തെന്നലുപോലൊരു രാഷ്ട്രീയ ജീവിതം
തിരുവനന്തപുരം: മുൻ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ശൂരനാട് തെന്നല വീട്ടിൽ എൻ ഗോവിന്ദപിള്ളയുടെയും ഈശ്വരിഅമ്മയുടെയും മകനായി 1931 മാർച്ച് 11 ന് ജനിച്ചു.
തെന്നലയുടെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് ശൂരനാട് വാർഡ് കമ്മിറ്റി പ്രസിഡന്റായാണ്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവർത്തിച്ചു . കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി . 1962 മുതൽ കെപിസിസി അംഗമാണ്.
.1998 ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായി തെന്നല ആദ്യമായി കെപിസിസി അധ്യക്ഷനായി . 2001ൽ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു കെപിസിസി പ്രസിഡൻ്റ്.
ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി എ കെ ആൻ്റണി മുഖ്യമന്ത്രിയായപ്പോൾ തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി അധ്യക്ഷപദവിയിൽ നിന്നും മാറ്റുകയായിരുന്നു. എന്നാൽ യാതൊരു പരസ്യപ്രതികരണങ്ങളുമില്ലാതെ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള ആർജ്ജവം കാട്ടി അദ്ദേഹം . 2004 ലാണ് രണ്ടാമതായി കെപിസിസി അധ്യക്ഷപദവിയിലെത്തുന്നത്. കെ മുരളീധരൻ ആൻ്റണി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് താൽക്കാലിക പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പി പി തങ്കച്ചന് പകരക്കാരനായിട്ടായിരുന്നു തെന്നലയുടെരണ്ടാം വരവ് .
എന്നാൽ 2005ൽ രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് കെപിസിസി പ്രസിഡൻ്റായി നിയോഗിച്ചതോടെ തെന്നല പദവി വീണ്ടുൻ ഒഴിയുകയായിരുന്നു.1977ലും 1982ലും അടൂരിൽ നിന്ന് നിയമസഭാംഗമായി.രാഷ്ട്രീയ ജീവിതത്തിൽ തേടിവന്നതല്ലാതെ ഒരു സ്ഥാനവും വെട്ടിപ്പിടിക്കാതിരുന്ന നേതാവായിരുന്നു തെന്നല .അക്ഷരാർത്ഥത്തിൽ തെന്നലുപോലൊരു രാഷ്ട്രീയ ജീവിതം .

