ലൂയിസ് തണ്ണിക്കോട്ട്
ഡിസംബര്‍ ഒന്നാം വാരത്തില്‍ കേരളത്തിലെ ലത്തീന്‍ സമുദായം, ‘ലത്തീന്‍ സഭാ ദിനം ‘ കൊണ്ടാടുന്നു…. ആഘോഷിക്കുന്നു. കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍, ജുബിലി വര്‍ഷത്തില്‍ നടത്തപ്പെടുന്ന, സമുദായ- സഭാ- ദിനനാളുകളില് നമുക്കൊരു സ്വയം വിമര്‍ശനം അനിവാര്യം ആകുന്നില്ലേ ? സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പു പോലെ. ലത്തീന്‍ സമുദായം, ഒരു സമുദായം എന്ന നിലയിലും കെട്ടുറപ്പിലും അധികാരി വര്ഗ്ഗങ്ങളോട്, സമുദായാഗങ്ങള്ക്ക് ബോധ്യമാകും വിധം അപ്രിയ സത്യങ്ങള്‍ ചൂണ്ടി പറയുന്നുണ്ടോ..?
അധികാരികളോട് അപ്രിയസത്യങ്ങള്‍ പറയുന്നത് ആപല്‍കരമാണ്. പലപ്പോഴും അത് ആത്മഹത്യാപരവുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അധികാരികളോട് അപ്രിയസത്യങ്ങള്‍ തുറന്നു പറഞ്ഞതിന് പ്രതിഫലമായി, സത്യം പറയുന്നവരുടെ സ്വന്തം ജീവന് തന്നെ വിലയായി നല്‍കേണ്ടിയും വന്നേക്കാം, വന്നിട്ടുമുണ്ട്. മഹാനായ സോക്രട്ടറീസ് അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് വിഷം കുടിച്ച് (ജയിലിലടച്ച് വിഷം കുടിപ്പിച്ചു) ജീവന് നഷ്ടമായ തത്വചിന്തകനാണ്. ആതന്‍സിലെ യുവജനങ്ങളെ, അധികാരികളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചതിനാണത്രേ സോക്രട്ടറീസിനു വധശിക്ഷ ലഭിച്ചത്.
നാടിന്റെ ഭരണാധികാരി ആറാം പ്രമാണം ലംഘിച്ചപ്പോള്‍, സനാതന മൂല്യങ്ങള്‍ എടുത്ത് മുച്ചീട്ടു കളിക്കുകയാണെന്ന് വിശുദ്ധ സ്നാപകയോഹന്നാന് ഉറക്കെ പറഞ്ഞു. അപ്രിയ സത്യം വിളിച്ചു പറഞ്ഞതിന്, ഭരണാധികാരി ഹെറോദേസിന്റെ വക ജന്മദിന സമ്മാനമായി സ്നാപക യോഹന്നാന്റെ തല ഒരു തളികയില്‍ ‘ഹെറോദിയായുടെ പുത്രി ‘ ഏറ്റുവാങ്ങി. (മത്താ:14–1/12)
21 നൂറ്റാണ്ടിനു മുന്‍പ് ബത്ലഹേമില് ജനിച്ച് കാല്‍വരി മലയില്‍ കുരിശില്‍ കൊല്ലപ്പെട്ട, തച്ചന്റെയും തയ്യല്ക്കാരിയുടെയും മകനായ യേശു തമ്പുരാനും മറ്റൊരു മകുടോദാഹരണം തന്നെ. യഹൂദ മതപ്രമാണിമാരെ, ഫരിസയേരേ, നിയമജ്ഞരേ, ഭരിക്കുന്ന ഭരണകൂടത്തെ …… ഒക്കെ ചോദ്യം ചെയ്തു അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനും, നേരിന്റെ വഴിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി വിമോചന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് യേശു തമ്പുരാന് കൊല്ലപ്പെട്ടത്.
