കൊച്ചി:മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതും കോടതി രേഖപ്പെടുത്തി
കേസിലെ പരാതിക്കാരൻ ആയ ഡോ. പി സരിൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. അതേസമയം ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും.