കാലിഫോര്‍ണിയ: അമേരിക്കയില്‍ മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ആനന്ദും (42) ഭാര്യ ആലീസും (40) ഇവരുടെ ഇരട്ടക്കുട്ടികളായ നാലു വയസ്സുള്ള നോഹയും നതനും മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു.
കുടുംബസുഹൃത്ത് വിളിച്ചുപറഞ്ഞത് അനുസരിച്ച് പോലീസ് വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആനന്ദിനെയും ആലീസിനെയും ബാത്റൂമില്‍ വെടിയേറ്റ നിലയിലും മക്കളെ വീടിനുള്ളില്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന നിലയിലാണ്. ബാത്ത്റൂമില്‍ വെടിയേറ്റ നിലയിലായിരുന്നു ആലീസും ആനന്ദും. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ നിന്നും ഇവരുടെ ബന്ധുക്കള്‍ അമേരിക്കയിലുള്ള ആനന്ദിന്റെ കൂട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് വീട്ടിലെത്തി അന്വേഷിക്കുകയുമായിരുന്നു.
പുറത്തുനിന്നും അക്രമികള്‍ എത്താനുള്ള സാഹചര്യം പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ആനന്ദ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സംശയം. പോലീസ് കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഏഴൂവര്ഷമായി അമേരിക്കയില്‍ താമസിക്കുന്ന ആനന്ദും ഭാര്യയും വിവാഹമോചനത്തിന്റെ വക്കിലായിരുന്നതായി ചില റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളില്‍ ജോലിയായിരുന്ന ആനന്ദ് അടുത്തിടെയാണ് പുതിയ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്.