കാഞ്ഞൂർ: 1025 വർഷത്തെ വിശ്വാസ പാരമ്പര്യത്തിന്റെയും പൂർവികരുടെ വിശ്വാസസാക്ഷ്യത്തിന്റെയും ഓർമ പുതുക്കി കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ജൂബിലി സമാപനാഘോഷങ്ങൾ നവംബർ 28 മുതൽ 30 വരെ നടക്കും. ആഘോഷങ്ങൾക്ക് 28ന് തുടക്കമാകും.വൈകിട്ട് നാലിന് എറണാകുളം-അങ്കമാലി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ജോസ് പുതിയേടത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി നടക്കും.
ഫൊറോനയിലെ വൈദികർ സഹകാർമികരാകും. തുടർന്ന് 101 അംഗ ജൂബിലി കമ്മിറ്റി അംഗങ്ങളുടെ കാഴ്ചസമർപ്പണവും നടക്കും.വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. ജോയ് കണ്ണമ്പുഴ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖപ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഫാമിലി ഡയറക്ടറിയും സുവനീറും പ്രകാശനം ചെയ്യും. ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന ‘കാരുണ്യ സ്പർശം’ പദ്ധതിയുടെ ഭാഗമായി 1025 സൗജന്യ ഡയാലിസിസുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിക്കും.
ജനപ്രതിനിധികളും സഭാ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ ആശംസകൾ നേരും.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ ഇടവകയിലെ ഏഴ് സോണുകളിലായി ആരംഭിച്ച പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപ പ്രയാണം പത്തുമാസത്തെ ഭവന സന്ദർശനങ്ങൾക്കുശേഷം പള്ളിയിൽ സമാപിച്ചു. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സമാപന ആശീർവാദം നൽകി.
നവംബർ 29ന് രാത്രി 7.30ന് പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന ‘അഞ്ജു ജോസഫ് ലൈവ്’ സംഗീതപരിപാടി അരങ്ങേറും. സമാപനദിനമായ നവംബർ 30 പൂർവിക സ്മരണ ദിനമായി ആചരിക്കും. വൈകിട്ട് ആറിന് മരിച്ചവർക്കായുള്ള പ്രത്യേക തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, ജൂബിലി കൊടിയിറക്കം, നേർച്ചക്കഞ്ഞി വിതരണം എന്നിവയോടെ മൂന്നുദിവസത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.