സത്യത്തിലും നീതിയിലും ഉറച്ചുനിന്നു അരികുവക്കപ്പെട്ടവരുടെ വിമോചനത്തിന് നാവും നട്ടെല്ലും ഉയര്‍ത്തി നിന്നതിനാല്‍, മത-ഭരണ നേതൃത്വത്താല്‍ കൊല്ലപ്പെട്ട, യേശു തമ്പുരാന്റെ ജീവിക്കുന്ന പ്രതിപുരുഷന്- പത്രോസിന്റെ പിന്‍ഗാമി- ലെയോ പതിനാലാമന്‍ പാപ്പ ലാറ്റിനമേരിക്കന്‍ യാത്രയില്‍ പറഞ്ഞ അപ്രിയ സത്യങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു.
പന്ത്രണ്ട് ദിവസത്തെ ലാറ്റിന്‍ അമേരിക്കന്‍ യാത്രയുടെ രണ്ടാംഘട്ടമായി നവംബര്‍ എട്ടിന് അര്‍ജന്റീനയില്‍ എത്തിയ പരിശുദ്ധ പാപ്പ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അടുപ്പക്കാരനായ അര്‍ജന്റീനാ പ്രസിഡണ്ട് ജാവീര്‍ മിലൈയോടാണ്, ലെയോ പാപ്പ ചില അപ്രിയ സത്യങ്ങള്‍ ചൂണ്ടിപ്പറഞ്ഞത്. ‘ രാജ്യം ഭരിക്കുന്ന നേതാക്കള്‍ അധികാരത്തിന്റെ പരിധികള്‍ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും, ജനാധിപത്യം സംരക്ഷിക്കണമെന്നും പാപ്പ പറഞ്ഞു. പ്രസിഡന്റ് മിലൈയുടെ സാമ്പത്തിക പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും ദരിദ്രരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും, വികസനത്തില്‍ പാവപ്പെട്ടവരെ ഇരകളാക്കരുത് എന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. ‘ നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പാപ്പ അര്‍ജന്റീനയില്‍ എത്തുന്നത്. ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പര്യടനത്തിലാണ് അര്‍ജന്റീന പ്രസിഡന്റിന്റെ സാമ്പത്തിക നയങ്ങളെയും ഭരണശൈലിയെയും പരിശുദ്ധ പിതാവ് രൂക്ഷമായി വിമര്‍ശിച്ചത് എന്നതും ശ്രദ്ധേയമാണ്. ‘സമ്പദ് വ്യവസ്ഥ മനുഷ്യനെയാണ് സേവിക്കേണ്ടത്, അല്ലാതെ മനുഷ്യന് സമ്പദ് വ്യവസ്ഥയെ അല്ലെന്നും സംശയത്തിന് ഇടയില്ലാതെ പാപ്പ പറഞ്ഞു. ‘ അര്‍ജന്റീനാ പ്രസിഡന്റിന്റെ കടുത്ത ചെലവ് ചുരുക്കല്‍ നടപടിയും സാമ്പത്തിക പരിഷ്കാരങ്ങളും ആയിരുന്നു ഈ വാക്കുകള്‍ പറയാന്‍ പാപ്പയെ പ്രേരിപ്പിച്ചത്. പരിശുദ്ധ പാപ്പായ്ക്കു നല്കിയ ഔദ്യോഗിക സ്വീകരണത്തില്‍, പ്രസിഡന്റ് ജാബിര്‍ മിലൈയെ വേദിയിലിരുത്തി കൊണ്ടായിരുന്നു പരിശുദ്ധ പിതാവ് ഈ അപ്രിയ സത്യങ്ങള്‍ പറഞ്ഞത് എന്നതും ചിന്തനീയം.
അധികാരം നേടുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ നുണ പറയുകയോ ചെയ്യരുതെന്ന് യുവജനങ്ങളോടായി ലെയോ പാപ്പ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തന്റെ വിമര്‍ശകരെ രൂക്ഷമായി വിമര്‍ശിക്കുന്ന അര്‍ജന്റീനിയന്‍ പ്രസിഡന്റിന്റെ ശൈലിക്കെതിരെ ഉള്ള പരോക്ഷ വിമര്‍ശനങ്ങള്‍ ആയിട്ടാണ് യുവജനങ്ങളോടുള്ള പരിശുദ്ധ പാപ്പായുടെ ഈ വര്‍ത്തമാനങ്ങളെ വിലയിരുത്തുന്നത്. അര്‍ജന്റീന ഭരണകൂടത്തിന്റെ ഭരണ നേതൃത്വങ്ങളെ സാക്ഷിയാക്കി പരിശുദ്ധ ലെയോ പാപ്പയുടെ തുറന്നുപറച്ചില്‍ അധികാരത്തോട് മുഖം നോക്കാതെ സത്യം പറയുക എന്ന യേശു ശൈലിയുടെ അവിസ്മരണീയങ്ങളായ ഭാവവും നിമിഷങ്ങളുമായിരുന്നു, അര്‍ജന്റീനയുടെ ഔദ്യോഗിക സ്വീകരണത്തില്‍ കണ്ടതും കേട്ടതും.
