൈക്കിളോട്ടക്കാര്‍; നമ്മുടെ നാട്ടിലും
പാരീസില്‍ ചെന്നപ്പോള്‍ സൈക്കിള്‍ യാത്രക്കാരോടും റൈഡിംഗ് നടത്തുന്നവരോടും അവര്‍ പ്രകടിപ്പിക്കുന്ന സ്നേഹവും ആദരവും ശരിക്കും അദ്ഭുതപ്പെടുത്തി. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ക്രോസ് ചെയ്യണമെങ്കില്‍ സിഗ്നല്‍ ഇല്ലെങ്കില്‍ പോലും മറ്റു വാഹനങ്ങള്‍ സൈക്കിളുകാര്ക്കു വേണ്ടി നിര്‍ത്തിയിട്ടു തരും. റൈഡിങ്ങിനു പോകുമ്പോള്‍ അവര്‍ നമ്മെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. ഭക്ഷണവും വെള്ളവും തരും. വേണമെങ്കില്‍ കാല് മസാജ് വരെ ചെയതുതരും. രാത്രി പകലില്ലാതെ പ്രായവ്യത്യാസങ്ങളില്ലാതെയാണ് ഈ പ്രോത്സാഹനം. നാട്ടില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എറണാകുളത്തൊക്കെ സൈക്കിള്‍ ട്രാക്കൊക്കെ ഇട്ടിട്ടുണ്ട്. നല്ല കാര്യം. പക്ഷേ അവിടെ മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയോ വഴിയോര കച്ച വടക്കാര് കയ്യടക്കിയിരിക്കുകയോ ഒക്കെയാണ്. അതുമാറുമായിരിക്കും. ഇവിടെ കൊവിഡിനു ശേഷമാണ് ആളുകള്‍ സൈക്കിളു കള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതു തന്നെ.