ഒരു യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്റെ മുഖമുദ്രയാണ് തനിക്കുണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യത്തിലും സത്യം തുറന്നു പറയുക എന്നത്. നമ്മുടെ തലയില്‍ വീണിരിക്കുന്ന മാമോദിസ വെള്ളത്തിന്റെ തുള്ളികള്‍ സത്യം, സത്യമായിത്തന്നെ പറയേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ആരംഭമിടുന്നത്. ക്രിസ്തുവിനെ പോലെ, ഭരണാധികാരികളോടായാലും മതനേതാക്കളോടായാലും അവരുടെ തെറ്റായ ചെയ്തികളും സ്വഭാവവും വിളിച്ചു പറയുക എന്നതാണ് ക്രിസ്തു ദൗത്യം. അത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായ അകലം നോക്കുന്നത് ക്രിസ്തു ശിഷ്യര്‍ക്ക് കരണീയമല്ല. ക്രിസ്തുവിനെപ്പോലെ ഭരണാധികാരികളുടെ സ്വഭാവത്തിനുദാഹരണമായി കുറുക്കനെനും (ലുക്ക:13/3133) മത നേതാക്കളുടെ പെരുമാറ്റത്തിന് സദൃശ്യമായി വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്നും കപട നാട്യക്കാര്‍ എന്നും (മത്താ:23/1527) വിളിക്കേണ്ടിവന്നാല് വിളിക്കുക തന്നെ വേണം. എന്തുകൊണ്ടെന്നാല്‍ ‘അവനില്‍ വസിക്കുന്നെന്ന് പറയുന്നവന്, അവന് നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു . ‘ (1യോഹ:2/6) പരിശുദ്ധ പാപ്പയുടെ സഞ്ചാരം ക്രിസ്തു വഴിയില്‍ ആയതിനാല്‍, അപ്രിയ സത്യങ്ങള്‍ ഭരണാധികാരിയുടെ മുഖത്ത് നോക്കി പറഞ്ഞതെന്ന്, നമുക്ക് കരംകൂപ്പി സാക്ഷ്യം പറയാന്‍ കഴിയും.
അഞ്ചാം നൂറ്റാണ്ടില്‍ റോം കൊള്ളയടിച്ച വാന്‍ഡല്‍ രാജാവ് ജെന്സെറിക്കിനോട് റോമാനഗരത്തിന് തീ ഇടരുതെന്നും നിരപരാധികളെ കൊല്ലരുതെന്നും കര്‍ശനമായി പറഞ്ഞ ലെയോ ഒന്നാമന് പാപ്പായും ഇതേ വഴിയിലൂടെ നടന്ന പാപ്പ തന്നെ. ആധുനിക കാലഘട്ടത്തില്‍ പയസ്സ് പതിനൊന്നാമന്‍ പാപ്പ മുതല്‍ ഫ്രാന്‍സിസ് പാപ്പ വരെയുള്ള പരിശുദ്ധ പാപ്പാമാര്‍ മനുഷ്യാവകാശങ്ങള്‍, വംശീയത, ഏകാധിപത്യം, യുദ്ധം, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, …… തുടങ്ങിയ ആഗോള മാനുഷിക വിഷയങ്ങളില്‍ ഭരണാധികാരികളെ തിരുത്താനും മനുഷ്യാന്തസ്സിന് ചേര്‍ന്ന നിലപാടുകള്‍ എടുപ്പിക്കാനും മുന്നില്‍ നിന്നിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളേയും, മതസ്വാതന്ത്ര്യ നിഷേധങ്ങളെയും നിരന്തരമായി ജോണ്‍പോള്‍ രണ്ടാമന് പാപ്പ വിമര്‍ശിച്ചപ്പോള്‍, ഭരണകര്‍ത്താക്കളുടെ പരിസ്ഥിതി നശീകരണത്തെയും അമേരിക്ക – മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തെയും, അഭയാര്‍ത്ഥികളെ തടയുന്ന യൂറോപ്പ്യന്‍ ഭരണകൂട നയങ്ങളെയും, ഫ്രാന്‍സിസ് പാപ്പായും സത്യത്തിന്റെ ഭാഷയില്‍ ചൂണ്ടി പറഞ്ഞു. ഇവിടെ പരിശുദ്ധ പാപ്പാമാരിലൂടെ യഥാര്‍ത്ഥ പ്രവാചക ദൗത്യം നമ്മള് തിരിച്ചറിയുന്നു, കൂടെ അപ്രിയ സത്യങ്ങള്‍ പറയാന്‍ മുഖവും സുരക്ഷിതത്വവും നോക്കരുത് എന്ന യാഥാര്‍ത്ഥ്യവും. ഒപ്പം നമ്മള് നടക്കേണ്ടുന്ന വഴിയും സ്വീകരിക്കേണ്ട ക്രിസ്തു ശൈലിയും. ചുരുക്കത്തില്‍, അധികാര ശക്തികളോടും, അന്ധകാരം പടര്ത്തുന്നവരോടും യേശു തമ്പുരാന്റെ ഭാഷയില്‍ വാക്കിലും നോക്കിലും, ലാഭനഷ്ടങ്ങള്‍ക്ക് അതീതമായി അപ്രിയ സത്യങ്ങള്‍ ചൂണ്ടി പറയണം എന്ന സന്ദേശവും.
പറഞ്ഞുവന്നത്, സുരക്ഷിത അകലത്തില്‍ നില്‍ക്കാതെ തന്നെ അധികാരികളോട് അപ്രിയ സത്യങ്ങള്‍ പറയേണ്ടത് ക്രൈസ്തവ ധര്‍മ്മമാണ് എന്ന് സൂചിപ്പിക്കാനാണ്. എന്നാല്‍ അത്തരം പ്രവാചക ദൗത്യത്തിന്റെ കൂമ്പും നാമ്പും ഇന്ന് നമുക്ക് ചുറ്റും ,പ്രത്യേകിച്ച് കേരള പൊതു സമൂഹത്തില്‍ മുരടിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമുക്കു ചുറ്റും ഉണ്ട് ഡല്‍ഹിയില്‍ തുടരുന്ന എസ് ഐ ആര് സമരം…..-നീറ്റ് പരീക്ഷ മൂലമുള്ള മന്ത്രിയുടെ രാജി ……യുവതയുടെ സമര പോരാട്ടം….. തുടങ്ങിയവ മറന്നു കൊണ്ടല്ല ഈ നിരീക്ഷണം. കേരളത്തിലെ ലത്തീന്‍ സമുദായത്തിലേക്ക് ഈ ചിന്ത സന്നിവേശിപ്പിച്ചാല്‍,
ഒരു സമുദായം എന്ന നിലയില്‍ കേരളത്തിലെ ലത്തീന്‍ സമുദായത്തിനും ആ മുരടിപ്പ് ബാധിച്ചിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയം നിലനിര്‍ത്തിക്കൊണ്ടുതന്നെ ലത്തീന്‍ സഭാ-സമുദായത്തിന്റെ ചരിത്ര താളുകള്‍ പിന്നോട്ടു മറിച്ചാല്‍, ഭരിക്കുന്ന ഭരണകൂടങ്ങളുടെ രാഷ്ട്രീയം നോക്കാതെ അപ്രിയ സത്യങ്ങള്‍ ചൂണ്ടി പറഞ്ഞിട്ടുള്ള പാരമ്പര്യവും പഴക്കവും തഴക്കവും ലത്തീന്‍ സമുദായത്തിനുണ്ട് എന്നതും അഭിമാനം തന്നെ.
അടിയന്തരാവസ്ഥ നാളില്‍ സമുദായത്തിന്റെ മുഖപത്രം കേരളടൈംസ് ദിനപത്രത്തില്‍ മോണ്‍: ജോര്‍ജ് വെളിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് അടിയന്തരാവസ്ഥയോട് പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍ കേരളത്തില്‍ അങ്ങനെ പ്രതിഷേധം രേഖപ്പെടുത്തിയ രണ്ട് പത്രങ്ങളില്‍ ഒന്നായിരുന്നു നമ്മുടെ കേരള ടൈംസ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമൊത്തുള്ള വിദ്യാഭ്യാസ സമര ചര്‍ച്ചാവേളയില്‍, പ്രധാനമന്ത്രി അറിയാതെ ഉറക്കം തുങ്ങിയപ്പോള്‍, അങ്ങയുടെ ഉറക്കക്ഷീണം കഴിഞ്ഞു ചര്‍ച്ച തുടര്‍ന്നാല്‍ മതി എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മുഖാമുഖം ഡോ : ഇ.പി ആന്റണി പറഞ്ഞതും, ‘ലോകം ഭരിക്കും ലത്തീന്‍ കത്തോലിക്കന് ലോകസഭയില്‍ ആളില്ല ‘ എന്ന മുദ്രാവാക്യത്തില്‍ ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി പിതാവിന്റെ പിന്തുണയോടെ നടത്തിയ സമുദായത്തിന്റെ രാഷ്ട്രീയ നീതിക്കു വേണ്ടിയുള്ള സമ്മേളനങ്ങളും, തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതും, ലത്തീന്‍ സമുദായത്തിന്റെ പ്രതിനിധി മന്ത്രിസഭയില്‍ ഇല്ലാത്തതുകൊണ്ട് ആര്‍ച്ച്ബിഷപ് ഡോ:ജോസഫ് കേളന്തറ പിതാവിന്റെ പ്രതിഷേധവും, കെ എല്‍ സി എ സംഘടിപ്പിച്ച കണ്‍വെന്‍ഷനുകളും, അതിനെ തുടര്‍ന്നുണ്ടായ ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസിന്റെ രൂപീകരണവും, അങ്ങനെ എല്ലാം എല്ലാം എല്ലാം ……… നമ്മുടെ ചരിത്ര താളുകളില്‍ നിറഞ്ഞു നിലക്കുന്നു.
കേരളത്തിലെ ലത്തീന്‍ സഭാ സമുദായത്തിന്റെ ഉന്നത ഏകോപനസമിതിയായ, കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍, ആ പാരമ്പര്യം തുടര്‍ന്നുകൊണ്ടു പോവുക എന്നതാവണം ഈ ജൂബിലി ആഘോഷ നാളുകളില്‍, കേരളത്തിലെ ലത്തീന്‍ സഭാ സമുദായ ഏകോപന സമിതി – കെആര്‍എല്‍സിസി മുന്‍ഗണന നല്‍കേണ്ടതും.
കെആര്‍എല്‍സിസി കാല് നൂറ്റാണ്ടു പിന്നിടുന്ന ഈ ജൂബിലി നാളുകളില്‍, അപ്രിയ സത്യങ്ങള്‍ ചൂണ്ടിപറയുകയും പ്രതികരിക്കുകയും ചെയ്ത ആ നാളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടവും അനിവാര്യം തന്നെയല്ലേ ?
ഷെവ : കെ.ജെ ബര്‍ലി മാഷിനെയും, ഡോ: ഇ.പി ആന്റണിയെയും അഡ്വ: സി.വി ആന്റണിയേയും പോലുള്ളവരെ സമുദായം ഓര്‍ക്കുന്നത് ചില അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതു കൊണ്ടു കൂടിയാണ്. ശ്രീനാരായണഗുരുവും, അയ്യങ്കാളിയും, ആനി മസ്ക്രീനും, മക്തി തങ്ങളും, വി.ടി ഭട്ടതിരിപ്പാടും, പൊയ്കയില്‍ അപ്പച്ചനും, സഹോദരന് അയ്യപ്പനും….. എല്ലാം എല്ലാം ….. അപ്രിയ സത്യങ്ങള്‍ ചൂണ്ടിപ്പറഞ്ഞ്, പൊതു സമൂഹത്തില്‍ നിന്നും കടന്നുപോയവര്‍ തന്നെ.
ഡിസംബര്‍ ഒന്നാം വാരത്തില്‍ കേരളത്തിലെ ലത്തീന്‍ സമുദായം, ‘ലത്തീന്‍ സഭാ ദിനം ‘ കൊണ്ടാടുന്നു…. ആഘോഷിക്കുന്നു. കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍, ജുബിലി വര്‍ഷത്തില്‍ നടത്തപ്പെടുന്ന, സമുദായ- സഭാ- ദിനനാളുകളില് നമുക്കൊരു സ്വയം വിമര്‍ശനം അനിവാര്യം ആകുന്നില്ലേ ?. സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പു പോലെ. ലത്തീന്‍ സമുദായം, ഒരു സമുദായം എന്ന നിലയിലും കെട്ടുറപ്പിലും അധികാരി വര്ഗ്ഗങ്ങളോട്, സമുദായാഗങ്ങള്ക്ക് ബോധ്യമാകും വിധം അപ്രിയ സത്യങ്ങള്‍ ചൂണ്ടി പറയുന്നുണ്ടോ..?പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം കൈവന്നു…? അതോ …?
സമുദായത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും, സ്വസമുദായ അംഗങ്ങളോടായാലും, ഭരണകൂടങ്ങളോടായാലും സമുദായം നേരിടുന്ന യാഥാര്‍ത്ഥ്യങ്ങളും, സത്യങ്ങളും കേള്‍ക്കുന്നവര്‍ക്ക് അപ്രിയമാവുമെങ്കിലും തുറന്നു പറയേണ്ടത് അനിവാര്യമാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങളും …. അതിരുവിട്ട ആഘോഷങ്ങളും ….. ആര്‍ഭാടങ്ങളും സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന ഏന്തായാലും അത് തുറന്നു പറയുകയും നേര്‍വഴി ബോധ്യപ്പെടുത്തുകയും വേണം. കാരണം 2021-ലെ കെ ആര് എല്‍ സി സി യുടെ കണക്കെടുപ്പ് തന്നെ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്. ഒപ്പം കാലാകാലങ്ങളില്‍ ഭരിക്കുന്ന ഭരണകൂടങ്ങള്‍ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളും അംഗീകാരങ്ങളും തരാതിരുന്നാലും, അത്തരം
അപ്രിയ സത്യങ്ങള്‍ പറയുക എന്നതാണ് കാലം നമുക്ക് തരുന്ന സൂചനകളും അടയാളങ്ങളും.
അതോടൊപ്പം ഓരോ സമുദായ അംഗത്തിന്റെയും ആവശ്യനേരത്തും ആപത്തു നാളുകളിലും എന്റെ സമുദായം എന്നോടൊപ്പം ഉണ്ടാകും, എന്ന ഉറച്ച ബോധ്യം വളര്‍ത്താനും ഈ ജൂബിലി നാളുകളിലെ പദ്ധതികള്‍ക്ക് കഴിയണം. ആ വളര്‍ച്ചയുടെ നാമ്പും കൂമ്പും, പൂവും കായുമായി പരിണമിക്കുന്നതായിരിക്കും ‘എന്റെ സമുദായം എന്റെ അഭിമാനം’ എന്ന കറതീര്‍ന്ന സമുദായ ഐക്യബോധം.
കെആര്‍എല്‍സിസി യുടെ ഈ ജൂബിലി നാളുകളില്‍ കേരളത്തിലെ ലത്തീന്‍ സമുദായം ഒരു സ്വയം വിമര്‍ശനത്തിനും, സമുദായത്തിന്റെ സംഘാത ശക്തിക്കുമായി ഒരു പുതിയ പുറപ്പാടനുഭവത്തിന്റെ കാഹളധ്വനി മുഴക്കട്ടെ.
മറുമൊഴി :- യേശു തമ്പുരാന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഖണ്ഡിക്കാന്‍, ഇന്നും ഒരു അധികാരശക്തിയുടെ പക്കലും ആയുധങ്ങള്‍ ഇല്ല. വാളുകൊണ്ടോ കൈക്കരുത്ത് കൊണ്ടോ തോല്പ്പിക്കാവുന്നതല്ല ഇരുതല വാളിന്റെ മൂര്‍ച്ചയുള്ള ക്രിസ്തുവിന്റെ നിലപാടുകള്‍. അവിടെയാണ്, അമിത വിധേയത്വം ബലഹീനതയുടെ ലക്ഷണമാകുന്നത്.

